വാഷിംഗ്ടൺ : ആഗോള ജനതയെ ഭീതിയിലാഴ്ത്തി ലോകത്താകമാനം ഇന്നലെ വരെ റിപ്പോർട്ട് ചെയ്തത് 7,87,000 കൊറോണ കേസുകളാണ്.
അമേരിക്കയ്ക്ക് പിന്നാലെ ഇറ്റലിയിലും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു (1,01,739). 11,589 പേർ ഇറ്റലിയിൽ മരണപ്പെട്ടതായാണ് ഇന്നലെവരെയുള്ള കണക്കുകൾ. അതേസമയം, ഇറ്റലിയിൽ രോഗത്തിന് നേരിയ ശമനമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 1,64,359 ആയി കുത്തനെ ഉയർന്നു. മരണസംഖ്യ 3173 ആയി. കേരളത്തെക്കാൾ ജനസംഖ്യ കുറവുള്ള ന്യൂയോർക്കിൽ മാത്രം മരണസംഖ്യ 1200 കടന്നു. അരലക്ഷത്തിലേറെ പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ന്യൂയോർക്കിലെ ആശുപത്രികളെല്ലാം നിറഞ്ഞു. ആവശ്യത്തിന് മെഡിക്കൽ ജീവനക്കാരില്ലാത്തതും വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളില്ലാത്തതും പ്രതിസന്ധിയുയർത്തുന്നുണ്ട്. രാജ്യത്ത് 10 ലക്ഷത്തിലേറെപ്പേരെ പരിശോധനയ്ക്ക് വിധേയരാക്കി. രോഗികളെ ചികിത്സിക്കുന്നതിനായി അമേരിക്കൻ നേവിയുടെ ചികിത്സാകപ്പലായ യു.എസ്.എൻ.എസ് കംഫർട്ട് മാൻഹട്ടനിലെത്തി.
ലോകവിശേഷം
കൊറോണയ്ക്ക് പിന്നാലെ ലോകത്താകമാനം 11 ദശലക്ഷം ആളുകൾ പട്ടിണിയിലേക്ക് പോകുമെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്.
ബെൽജിയത്തിൽ കൊറോണമൂലം മരിച്ചവരിൽ 12 കാരിയും. ബെൽജിയം ആരോഗ്യമന്ത്രാലയ വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇന്തോനേഷ്യയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കൊറോണ ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഉപദേഷ്ടാവ് ഡൊമനിക് കമ്മിംഗ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു.
സിംഗപ്പൂരിൽ ഇന്ത്യക്കാരായ മൂന്ന് രോഗബാധിതർ. ഇവർ ഇന്ത്യയിലേക്ക് യാത്ര ചെയ്തിരുന്നു.
സ്പെയിനിൽ 24 മണിക്കൂറിനുള്ളിൽ 812 മരണം. ആകെ മരണം - 7716. 87956 പേർ ചികിത്സയിൽ.
ഇറാനിൽ ഒറ്റ ദിവസം 100ലേറെ മരണം. ആകെ മരണം 2757. തെക്കൻ ഇറാനിൽ ജയിലിൽ കൊറോണ ഭീതിയെ തുടർന്ന് കലാപം.
ഫ്രാൻസിൽ മരണ നിരക്ക് 63 ശതമാനം ഉയർന്നു.
കാനഡയിൽ എല്ലാ പ്രവിശ്യകളിലും അടിയന്തരാവസ്ഥ. ജനം വീടുകളിൽ തുടരാൻ കർശന നിർദ്ദേശം.
ഗാസയിൽ വൈറസ് പടരുമെന്ന ഭീതിയിൽ ഹമാസ് സർക്കാർ ക്വാറന്റൈന് തയ്യാറെടുക്കുന്നു.
ലോകാരോഗ്യ സംഘടന കൊറോണ വിവരങ്ങൾ പങ്കുവയ്ക്കുന്നില്ലെന്ന് തായ്‌വാൻ
കൊറോണ പ്രഭവ കേന്ദ്രമായ വുഹാനിൽ തുടർച്ചയായ ആറാം ദിവസവും പുതിയ രോഗികളില്ല
പോർച്ചുഗലിലെ ഓവറിൽ കൊറോണ ബാധിച്ച് 14 വയസുകാരൻ മരിച്ചു. യൂറോപ്പിൽ കൊറോണ ബാധിച്ച് മരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.
സമൂഹ വ്യാപന ഘട്ടത്തിൽ കടന്ന ഒമാനിൽ കണ്ണൂർ സ്വദേശികൾക്കുൾപ്പെടെ 4 ഇന്ത്യക്കാർക്ക് കൊറോണ.
പാകിസ്ഥാനിൽ 1200 ലക്ഷം കോടിയുടെ ആശ്വാസ ധനസഹായത്തിന് സർക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |