തിരുവനന്തപുരം: ലോക്ക്ഡൗൺ കാലാവധി തീർന്നാലുടൻ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കേണ്ടെന്ന് ഇതേക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കെ.എം. എബ്രഹാമിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ട്. ഇന്നലെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ സമിതി അംഗം അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പ്രധാനമന്ത്രിക്ക് കൈമാറേണ്ടതായതിനാൽ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല.
ആൾക്കൂട്ടത്തെ നിയന്ത്രിച്ച് അവശ്യമേഖലകൾക്ക് മാത്രം പ്രാമുഖ്യം നൽകി ഘട്ടംഘട്ടമായുള്ള ഇളവ് മതിയെന്നാണ് റിപ്പോർട്ടിലെ നിർദ്ദേശമെന്നറിയുന്നു.
വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്കെല്ലാം വിമാനത്താവളത്തിൽ നിന്നുതന്നെ റാപ്പിഡ് ടെസ്റ്റ് നിർബന്ധമാക്കണം.
പോസിറ്റീവാകുന്നവരെ ഐസൊലേറ്റ് ചെയ്യണം. പരിശോധനാഫലം നെഗറ്റീവായാലേ പുറത്തിറക്കാവൂ. വിമാനത്തിലൊപ്പമുണ്ടായിരുന്നവരെയും നിരീക്ഷണത്തിലാക്കണം.
ഗൾഫ് മേഖലകളിൽ നിന്ന് യാത്ര പുറപ്പെടും മുമ്പ് അതത് വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റിന് വിധേയമാക്കാനുള്ള സാദ്ധ്യതകളാരായാൻ കേന്ദ്രത്തോട് ആവശ്യപ്പെടണം.
ആൾക്കൂട്ടങ്ങളുണ്ടാകുന്ന സമ്മേളനങ്ങളും പൊതുപരിപാടികളും തൽക്കാലത്തേക്ക് അനുവദിക്കരുത്. ആരാധനാലയങ്ങളിലെയും മതപരമായ ചടങ്ങുകൾക്കും നിയന്ത്രണം വേണം.
പൊതുഗതാഗത സംവിധാനം ആവശ്യക്കാർക്ക് മാത്രമാക്കണം.
തുറക്കാനനുവദിക്കുന്ന സ്ഥാപനങ്ങളിൽ ജനത്തെ നിയന്ത്രിക്കണം. സമയക്രമത്തിലും നിയന്ത്രണമുണ്ടാകണം.
കൊവിഡ് ഭീഷണി തുടരുന്ന ജില്ലകളിലും പ്രദേശങ്ങളിലും പ്രാദേശിക ലോക്ക്ഡൗണോ നിരോധനാജ്ഞയോ ആവാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |