മലയാള സംഗീതലോകത്തിന് അർജുനൻ മാസ്റ്റർ ഭാഗ്യമുള്ള വിക്ഷേപണത്തറയായിരുന്നു. അവിടെ നിന്നു വിക്ഷേപിക്കപ്പെട്ട എത്രയോ പ്രതിഭകളാണ് പ്രശസ്തിയുടെ, അതുല്യ സംഗീതത്തിന്റെ ഭ്രമണപഥത്തിൽ വിഹരിച്ചത്. പ്രിയ സുഹൃത്ത് ആർ.കെ. ശേഖറിന്റെ മകനെയും വിരൽ കൊരുത്തുപിടിച്ച് കയറ്റിയത് മാസ്റ്ററാണ്. ഹാർമോണിയക്കട്ടകളിലേക്ക് കൗതുകത്തോടെ നോക്കിയിരുന്ന പയ്യന്റെ പേര് എ.ആർ. റഹ്‌മാൻ!
70കളിലാണ്. എം.കെ. അർജുനൻ നെയ്തെടുക്കുന്ന ഈണങ്ങളിൽ മനസർപ്പിച്ച് ദൂരെമാറി ഇരുന്നിരുന്നു ആ നാണക്കാരൻ പയ്യൻ. അദ്ദേഹം മുറി വിടുമ്പോൾ, ഹാർമോണിയത്തിനടുത്തെത്തി ഓർമ്മയിൽ നിന്നെടുത്ത് ആ ഈണങ്ങൾ വീണ്ടും സൃഷ്ടിക്കുമവൻ.
റഹ്‌മാനെന്ന അദ്ഭുതത്തെക്കുറിച്ച് പറയാൻ മാസ്റ്റർക്ക് എന്നും നൂറുനാവായിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ: "1968ൽ സിനിമയിൽ വന്നപ്പോഴാണ് ശേഖറിനെ പരിചയപ്പെടുന്നത്. കംപോസിംഗിനായി അന്നൊക്കെ ശേഖറിന്റെ വീട്ടിൽ പോകും. അവിടെ വച്ച് ഈ കുട്ടിയെ കാണും. കീബോർഡിന്റെ മുകളിലാണ് അവന്റെ പതിവ് അഭ്യാസം. കൈ വെറുതെ വച്ചങ്ങനെ ഓടിക്കും. പിന്നീട് അവൻ പിയാനോ പഠിക്കാൻ പോയി. കംപോസിംഗ് കഴിഞ്ഞു ഞങ്ങൾ അവിടെ നിന്നു മാറിയാലും റഹ്‌മാൻ അവിടെ ഇരുന്ന് ഇതെല്ലാം വായിച്ചു കൊണ്ടേയിരിക്കും. ശേഖറിന്റെ മരണ ശേഷം ഒരു ദിവസം അദ്ദേഹത്തിന്റെ അമ്മ വിളിച്ചു പറഞ്ഞു- ഇവനെ സ്റ്റുഡിയോയിൽ കൊണ്ടുപോയി പഠിപ്പിക്കണം. ശരിക്കും അന്നു മുതലാണ് വേണ്ടവിധത്തിൽ ശ്രദ്ധിച്ചു തുടങ്ങിയത്.
വലിയ തമാശകളിലോ കുസൃതികളിലോ ഒന്നും താത്പര്യമില്ലായിരുന്നു റഹ്‌മാന്. രാത്രി ഉറങ്ങാതിരുന്ന് കീബോർഡിലും ഹാർമോണിയത്തിലും താളമിടും. റഹ്മാന്റെ അമ്മയ്ക്ക് എപ്പോഴും മകന്റെ ഉറക്കമില്ലാത്ത സംഗീതരാത്രികളെക്കുറിച്ചും അവനൊന്നും കഴിക്കുന്നില്ലെന്നും പരാതിയായിരുന്നു. നിങ്ങളുടെ മകൻ സംഗീതംകൊണ്ട് അനുഗ്രഹീതനാണ്. അവനിഷ്ടമുള്ളത് ചെയ്യാൻ വിട്ടേക്കൂ എന്നു പറഞ്ഞാണ് ഞാനവരെ ആശ്വസിപ്പിച്ചത്.
ഞാനവനെ സ്റ്റുഡിയോയിലേക്ക് ആദ്യമായി കൂട്ടിക്കൊണ്ടുപോയത് 1981ലാണ്. എ.ബി. രാജിന്റെ പടമാണ്, അടിമച്ചങ്ങല. ഞാൻ പറഞ്ഞപ്പോൾ അവൻ അതിമനോഹരമായി കീബോർഡ് വായിച്ചു. അന്ന് അവന്റെ പ്രായം വെറും 14. തുടർന്ന് എന്റെ എല്ലാ സിനിമകൾക്കും വായിക്കാൻ തുടങ്ങി. പിന്നീട് പലരും വിളിച്ചു തുടങ്ങി. ഇയാൾ അക്കാലത്ത് ജിംഗിൾസ് ചെയ്യും. ഒരിക്കൽ റഹ്‌മാൻ ചെയ്‌ത ജിംഗിൾസ് മണിരത്നം കേട്ടു. അങ്ങനെയാണ് ‘റോജ’യിലേക്ക് ക്ഷണിക്കുന്നത്.
റഹ്‌മാൻ പാട്ടുചെയ്യുന്ന വിധം വ്യത്യസ്തമാണ്. ഒരു പാട്ടെടുത്താൽ അയാൾക്കു തൃപ്തി വരുന്നതു വരെ ചെയ്യും. അതു ചിലപ്പോൾ ഒരു വർഷം വരെ നീളും. ഈ അർപ്പണം തന്നെയാണ് അയാളുടെ വിജയവും. "
പറഞ്ഞു നിറുത്തുമ്പേഴേക്കും മാസ്റ്ററുടെ കണ്ണുകളിൽ ശിഷ്യനോടുള്ള വാത്സല്യം ചെറിയ ചാറ്റലായ് ഉറഞ്ഞു തുടങ്ങി. എപ്പോഴും അത് അങ്ങനെയാണ്. ശിഷ്യരെ മക്കളെപ്പോലെ കണ്ട ഗുരുവിന്റെ ഉറവ വറ്റാത്ത സ്നേഹം...
പക്ഷേ, ഒരിക്കൽപോലും റഹ്‌മാന്റെ പ്രശസ്തിയുടെ പേര് പിടിച്ചുവാങ്ങാൻ മാസ്റ്റർ ശ്രമിച്ചിട്ടില്ല. ഒരിക്കൽ മാസ്റ്റർ പ്രതികരിച്ചത് ഇങ്ങനെ, 'ഞാനാണ് റഹ്മാനെ കൊണ്ടുവന്നതെന്ന് പറയണ്ട, അല്ലെങ്കിലും അയാൾ വരുമായിരുന്നു. കാരണം, അത് ആർക്കും പിടിച്ചുകെട്ടാൻ പറ്റാത്ത പ്രതിഭാസമാണ്".
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |