SignIn
Kerala Kaumudi Online
Sunday, 09 August 2020 11.44 AM IST

മറക്കാത്ത ഈണങ്ങളുടെ മഹാപ്രതിഭ

mk-arjunan

തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ മഹാസംഗീതപ്രതിഭയെയാണ് എം.കെ.അർജ്ജുനൻ മാസ്റ്ററുടെ വേർപാടിലൂടെ മലയാളത്തിന് നഷ്ടമായത്.ആറുപതിറ്റാണ്ട് നീണ്ട കലാസപര്യയിലൂടെ എണ്ണൂറിലധികം നാടകഗാനങ്ങളും ആയിരത്തിലേറെ ചലച്ചിത്രഗാനങ്ങളും കൊണ്ട് മലയാള നാടക-ചലച്ചിത്രഗാന ശാഖകളെ സമ്പന്നമാക്കിയ അദ്ദേഹത്തിന്റെ മുഖമുദ്ര സ്നേഹത്തിൽ പൊതിഞ്ഞ ലാളിത്യമായിരുന്നു.

തിക്താനുഭവങ്ങളുടെയും ഇല്ലായ്മകളുടെയും വലിയ ഒരു കഠിനകാലം ഒറ്റയ്ക്കു പിന്നിട്ടുകൊണ്ടാണ് അർജ്ജുനൻ എന്ന സംഗീതജ്ഞൻ അർജ്ജുനൻ മാസ്റ്ററായി തീർന്നത്.ജീവിതത്തിൽ നിന്ന് കടഞ്ഞെടുത്ത സംഗീതാമൃതമാകെ ഈ മഹാനായ സംഗീതജ്ഞൻ ചുറ്റുപാടുമുള്ള മനുഷ്യർക്കായി പങ്കുവയ്ക്കുകയും ദുരിതങ്ങളുടെ കണ്ണുനീർ സ്വയം പാനംചെയ്യുകയുമായിരുന്നു.

1936 മാർച്ച് ഒന്നിന് ഫോർട്ട്കൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാർവതിയുടെയും പതിന്നാല് മക്കളിൽ ഏറ്റവും ഇളയമകനായിട്ടാണ് എം.കെ.അർജ്ജുനൻ ജനിച്ചത് ആറാം മാസത്തിൽത്തന്നെ അച്ഛനെ നഷ്ടമായി.വീട്ടിലെ പ്രാരാബ് ധത്താൽ അർജ്ജുനനെയും സഹോദരനായ പ്രഭാകരനെയും അമ്മ പഴനിയിലെ ജീവകാരുണ്യ ആനന്ദാശ്രമത്തിലേക്ക് അയയ്ക്കുകയായിരുന്നു.ആശ്രമത്തിൽ നല്ല ഈണത്തിൽ നാമം ചൊല്ലുന്ന അർജ്ജുനൻ എന്ന ബാലനിലേക്ക് ആശ്രമാധിപതി നാരായണസ്വാമിയുടെ ശ്രദ്ധ പതിഞ്ഞു.പാടാൻ കഴിവുള്ള ആ ബാലന്റെ സിദ്ധി വെറുതെ പോകരുതെന്ന നിശ്ചയത്താൽ ആശ്രമത്തിൽ ഭാഗവതരെ വരുത്തി പാട്ടു പഠിപ്പിച്ചു.ഏഴു വർഷത്തോളം അങ്ങനെ പാട്ടുപഠിച്ചതിലൂടെ അർജ്ജുനൻ മാസ്റ്ററുടെ സംഗീതത്തിന് അടിസ്ഥാനമാകുകയായിരുന്നു. അന്തേവാസികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ആശ്രമത്തിൽനിന്നും മടങ്ങേണ്ടിവന്നു.എവിടെപ്പോയാലും സംഗീതം കൊണ്ട് ജീവിക്കുമെന്ന സ്വാമികളുടെയും സംഗീതം പഠിപ്പിച്ച ഭാഗവതരുടെയും അനുഗ്രഹം പിൽക്കാലത്ത് അർജ്ജുനൻ മാസ്റ്ററുടെ ജീവിതപ്പാതയെ മുന്നോട്ടു നയിച്ചു.

1958 ൽ പള്ളിക്കുറ്റം എന്ന നാടകത്തിലൂടെയാണ് സംഗീത സംവിധായകനായി അരങ്ങേറുന്നത്.തുടർന്ന് അമച്വർ നാടക ട്രൂപ്പുകൾക്കും കെ.പി.എ.സി, കാളിദാസ കലാകേന്ദ്രം തുടങ്ങി എല്ലാ പ്രൊഫഷണൽ നാടക സമിതികൾക്കും വേണ്ടി ഇമ്പമാർന്ന ഗാനങ്ങൾക്ക് സംഗീതം പകർന്നു.ദേവരാജൻ മാസ്റ്ററെ പരിചയപ്പെട്ടതാണ് സിനിമയിലേക്കുള്ള വാതിൽ തുറക്കാനിടയാക്കിയത്.മാസ്റ്ററുടെ ഹാർമോണിസ്റ്റായി പ്രവർത്തിക്കുമ്പോഴാണ് 1968 ൽ കറുത്ത പൗർണ്ണമി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ചലച്ചിത്ര സംഗീത സംവിധായകനായി മാറുന്നത് .പി.ഭാസ്ക്കരൻ മാസ്റ്റർ രചിച്ച മാനത്തിൻമുറ്റത്ത് ,ഹൃദയമുരുകി നീ ..തുടങ്ങിയ അതിലെ ഗാനങ്ങൾ ഹിറ്റായതോടെ അർജ്ജുനൻ മാസ്റ്ററുടെ ജീവിതത്തിലെ അമാവാസി ദിനങ്ങൾക്ക് പരിസമാപ്തിയായെന്നു പറയാം.ഗാനങ്ങൾ കാവ്യഗുണ സമ്പന്നവും സംഗീതം ഇന്നത്തെപ്പോലെ സാങ്കേതികവിദ്യയുടെ അതിപ്രസരത്തിൽ മുങ്ങുന്നതിനും മുമ്പുള്ള ആ കാലത്ത് അർജ്ജുനൻ മാസ്റ്ററിൽ നിന്ന് വന്ന ഈണങ്ങൾ മലയാളി എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നവയായി മാറി.മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് വാൽക്കണ്ണെഴുതിയ നിരവധി ഈണങ്ങൾ അദ്ദേഹം സമ്മാനിച്ചു..അതിൽ നല്ലൊരു പങ്കും രചിച്ച ശ്രീകുമാരൻ തമ്പിയുമായി ചേർന്ന കൂട്ടുകെട്ടാണ് ഒരർത്ഥത്തിൽ അർജ്ജുനനിലെ പ്രതിഭാശാലിയായ സംഗീതജ്ഞനെ മലയാളത്തിന് ഏറെ പ്രിയങ്കരനാക്കിയത്.

പാടാത്തവീണയും പാടും,ദുഖമേ നിനക്ക് പുലർകാല വന്ദനം,പൗർണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു,കസ്തൂരിമണക്കുന്നല്ലോ കാറ്റേ, സുഖമൊരു ബിന്ദു,വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി,നീലനിശീഥിനി,ചെമ്പകത്തൈകൾ പൂത്ത, തളിർവലയോ ..തുടങ്ങി എണ്ണിയെണ്ണിപ്പറയാവുന്ന എത്രയെത്ര ഗാനങ്ങൾ. ഗാനഗന്ധർവ്വൻ യേശുദാസിന്റെ ശബ്ദം ആദ്യമായി റെക്കോർഡ് ചെയ്തതും പ്രിയ സുഹൃത്തിന്റെ മകൻ കൂടിയായ എ.ആർ.റഹ്മാനെന്ന സംഗീത വിസ്മയത്തിന് വഴികാട്ടിയായതും എം.കെ.അർജ്ജുനൻമാസ്റ്ററുടെ വ്യക്തിപരമായ നേട്ടങ്ങളാണെങ്കിലും അതിന്റെപേരിൽ മേനിപറയാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല.

കാലം അഭിനന്ദനം പകർന്ന അവിസ്മരണീയമായ ഗാനങ്ങളുടെ ശിൽപ്പിയായിരുന്നിട്ടും മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് 2017 ലാണ് അർജ്ജുനൻമാസ്റ്ററെ തേടിയെത്തിയതെന്നത് നമ്മുടെ അവാർഡ് സംവിധാനത്തിന്റെ പാളിച്ചയെന്നുമാത്രമെ വിലയിരുത്താനാവൂ.ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ പാട്ടിനായിരുന്നു അവാർഡ്.

മലയാള ചലച്ചിത്ര സംഗീത ലോകത്തിലെ നാല് വലിയ കൊടുമുടികളാണ് ദേവരാജൻമാസ്റ്റർ,ദക്ഷിണാമൂർത്തി,കെ.രാഘവൻ ,എം.എസ്.ബാബുരാജ് എന്നിവർ.ദേവരാജൻമാസ്റ്ററുടെ സംഗീതശൈലി ഭാവസാന്ദ്രവും കരുത്താർന്നതും ഗൃഹാതുരസ്മരണകളെ ഉണർത്തുന്നതുമാണ്.ദക്ഷിണാമൂർത്തിയുടെ സംഗീതശൈലി കർണാടക സംഗീതരാഗങ്ങളുടെ കിടയറ്റ ശക്തിസൗന്ദര്യങ്ങൾ പുതിയ രൂപഭാവങ്ങളിൽ പകർന്നവയായിരുന്നു.കെ.രാഘവൻമാസ്റ്ററുടേതാകട്ടെ നാടോടി ഗാനങ്ങളുടെ അകൃത്രിമമായ സൗന്ദര്യവും പോയകാലത്തിന്റെ മധുരസ്മരണകളും പ്രേമാർദ്രമായ സങ്കല്പങ്ങളും പ്രദാനം ചെയ്യുന്നവയായിരുന്നു.ബാബുരാജിന്റേതാകട്ടെ നഷ്ടപ്രണയത്തിന്റെ ഒരിക്കലും ഒടുങ്ങാത്ത വിഷാദവും മധുരാർദ്രമായ ഒരു കാലത്തിന്റെ അക്ഷയമായ ഓർമ്മകളും ഉണർത്തുന്നവയുമാണ്.

ഇപ്പറഞ്ഞവരിൽ സാക്ഷാൽ ദേവരാജൻമാസ്റ്ററുടെ സ്കൂളിൽപ്പെടുന്നയാളാണ് അർജ്ജുനൻ മാസ്റ്റർ.എന്നാൽ ദേവരാജൻമാസ്റ്ററുടെ വെറും അനുകർത്താവാവുകയല്ല അർജ്ജുനൻമാസ്റ്റർ ചെയ്തത്.ദേവരാജൻമാസ്റ്ററുടെ അതുല്യമായ സംഗീതസങ്കല്പ്പങ്ങളെ സ്വരക്തത്തിലും ചിന്തകളിലും സ്വാംശീകരിച്ചുകൊണ്ട് ദേവരാജസംഗീതത്തിൽനിന്ന് തികച്ചും വ്യതിരിക്തവും മൗലികവുമായ ഒരു സംഗീതശൈലിക്കാണ് അർജ്ജുനൻമാസ്റ്റർ രൂപംകൊടുത്തത്.അതുതന്നെയാണ് വലിയ സംഗീതജ്ഞനായ അർജ്ജുനൻമാസ്റ്ററുടെ ചരിത്രപരമായ പ്രസക്തി.

അർജ്ജുനൻമാസ്റ്ററുടെ ജീവിതവും സംഗീതസപര്യയും സഫലമായിത്തീർന്നതാണ്. അദ്ദേഹത്തിന്റെ സംഗീതം ചിരപുരാതനമായ മണ്ണിൽ വേരുകൾ ആഴ്ത്തുന്നു.അതിന്റെ ശാഖകൾ പുതിയ ആകാശങ്ങളിലേക്കും വിദൂരനക്ഷത്രങ്ങളിലേക്കും പടർന്നു കയറുന്നു.

കേരളകൗമുദിയുടെ നിതാന്തസുഹൃത്തും അഭ്യുദയാകാംക്ഷിയുമായിരുന്ന അർജ്ജുനൻ മാസ്റ്ററുടെ നിര്യാണത്തിൽ ഞങ്ങൾ അഗാധമായ ദുംഖം രേഖപ്പെടുത്തുകയും സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ലീഡ്

അർജ്ജുനൻമാസ്റ്ററുടെ ജീവിതവും സംഗീതസപര്യയും സഫലമായിത്തീർന്നതാണ്. അദ്ദേഹത്തിന്റെ സംഗീതം ചിരപുരാതനമായ മണ്ണിൽ വേരുകൾ ആഴ്ത്തുന്നു.അതിന്റെ ശാഖകൾ പുതിയ ആകാശങ്ങളിലേക്കും വിദൂരനക്ഷത്രങ്ങളിലേക്കും പടർന്നു കയറുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.