തിരുവനന്തപുരം: ഭാര്യയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ചുകൊന്ന് കെട്ടിത്തൂക്കിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. പോത്തൻകോട് നന്നാട്ടുകാവ് ജി.വി.എൻ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന വാമനപുരം സ്വദേശിയും ആട്ടോ ഡ്രൈവറുമായ ആദർശ് (26) ആണ് പോത്തൻകോട് പൊലീസിന്റെ പിടിയിലായത്. വേറ്റിനാട് ഐക്കുന്നം ശിവാലയം വീട്ടിൽ രാജേന്ദ്രൻ ലീന ദമ്പതികളുടെ മൂത്തമകൾ കൃഷ്ണേന്ദു (24) ആണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ 23ന് ആയിരുന്നു സംഭവം.
സ്കൂൾ കാലംതൊട്ട് പ്രണയത്തിലായിരുന്ന ഇവർ കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരായത്. സ്ഥിരം മദ്യപാനിയാണ് ആദർശ്. ഇതിനെച്ചൊല്ലി ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നു. സംഭവദിവസം പോത്തൻകോട് ബിവറേജസ് ഒൗട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങിയ ആദർശ് വീട്ടിലിരുന്ന് മദ്യപിച്ചു. തുടർന്ന് കൃഷ്ണേന്ദുവിനെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. പിന്നീട് മുണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കുകയായിരുന്നു. പിറ്റേന്ന് മൃതദേഹം അഴിച്ചെടുത്ത് മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചു. തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് ആശുപത്രിയിൽ അറിയിച്ചത്. മൃതദേഹ പരിശോധന നടത്തുന്നതിനിടെ കൃഷ്ണേന്ദുവിന്റെ ശരീരത്തിൽ കണ്ട പാടുകളാണ് പൊലീസിന് സംശയത്തിനിടനൽകിയത്.
തുടർന്ന് ആദർശിനെ പൊലീസ് രഹസ്യമായി നിരീക്ഷിച്ചു. മരണസമയത്ത് കൃഷ്ണേന്ദു അണിഞ്ഞിരുന്ന ആഭരണങ്ങൾ നൽകാം എന്നുപറഞ്ഞ് വിളിച്ചുവരുത്തിയാണ് ആദർശിനെ അറസ്റ്റുചെയ്തത്. ഇയാൾ കുറ്റംസമ്മതിച്ചു. ആറ്റിങ്ങൽ ഡിവൈ.എസ്.പി ബേബി,പോത്തൻകോട് സി.ഐ ഡി.ഗോപി, എസ്.ഐ അജീഷ്. വി, അഡീഷണൽ എസ്.ഐ രവീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |