കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടാനുള്ള കരുതൽ നടപടികൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങളിലും ആത്മവിശ്വാസം വളർത്തുന്നതാണ് ഇതിനകം പ്രഖ്യാപിച്ച കരുതൽ പാക്കേജുകൾ. കേന്ദ്രം കഴിഞ്ഞ ദിവസം കൊണ്ടുവന്ന 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രധാനമായും സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ഉദ്ദേശിച്ചുള്ളതാണ്. രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ ആഴവും പരപ്പും വച്ചു നോക്കുമ്പോൾ കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് അപര്യാപ്തമാണെന്ന് വിമർശനം ഉയരാമെങ്കിലും നിലവിലെ സാഹചര്യങ്ങൾ വച്ചുനോക്കുമ്പോൾ ഏറെ ക്രിയാത്മകമെന്നുതന്നെ പറയാം.
എൺപതു കോടി ആളുകൾക്ക് സൗജന്യമായി ധാന്യം നൽകുന്നതും ജൻധൻ അക്കൗണ്ടുള്ള 20 കോടി സ്ത്രീകൾക്ക് മൂന്നുമാസം 500 രൂപ നൽകുന്നതും വരുമാനം കുറഞ്ഞ കുടുംബങ്ങളിലെ വയോജനങ്ങൾക്ക് 1000 രൂപയുടെ സഹായവും തൊഴിലുറപ്പു വേതന വർദ്ധനയും ഉജ്ജ്വല പദ്ധതിയിൽ ഉൾപ്പെടുന്ന എട്ടുകോടിയിൽപ്പരം കുടുംബങ്ങൾക്ക് മൂന്നുമാസം സൗജന്യമായി പാചകവാതകം നൽകുന്നതുമൊക്കെ അഭിനന്ദനമർഹിക്കുന്ന ക്ഷേമകാര്യങ്ങളാണ്. മഹാമാരിയുടെ കാലത്ത് ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ നൽകാനുള്ള തീരുമാനവും ശ്ളാഘനീയമാണ്.
21 ദിവസത്തെ ലോക്ക് ഡൗണിനെത്തുടർന്ന് ജീവിതമാർഗംമുട്ടിയ കോടിക്കണക്കിന് ജനങ്ങളിൽ ആത്മവിശ്വാസം വളർത്താൻ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക പാക്കേജുകൾ ഉപകരിക്കുമെന്നു തീർച്ച. ഇനി വേണ്ടത് പ്രഖ്യാപിച്ച ഈ സഹായങ്ങൾ കൃത്യമായി അർഹരിൽത്തന്നെ എത്രയും വേഗം എത്തിക്കുക എന്നതാണ്. നടപടിക്രമങ്ങളിൽ പരമാവധി കുരുക്കുകൾ ഒഴിവാക്കണം. സഹായ വിതരണം അങ്ങേയറ്റം സുതാര്യവുമാകണം. വിതരണദൗത്യം ഏല്പിക്കുന്ന ഉദ്യോഗസ്ഥന്മാർ സഹായ മനസ്ഥിതിയുള്ളവരായിരിക്കാൻ പ്രത്യേക നിഷ്കർഷ വേണം. സഹായത്തിനു സമീപിക്കുന്ന പാവങ്ങളെ നിഷ്കരുണം ആട്ടിയോടിക്കുന്ന പതിവു സമീപനം ഈ പരീക്ഷണ കാലത്ത് ആരും പുറത്തെടുക്കരുത്.
സംസ്ഥാന സർക്കാർ കൊറോണ പ്രതിരോധ രംഗത്ത് ഇതിനകം സ്വീകരിച്ച പല നടപടികളും രോഗവ്യാപനം ഗണ്യമായി തടയാൻ ഉപകരിച്ചിട്ടുണ്ട്. അതിനിടയിലും സർക്കാർ മാർഗനിർദ്ദേശങ്ങൾ ലംഘിക്കാൻ ചിലർ മുതിർന്നതിന്റെ ദുരന്തഫലങ്ങൾ സമൂഹം ഒന്നാകെ ഏറ്റെടുക്കേണ്ടിവന്നിട്ടുമുണ്ട്. ഇപ്പോഴും അങ്ങിങ്ങ് അത്തരം അതിരുവിട്ട സംഭവങ്ങൾ നടക്കുന്നുണ്ടെന്നുള്ളത് ദുഃഖകരമാണ്. തൊടുപുഴയിൽ രോഗിയാണെന്നറിയാതെ നാടു മുഴുവൻ സഞ്ചരിച്ച ജനപ്രതിനിധിയും നിരീക്ഷണത്തിൽ കഴിയാൻ ബാദ്ധ്യസ്ഥനായിട്ടും ആരുമറിയാതെ അന്യദേശത്തേക്കു മുങ്ങിയ കൊല്ലം സബ് കളക്ടറും നിരീക്ഷണത്തിൽ നിന്നു ചാടിപ്പോയി പൊലീസിന് ജോലിയുണ്ടാക്കിയ സാധാരണക്കാരുമൊക്കെ സമൂഹത്തിന് നല്ല മാതൃകകളല്ല.
കൊറോണയുടെ സമൂഹ വ്യാപനത്തിൽ നിന്ന് രാജ്യം ഇപ്പോഴും ഒഴിഞ്ഞുനിൽക്കുന്നുവെന്നത് ഏറ്റവും വലിയ ആശ്വാസമാണ്. എന്നിരുന്നാലും അത്തരത്തിലൊരു സ്ഥിതി ഉണ്ടായാൽ നേരിടാനാവശ്യമായ തയ്യാറെടുപ്പുകൾക്ക് ഒരു കുറവും വരുത്തിക്കൂടാ.സംസ്ഥാന സർക്കാരും അതിവിപുലമായ മുന്നൊരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു എന്നാണു മനസിലാക്കുന്നത്. സർക്കാരും തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും സന്നദ്ധ സംഘടനകളുമെല്ലാം ഈ യത്നത്തിൽ മുഴുകിയിരിക്കുകയാണ്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെ സഹായിക്കാൻ യുവാക്കൾ മാത്രം ഉൾക്കൊള്ളുന്ന സന്നദ്ധ സേന രൂപീകരിക്കാനുള്ള സർക്കാർ നീക്കം സ്വാഗതാർഹമാണ്. 22-നും 40നുമിടയ്ക്ക് പ്രായമുള്ളവരെയാണ് സേനാംഗങ്ങളായി ഉൾപ്പെടുത്തുന്നത്. വീടുകളിൽ ഭക്ഷണവും ഭക്ഷ്യവസ്തുക്കളും എത്തിക്കുക, ആശുപത്രികളിൽ രോഗികൾക്ക് കൂട്ടിരിക്കുക, സഹായത്തിന് ആളില്ലാത്ത വീടുകളിൽ വേണ്ട സഹായങ്ങൾ ചെയ്യുക, അവശ്യസാധന വിതരണത്തിൽ പങ്കാളികളാകുക തുടങ്ങി അത്യാവശ്യം വേണ്ട എല്ലാ സഹായവും സന്നദ്ധ സേനാംഗങ്ങൾ ചെയ്യും. അതാതിടങ്ങളിലെ തദ്ദേശ സ്ഥാപനങ്ങൾക്കായിരിക്കും ഇവരുടെ മേൽനോട്ടം. കൂടുതൽ പ്രതിസന്ധി ഘട്ടമുണ്ടായാൽ ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇവർ മുതൽക്കൂട്ടാകും.
ഭക്ഷണശാലകൾ അടഞ്ഞതോടെ അന്നം മുട്ടിയവരെ സഹായിക്കാനായി കുടുംബശ്രീ രംഗത്തു വന്നിട്ടുണ്ട്. വീടുകളിൽ ആഹാരമുണ്ടാക്കാൻ കഴിയാത്തവർക്കും ആശുപത്രി രോഗികൾക്കും ഉൾപ്പെടെയുള്ളവരെ ഉദ്ദേശിച്ചാണ് ഈ സംരംഭം. അടുത്ത ഏതാനും ദിവസങ്ങൾ കൊണ്ട് എല്ലായിടത്തും കുടുംബശ്രീ വക ഊണു ലഭ്യമാകും. കൊറോണ ഭീതിക്കിടയിലും ആരും സംസ്ഥാനത്ത് പട്ടിണി കിടക്കരുതെന്ന സർക്കാരിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് കുടുംബശ്രീ ഉൾപ്പെടെ സമൂഹ അടുക്കളയ്ക്കു പിന്നിൽ പ്രവർത്തിക്കുന്ന വലിയ കൂട്ടായ്മ.
കൊറോണ കൂടുതൽ വ്യാപിക്കുന്ന സാഹചര്യമുണ്ടായാൽ ഇപ്പോഴത്തെക്കാൾ വിപുല തോതിലുള്ള ആശുപത്രി സൗകര്യങ്ങളും അനുബന്ധ സജ്ജീകരണങ്ങളും വേണ്ടിവരും. അതിനായുള്ള ഏർപ്പാടുകളും ചെയ്തുകൊണ്ടിരിക്കുകയാണ്. സ്വകാര്യ മേഖലയിലെ ആശുപത്രികളെയും ഇതിനായി ഉൾപ്പെടുത്തേണ്ടിവരും. നൂറുകണക്കിനു കിടക്കകളും മറ്റ് അവശ്യ ഉപകരണങ്ങളും പുതുതായി ഒരുക്കേണ്ടിവരും. അത്യാവശ്യ ഘട്ടമുണ്ടായാൽ താത്കാലിക ആശുപത്രികൾ തന്നെ സജ്ജീകരിക്കേണ്ട സ്ഥിതിയുമുണ്ടാകും. സംശയമുള്ള രോഗികൾ ക്രമാതീതമായി വർദ്ധിച്ചാൽ കോളേജുകളുൾപ്പെടെ പല കെട്ടിടങ്ങളും താത്കാലിക ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റേണ്ടിവരും. അങ്ങനെയൊരു സ്ഥിതി ഉണ്ടാകാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം. അപകടകരവും ഭീതിദവുമായ നിലയിലേക്ക് രോഗം പടരാതിരിക്കാൻ ജനങ്ങൾ നിർബന്ധപൂർവം വിചാരിച്ചാലേ സാദ്ധ്യമാകൂ എന്ന വലിയ സത്യം ഓരോരുത്തരുടെയും മുന്നിലുണ്ട്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അക്ഷരം പ്രതി പാലിക്കാൻ തയ്യാറായാൽ ഈ മഹാമാരിയെ ഏറെ പണിപ്പെട്ടാണെങ്കിലും പിടിച്ചുകെട്ടാൻ നമുക്കു കഴിയും. ഒത്തൊരുമിച്ചുനിന്ന് പ്രവർത്തിക്കണമെന്നു മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |