കൊല്ലം: ദുബായിൽ നിന്ന് ഈ മാസം 18ന് എത്തിയ 47കാരന് ഇന്നലെ കൊറോണ സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിലായ വിവിധ ആശുപത്രികളിലെ ഡോക്ടർമാർ അടക്കം രണ്ടായിരത്തോളംപേർ നിരീക്ഷണത്തിലാവാൻ സാധ്യത.
വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ ഇയാൾക്കൊപ്പം ഭാര്യയും ഭാര്യാസഹോദരിയും ഭർത്താവും അവരുടെ മക്കളും ഉണ്ടായിരുന്നു. ഈ ആറുപേരെയും ആശുപത്രിയിൽ നിരീക്ഷണത്തിലാക്കും.
അഞ്ചാലുംമൂട് പ്രാക്കുളം മഠത്തിൽമുക്കിന് സമീപം വാടക വീട്ടിലായിരുന്നു താമസം. എത്തിയ ദിവസം മുതൽ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. 25നാണ് ജില്ലാ ആശുപത്രിയിൽ രക്തവും സ്രവങ്ങളും ശേഖരിച്ചത്. ഇന്നലെ വൈകിട്ട് പരിശോധന ഫലം പോസിറ്റീവാണെന്ന് അറിഞ്ഞ ഉടൻ പ്രത്യേക ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
നിരീക്ഷണത്തിൽ പോകേണ്ടിവരുന്നവർ
1.ചികിത്സ തേടിയ രണ്ട് സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ,അവർ പരിശോധിച്ച മറ്റ് രോഗികൾ, ജീവനക്കാർ.
2.പി.എച്ച്.സിയിലെ ഡോക്ടർമാർ, അവർ പരിശോധിച്ച മറ്റ് രോഗികൾ, ജീവനക്കാർ.
3.രോഗബാധിതൻ തിരുവനന്തപുരത്തുനിന്ന് കൊല്ലത്ത് എത്തിയ കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടർ, തൊട്ടടുത്തിരുന്ന് യാത്രചെയ്തവർ, അവരുമായി സമ്പർക്കത്തിലായവർ.
4. തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് തമ്പാനൂർ വരെയും കൊല്ലം സ്റ്റാൻഡിൽ നിന്ന് പ്രാക്കുളം വരെയും സഞ്ചരിച്ച ആട്ടോറിക്ഷകളിലെ ഡ്രൈവർമാർ, ഇവരുമായി സമ്പർക്കം പുലർത്തിയവർ
5.ഇവരെയെല്ലാം കണ്ടെത്തുന്ന മുറയ്ക്ക് വീടുകളിലോ പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷൻ കേന്ദ്രങ്ങളിലോ നിരീക്ഷണത്തിൽ പാർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |