ദസ്തയേവ്സ്കി എന്ന റഷ്യൻ ഇതിഹാസകാരൻ കേരളം കണ്ടിട്ടില്ല. തിരുവനന്തപുരത്തെ പൂജപ്പുരയിലും വന്നിട്ടില്ല. പക്ഷേ പൂജപ്പുരയ്ക്ക് സമീപം തമലത്തെ വീട്ടിലിരുന്ന് പെരുമ്പടവം ശ്രീധരനോട് സംസാരിച്ചാൽ ആ ധാരണ തിരുത്തേണ്ടിവരും. ദസ്തയേവ്സ്കി പൂജപ്പുര മണ്ഡപത്തിൽ വന്നിട്ടുണ്ട്. പെരുമ്പടവുമായി സംസാരിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവും രമണമഹർഷിയും പോലെ. ഒരു വാക്കുപോലും മിണ്ടാതെ ഹൃദയം കൊണ്ട് വാചാലമായ സംവാദം. മണ്ഡപം ചുറ്റി സായാഹ്നങ്ങളിൽ നടന്നിട്ടുണ്ട്. പെരുമ്പടവം വിളിച്ചാൽ ദസ്തയേവ്സ്കിക്ക് വരാതിരിക്കാനാകില്ല. കാരണം പതിനാറു വയസ് മുതൽ തന്നെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന എഴുത്തുകാരൻ. ഭാവനയുടെ ഉന്മാദമെന്നോ എഴുത്തിന്റെ ഭ്രാന്തെന്നോ പറയാവുന്ന അവസ്ഥയിൽ താൻ ജന്മം നൽകിയ കഥാപാത്രങ്ങളുടെ ഒരു വളർത്തച് ഛൻ. ഹൃദയത്തെതന്നെ സങ്കീർത്തനമാക്കി മുട്ടുകുത്തി പ്രാർത്ഥിച്ച ആരാധകൻ. എങ്ങനെ വരാതിരിക്കും ദസ്തയേവ്സ്കി?
പൂജപ്പുര മണ്ഡപം വാഗ്ദേവതയുടെ ഒരു സന്നിധി മാത്രമല്ല. ജീവിതത്തിന്റെ ഒരു എഴുത്തുപുര കൂടിയാണ്. തൊട്ടടുത്താണ് 'കുറ്റവം ശിക്ഷയും" പേറുന്ന തടവുകാർ പാർക്കുന്ന ജയിൽ. കുറേ മുന്നോട്ട് പോയാൽ പാങ്ങോട് സൈനിക ക്യാമ്പായി. ജീവിതത്തിന്റെ രണ്ടുമുഖങ്ങൾ. ദസ്തയേവ്സ്കിയുടെ പ്രിയപ്പെട്ട രണ്ടു പണിശാലകൾ.
പൂജപ്പുര വലംവച്ച് സാഹിത്യത്തിന്റെയും സിനിമയുടെയും വരപ്രസാദമണിഞ്ഞവർ നിരവധി. കെ. സുരേന്ദ്രൻ, കേശവദേവ്, പി. പത്മരാജൻ, ജഗതി എൻ.കെ. ആചാരി,ജി. വിവേകാനന്ദൻ, എൻ. മോഹനൻ, നടന്മാരായ മോഹൻലാൽ, ജഗതി ശ്രീകുമാർ, സംവിധായകൻ പ്രിയദർശൻ. പൂജപ്പുര മണ്ഡപവും പെരുമ്പടവത്തിന്റെ ചില കൃതികളും തമ്മിൽ ഒരു ആത്മീയ ബന്ധമുണ്ട്. പ്രത്യേകിച്ച് ഒരു സങ്കീർത്തനം പോലെ, നാരായണം എന്നിവയ്ക്ക്.
തിരുവനന്തപുരത്ത് വന്നപ്പോൾ പെരുമ്പടവത്തിന് രണ്ടു ഗുരുക്കന്മാരെ കിട്ടി. കെ. സുരേന്ദ്രനും ജി. വിവേകാനന്ദനും. വിവേകാനന്ദൻ സൗഹൃദങ്ങളുടെ ഗുരു. അദ്ദേഹത്തിന്റെ പരിചയക്കത്തുമായി വഴുതയ്ക്കാട് പോയി. കണ്ണുകളിലും ഹൃദയത്തിലും വക്കിലും ആഴങ്ങളൊളിപ്പിച്ച കെ. സുരേന്ദ്രനെ കണ്ടു. അദ്ദേഹം ആത്മീയ ഗുരുവായി. ദസ്തയേവ്സ്കിയെക്കുറിച്ച് കെ. സുരേന്ദ്രൻ ഈടുറ്റ പുസ്തകം രചിച്ചിട്ടുണ്ട്. ദസ്തയേവ്സ്കിയുടെ കഥ. അതു പെരുമ്പടവത്തിന് മനഃപാഠം. കൗമാരം മുതലേ ദസ്തയേവ്സ്കിയോടു തോന്നിയ ആരാധന അദ്ദേഹത്തിന്റെ എല്ലാ കൃതികളും കുറിപ്പുകളും വായിച്ചിട്ടും പെരുമ്പടവത്തിന് ശമിച്ചില്ല. ചിന്തകളും സംശയങ്ങളുമാകട്ടെ കൂടിക്കൂടി വന്നു.
ദസ്തയേവ്സ്കിയുടെ കഥാപാത്രങ്ങൾ തന്നെ സ്വർണത്തരികൾ. ജീവിതം ഖനനം ചെയ്തു കിട്ടിയ തരികൾ. അപ്പോൾ അവയെ ഗർഭം ധരിച്ച സ്വർണഖനിയുടെ തിളക്കം എന്താവും? ശക്തരായ കഥാപാത്രങ്ങളെ സൃഷ്ടിച്ച ദസ്തയേവ്സ്കിയുടെ ശക്തി എന്തായിരിക്കും? ഒരു സായാഹ്നസവാരിക്കിടെ ആത്മീയ ഗുരുവുമായി പെരുമ്പടവം ആ സംശയം പങ്കുവച്ചു കൊള്ളാം. നല്ല ചിന്ത. തുടങ്ങിക്കോ. കെ. സുരേന്ദ്രൻ പച്ചക്കൊടി വീശി. പിന്നെ എഴുത്തിന്റെ ഒരു പാച്ചിലായിരുന്നു. ഭാവനയുടെ കൽക്കരി വണ്ടിയിലും ധ്യാനത്തിന്റെ കുതിരവണ്ടിയിലുമായി സെന്റ് പീറ്റേഴ്സ് ബർഗിലെത്തി. നിത്യേന പലവട്ടം. ഓരോ തവണയും തെരുവിന്റെ മുഖം മാറുന്നു. ഭാവം മാറുന്നു. കാഴ്ചകൾ മാറുന്നു.
വിജനമായ തെരുവുകൾ. രാത്രിയുറങ്ങാൻ വിധിയില്ലാത്ത തെരുവുവിളക്കുകൾ. തെരുവോരത്തെ വൃത്തിഹീനമായ ഒരു ലോഡ്ജ് മുറി. വില്പനക്കാരനിൽ നിന്ന് കടം വാങ്ങിയ ഒരു ഗ്ലാസ് പാലും റൊട്ടിയും. അതിനു സമീപം ചിന്താമഗ്നനായി ദസ്തയേവ്സ്കി. കടം വാങ്ങിയ മെഴുകുതിരി വെട്ടത്തിൽ എഴുത്തോടെഴുത്ത്. എഴുതിത്തീർന്നപ്പോൾ വിയർപ്പിൽ കുളിച്ചമുഖത്ത് ഒരു ചന്ദ്രക്കലവെട്ടം. ദസ്തയേവ്സ്കിക്കൊപ്പം കാതങ്ങൾ നടന്നു. ചില തെരുവുകൾ കാട്ടിത്തന്നു. ദുഃഖം മറന്ന് ദാരിദ്ര്യത്തെ വെല്ലുവിളിക്കുന്ന മദാലസയായ ചൂതാട്ട കേന്ദ്രങ്ങൾ. സമയം കുഴഞ്ഞു വീഴുന്ന മദ്യശാലകൾ. ഒന്ന് സ്പർശിക്കുകപോലും ചെയ്യാതെ ജീവിതകഥ കേൾക്കാൻ മാത്രം കൂട്ടിക്കൊണ്ടുവന്ന അഭിസാരികയ്ക്കൊപ്പം ചെലവിടുന്ന രാത്രികൾ.
ഏകാന്തതയ്ക്കും തിരക്കിനുമിടയിൽ ഇടയ്ക്കിടെ സെന്റ് പീറ്റേഴ്സ് ബർഗിലേക്ക് പോയിവരും. ഒരു നയാപ്പൈസയുടെ ചെലവില്ല. ഭാര്യ ലൈല പോലും അറിയില്ല മനസിന്റെ ആ നിഗൂഢയാത്രകൾ. ഒരു ദിവസം രാത്രി ഉറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. നെഞ്ചിൽ വല്ലാത്തഭാരം. ഹൃദയത്തിന്റെ ഇടനാഴിയിൽ ചില കാൽപ്പെരുമാറ്റങ്ങൾ. കുത്തിക്കെടുത്തിയിട്ടും കണ്ണടയ്ക്കാത്ത ചില പന്തങ്ങൾ. ചൂതുകളി കേന്ദ്രത്തിൽ നിന്ന് തോറ്റ് തുന്നം പാടി വരികയാണ് ദസ്തയേവ്സ്കി. സകലയാതനകളും വേദനകളും ആമുഖത്തുണ്ട്. ദസ്തയേവ്സ്കിയുടെ മുറിവുകളുണങ്ങാത്ത ഓർമ്മയ്ക്ക് മുന്നിൽ പെരുമ്പടവം മുട്ടുകുത്തി നിന്നു. 'എന്നെ അനുഗ്രഹിക്കണേ" എന്ന പ്രാർത്ഥനയോടെ. ആ പ്രാർത്ഥന കനൽപോലെ നീറിക്കൊണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ ഏതോദിക്കിൽ നിന്ന് ഒരു വാക്യം ചിറകടിച്ചു വന്നു. 'ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയൊപ്പുള്ള എഴുത്തുകാരൻ ദസ്തയേവ്സ്കി" എന്നെഴുതിക്കഴിഞ്ഞപ്പോൾ ശരീരമൊന്നുവിറച്ചു വിയർത്തു. പിന്നെ സുഖമായുറങ്ങി. രാത്രിയിലെപ്പോഴോ ഭാര്യ ലൈറ്റണച്ചിരിക്കാം.
പൂജപ്പുര മണ്ഡപത്തിന് സമീപം വച്ച് 'ഒരു സങ്കീർത്തനം പോലെ"യുടെ കൈയെഴുത്തു പ്രതി കെ. സുരേന്ദ്രന് കൈമാറി. ഗൗരവം കലർന്ന ഒരു നോട്ടം പിന്നെ ഒരു പിശുക്കൻ ചിരി.ഒന്നുരണ്ടു ആഴ്ച കഴിഞ്ഞു. ഒരനക്കവുമില്ല. നേരെ ഗുരുവിന്റെ വീട്ടിലേക്ക് വിട്ടു. നല്ല സുഖമില്ല. ജലദോഷമാണ്. മുഖത്ത് വലിയ തെളിച്ചമില്ല. നോവൽ ഇഷ്ടപ്പെട്ടുകാണില്ലായിരിക്കും. തോറ്റു തുന്നം പാടിയ ദസ്തയേവ്സ്കിയുടെ ഹൃദയഭാരവുമായി പെരുമ്പടവം മടങ്ങി.
ഒരുദിവസം ഓർക്കാപ്പുറത്ത് ആത്മീയ ഗുരുവിന്റെ ഫോൺ. ഞാൻ വരാം പൂജപ്പുരയിൽ. നമുക്കിന്ന് നടക്കാം. തെറ്റുകുറ്റങ്ങൾ പറയാനായിരിക്കുമോ? എന്തായാലും കൃത്യസമയത്ത് പൂജപ്പുരയിലെത്തി. അതിനുമുമ്പേ വന്നു നില്പാണ് ഗുരു. അല്പനേരം മിണ്ടാട്ടമില്ല. മുഖത്ത് സൂക്ഷിച്ചു നോക്കുന്നുമുണ്ട്. ആ മുഖത്ത് വല്ലാത്ത തേജസ്. പിന്നെ മൗനം കാച്ചിക്കുറുക്കി ഏതാനും വാക്കുകൾ. 'വായിച്ചു കിടുങ്ങിപ്പോയി ശ്രീധരൻ ദൈവവിശ്വാസിയല്ലായിരിക്കും. പക്ഷേ ഹൃദയത്തിൽ ദൈവം ഉണ്ടാകണം. അല്ലെങ്കിൽ ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയൊപ്പ് എന്നെഴുതാനാവില്ല." ഈ കൃതിയുടെ അടയാളവാക്യമാണത്. ആത്മീയ ഗുരുവിന്റെ ആദ്യത്തെ അംഗീകാരം. പിന്നെ രാജ്യത്തിനകത്തും പുറത്തുമായി എത്രയെത്ര പുരസ്കാരങ്ങൾ.
ഒരു സങ്കീർത്തനം പോലെ പ്രസിദ്ധീകരിച്ചിട്ട് 26 വർഷം കഴിഞ്ഞു. ഇതിനകം 116 പതിപ്പുകൾ. നാലുലക്ഷം കോപ്പികൾ. ശ്രേഷ്ഠഭാഷയായ മലയാളത്തിന്റെ മറ്റൊരു അഭിമാനം. നോവലിറങ്ങി കാൽ നൂറ്റാണ്ടിനുശേഷമാണ് നോവലിസ്റ്റ് റഷ്യ കാണുന്നതും സെന്റ് പീറ്റേഴ്സ് ബർഗിലെ തെരുവുകളിലൂടെ നടക്കുന്നതും. അത് എഴുത്തുകാരന്റെ മനോസഞ്ചാരവിജയം. ഹിന്ദി, കന്നട, തമിഴ്, മറാത്തി, ആസാമീസ് എന്നീ ഭാരതീയ ഭാഷകളിലും ഇംഗ്ളീഷ്, അറബി, ജർമ്മൻ, ഈജിപ്ഷ്യൻ, റഷ്യൻ തുടങ്ങിയ വിദേശഭാഷകളിലും പരിഭാഷകൾ.
ശ്രീനാരായണ ഗുരുവിന്റെ ജീവിതം പശ്ചാത്തലമാക്കി നോവൽ കേരളകൗമുദി ആവശ്യപ്പെട്ടപ്പോൾ ആദ്യം ഭയന്നു. നിത്യവും ഉറങ്ങുന്നതിനുമുമ്പും ഉണരുമ്പോഴും കാണുന്നത് ഗുരുവിന്റെ ചിത്രം. അത് ഡയറിയിലും മനസിലും സൂക്ഷിക്കുന്നു. ആത്മീയ ഗുരുവായ കെ. സുരേന്ദ്രൻ 'ഗുരു" എന്ന നോവലെഴുതി വിജയക്കൊടിനാട്ടിയിട്ടുണ്ട്. എങ്ങനെ ഭയം തോന്നാതിരിക്കും. എന്തായാലും ഗുരുവിനെ മനസിൽ ധ്യാനിച്ചുകൊണ്ട് ചെമ്പഴന്തിയിൽ പോയി. വയൽവാരത്തിന്റെ അപാരതകണ്ടു. കുന്നുംപാറയിലെ കടൽ കണ്ടു. അരുവിപ്പുറത്ത് ചരിത്രം തിരുത്തിയ നെയ്യാർ കണ്ടു. ശിവഗിരിയിൽ മനുഷ്യവംശത്തിന്റെ മഹാസന്ദേശഗോപുരം ദർശിച്ചു. മരുത്വാമലയിൽ ധ്യാനത്തിന്റെ സൂര്യോദയം കണ്ടു. പിന്നെ പലവട്ടം പൂജപ്പുരയിലൂടെ ഗുരുവിന്റെ നിഴലിനെ അനുഗമിച്ചു. പ്രാർത്ഥനയോടെ 'നാരായണ"ത്തിൽ ഗുരുവിന്റെ കാൽക്കീഴിൽ നിന്ന് ഭൂമി തെന്നിപ്പോയി എന്നെഴുതിയ നിമിഷം വരെ നീറുന്ന പ്രാർത്ഥനയായിരുന്നു.
'നിഗമം വ്യോമം" 'ഉള്ളൊരു നിർവികാരരൂപം', 'അന്യം പൊലിഞ്ഞു പൂർണമാകും", 'ത്രിഭൂവന സീമ കടന്നുതിങ്ങിവിങ്ങും ത്രിപുടി". ഹൊ! ഋഷികവിയായ ഗുരുവിന്റെ ഭാവനസ്പർശിക്കുന്ന ദൃശ്യങ്ങൾ അപാരം.
ദസ്തയേവ്സ്കി കവിതയുടെ ആരാധകനായിരുന്നു പുഷ്കിന്റെ കവിതകളോടായിരുന്നു പ്രണയം. പെരുമ്പടവത്തിനും കവിതയോടാണ് പ്രിയം. കാച്ചിക്കുറുക്കിയ കടലാണല്ലോ കവിത. ആശാൻ കവിതകളോട് പ്രത്യേക മമത. ജീവിതത്തിൽ ആദ്യം ചൊല്ലിയത് ദൈവദശകം. കുട്ടിക്കാലത്ത് അമ്മ ആ വരികൾ ചൊല്ലും. ആരെഴുതിയതെന്ന് നിശ്ചയമില്ല.
ദൈവദശകം ചൊല്ലാനിടയായത് രസകരമാണ്. പെരുമ്പടവം വള്ളിനിക്കറിട്ടുനടക്കുന്ന പ്രായം. പെരുമ്പടവത്തെ ഒരു വായനശാലയിൽ വിശേഷാൽ ചടങ്ങ് എസ്.എൻ.ഡി.പി ശാഖയുടെ സെക്രട്ടറിയായ പി.എം. രാമൻ ഒരു സാഹിത്യവിശാരദൻ. ചടങ്ങിൽ രണ്ട് വാക്ക് പറയാൻ വിളിച്ചു. പെരുമ്പടവം വഴങ്ങിയില്ല. എന്നാൽ ഒരു പാട്ടാകട്ടെ എന്നായി സംഘാടകൻ കൂടിയായ രാമൻ സാർ. അമ്മ ചൊല്ലാറുള്ള ദൈവമേ കാത്തുകൊൾകങ്ങ് വച്ച് കാച്ചി. കുട്ടിയായതുകൊണ്ടാകാം സദസ് സഹിച്ചു. ഇറങ്ങിവരുമ്പോൾ രാമൻ സാർ തോളിൽ തട്ടി അഭിനന്ദിച്ചു. പാടിയത് ശ്രീനാരായണഗുരുവിന്റെ വരികളാണല്ലോ. ശ്രീനാരായണ ഗുരു ഒരു മിന്നലായി മനസിൽ പ്രകാശിച്ചു. ഇന്ന് ആലോചിക്കുമ്പോൾ വല്ലാത്ത വിസ്മയം. പൊതുചടങ്ങിൽ ആദ്യം ചൊല്ലുന്നത് ദൈവമേ കാത്തുകൊൾകങ്ങ് എന്ന പ്രാർത്ഥന. ഗാനഗന്ധർവനായ യേശുദാസ് സിനിമയ്ക്കുവേണ്ടി ആദ്യം പാടിയതും ഗുരുവിന്റെ വരികളാണല്ലോ. സങ്കീർത്തനം പോലെയുടെ അടയാളവാക്യമായത് ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയൊപ്പും. ഏതിലും ഗുരുകൃപ. ദൈവകൃപ.
പരമ്പരാഗത സങ്കല്പമനുസരിച്ചുള്ള ഒരു ദൈവവിശ്വാസിയല്ല പെരുമ്പടവം. അതേസമയം വിജയത്തിന്റെ കാല്പാടുകളെല്ലാം ദൈവമയം തന്നെ. ഒരു സങ്കീർത്തനം പോലെയിൽ അദ്ദേഹം ഇങ്ങനെ എഴുതുന്നു: ദൈവം സാക്ഷി നിൽക്കുന്ന ഒരു നിമിഷം. ദൈവം കാവൽ നിൽക്കുന്ന ഒരു നിമിഷം. ആ നിമിഷത്തിന്റെ അദൃശ്യമായ പ്രേരണയ്ക്ക് കീഴടങ്ങി ദസ്തയേവ്സ്കി വഴിയരികിൽ വച്ച് അന്നയെ കെട്ടിപ്പുണർന്നു.
ദസ്തയേവ്സ്കിയുടെ കഥയും കഥാപാത്രങ്ങളും കേട്ടെഴുതാൻ വന്നതായിരുന്നു അന്നയെന്ന പെൺകുട്ടി. ഒടുവിലവൾ കഥാകൃത്തിന്റെ ഹൃദയവും കണ്ടെഴുതി. പെരുമ്പടവത്തിന്റെ ജീവിതപങ്കാളി ലൈലയ്ക്കുമുണ്ട് അന്നയുടെ മുഖഛായ. അവർ വന്നത് പെരുമ്പടവത്തിന്റെ ജീവിതം തന്നെ പകർത്തിയെഴുതാനായിരുന്നു. തിരുത്തിയെഴുതാനെന്നും പറയാം.
1965 ൽ പെരുമ്പടവം തിരുവനന്തപുരത്തേക്ക് ചേക്കേറുമ്പോൾ കൈയിൽ ഒരു ട്രങ്കുപ്പെട്ടി. ഒപ്പം ലൈലയെന്ന പ്രണയിനിയും. ട്രങ്കിൽ ഒരു കൈയെഴുത്തു പ്രതിയുണ്ടായിരുന്നു. അഭയമെന്ന നോവലിന്റെ. ഇല്ലായ്മയുടെ നാളുകളിൽ കേരളശബ്ദത്തിന്റെ നോവൽ മത്സരത്തിലേക്ക് അതയ്ക്കാൻ നിർബന്ധിച്ചതും ലൈല. മത്സരത്തിൽ ഒന്നാം സമ്മാനം. തിരുവനന്തപുരത്ത് ഒരഭയമുണ്ടാക്കിയത് ആ കൃതിയാണ്.
പെരുമ്പടവം ഗ്രാമത്തിൽ നിന്ന് വിധി ആട്ടിപ്പുറത്താക്കുമ്പോൾ മുന്നിൽ ശൂന്യതയായിരുന്നു. ഒരു സങ്കീർത്തനംപോലെ നേട്ടങ്ങൾ കൊയ്തപ്പോൾ പെരുമ്പടവത്ത് സ്ഥലം വാങ്ങി ഒരു വീടുവയ്ക്കണമെന്ന് പ്രേരിപ്പിച്ചതും ഭാര്യതന്നെ. തമലത്തെ വീട് 'പെരുമ്പടവം". പെരുമ്പടവത്തെ വീടിന് പഴയ തറവാട്ടു പേരിട്ടു. 'അരിയപ്പനായിൽ". എങ്കിലും യാത്രകഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ഇപ്പോൾ കാത്തിരിക്കാൻ ലൈലയില്ല. കുട്ടിക്കാലത്ത് തൊട്ടുമുന്നിൽ കണ്ട ആ ശൂന്യതയെ കഴിഞ്ഞ മൂന്നുവർഷമായി പെരുമ്പടവം വീണ്ടും അഭിമുഖീകരിക്കുന്നു.
ചൂതാട്ടത്തിൽ ജയിക്കുകയും തോറ്റ് തുന്നം പാടുകയും ചെയ്ത ദസ്തയേവ്സ്കിയും പെരുമ്പടവവും തമ്മിൽ ചില സാദൃശ്യങ്ങളുണ്ട്. ദസ്തയേവ്സ്കിക്ക് ആദ്യം നഷ്ടപ്പെടുന്നത് പെറ്റമ്മയെ. പെരുമ്പടവത്തിന്റെ അഞ്ചാം വയസിൽ അച്ഛൻ നഷ്ടമായി. പിന്നെ അമ്മ കൂലിവേലചെയ്താണ് കുടുംബം പോറ്റിയത്. കഷ്ടപ്പാടിന്റെ നാളുകൾ ഒരു പാഠം പഠിപ്പിച്ചു. സ്വപ്നം കാണരുത്. മനസിനെ അതിനായി പരിശീലിപ്പിച്ചു. നല്ല ആഹാരവും നല്ല വസ്ത്രങ്ങളും അന്ന് വിദൂര സ്വപ്നങ്ങളായിരുന്നു. മൂന്നുനേരവും മുടങ്ങാതെ വായിച്ചു. എന്നിട്ടും മനസിന്റെ വിശപ്പ് ശമിച്ചില്ല. അടുത്തുള്ള ഗ്രാമീണ വായനശാലയിൽ അധികസമയവും പുസ്തകപ്പുഴുവായി. ജീവിതത്തിന്റെ പട്ടുനൂലിഴകൾ കിട്ടിയത് അങ്ങനെയാണ്. ദസ്തയേവ്സ്കിയുടെ ജീവിതത്തിലേക്ക് നിരവധി സ്ത്രീകൾ കടന്നുവരുന്നു. പെരുമ്പടവം ഇക്കാര്യത്തിൽ വിശ്വസ്തനായ ഭർത്താവ്. ചൂതാട്ടമില്ല, മദ്യപാനമില്ല. എല്ലാലഹരിയും എഴുത്തുതന്നെ.
ഒരു എഴുത്തുകാരനായി പേനകൊണ്ട് ജീവിക്കുക. അതായിരുന്നു ദസ്തയേവ്സ്കിയുടെ തീരുമാനം. പെരുമ്പടവവും ആ പാതതന്നെ സ്വീകരിച്ചു. ഇരുവർക്കും പ്രിയപ്പെട്ടത് ഏകാന്തത. പിന്നെ ചിന്തകളിലൂടെയുള്ള പലായനം.
1881 ജനുവരി 28 പുലർകാലത്ത് കാരമസോവ് സഹോദരന്മാരുടെ രണ്ടാംഭാഗം എഴുതുന്നതുവരെ. പേന ദസ്തയേവ്സ്കിയെ തുണച്ചു. പ്രാണവായുപോലെ. അവസാനനാളുകളിൽ തന്റെ ജീവിതത്തെക്കുറിച്ചും അദ്ദേഹം ആ പേനയിലൂടെ പ്രവചിച്ചിരുന്നു. 'എന്റെ ആശയങ്ങളുടെ മുഴുവൻ ഭാഗവും ലോകത്തെ അറിയിക്കാതെ ഞാൻ മറഞ്ഞുപോയേക്കും."
ലോകത്ത് ഏറ്റവും വിശുദ്ധമായത് നിഷ്കളങ്കമായഭാവമാണെന്ന് ദസ്തയേവ്സ്കി വിശ്വസിച്ചിരുന്നു. ദൈവത്തിന്റെ തുണയുണ്ടെങ്കിലേ ഒരാൾക്ക് നിഷ്കളങ്കനായിരിക്കാൻ പറ്റൂ. പെരുമ്പടവവും ആ പക്ഷക്കാരനാണ്.
ആശാന്റെ ജീവിതം പശ്ചാത്തലമാക്കി എഴുതി പൂർത്തിയാക്കിയതാണ് 'അവനിവാഴ്വ് കിനാവ് ". 16 വർഷമായി അതിനുമേൽ പെരുമ്പടവത്തിന്റെ മനസ് അടയിരിക്കുന്നു. എന്നിട്ടും തൃപ്തിവരുന്നില്ല. ഒരുപക്ഷേ ദൈവത്തിന്റെ കൈയൊപ്പ് കൂടി അതിൽ പതിയാനുള്ള കാത്തിരിപ്പാകാം. ആ കൈയൊപ്പിനുവേണ്ടി മലയാളവും കാത്തിരിക്കുന്നു, പ്രാർത്ഥനയോടെ!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |