പട്ടം താണുപിള്ള കഴിഞ്ഞാൽ സാർ എന്ന വിശേഷണം സ്ഥിരമായിപ്പതിഞ്ഞ അധികം പേർ കേരള രാഷ്ട്രീയത്തിലില്ല. ഒരുദിവസം പോലും അദ്ധ്യാപകൻ ആയിരുന്നിട്ടില്ലെങ്കിലും നിയമസഭയിലും രാഷ്ട്രീയത്തിലും പല തലമുറകളുടെ ഗുരുവും പാഠശാലയുമായിരുന്നു മാണി സാർ.
1991ൽ ഞാൻ ആദ്യം നിയമസഭയിലെത്തുമ്പോൾ മറ്റു പലർക്കുമെന്ന പോലെ എനിക്കും പല കാര്യങ്ങളിലും ഗുരുവായിരുന്നു അദ്ദേഹം. പ്രത്യേകിച്ച് സഭാ നടപടികൾ, സഭാ മര്യാദകൾ, പെരുമാറ്റച്ചട്ടം, സമയനിഷ്ഠ, പ്രതിപക്ഷ ബഹുമാനം, ഗൃഹപാഠം എന്നിങ്ങനെ അദ്ദേഹത്തിൽ നിന്ന് ഒരു തുടക്കക്കാരന് പഠിക്കാൻ പലതുമുണ്ടായിരുന്നു. മാണി സാർ അവതരിപ്പിച്ച ബഡ്ജറ്റിന്റെ ചർച്ചകളിൽ പങ്കെടുക്കാൻ ഒട്ടേറെത്തവണ അവസരം കിട്ടിയിട്ടുണ്ട്. ആദ്യമൊക്കെ അല്പം പരിഭ്രമമുണ്ടായിരുന്നു. അത്രയ്ക്ക് ഗഹനവും സമഗ്രവുമായിരുന്നു മാണി സാറിന്റെ ഓരോ ബഡ്ജറ്റും.
കണക്കുകളുടെ
മാന്ത്രികൻ
തയ്യാറെടുപ്പിന്റെ ഭാഗമായി ഒന്നുരണ്ടു തവണ അദ്ദേഹത്തെ വീട്ടിൽച്ചെന്നു കണ്ടു. ചില കാര്യങ്ങളിൽ സംശയം ഉന്നയിച്ചപ്പോൾ അദ്ദേഹം മേശവലിപ്പു തുറന്ന് കുറെ 'ചിറ്റു ബുക്കുകൾ" പുറത്തെടുത്തു. ഒരു മാന്ത്രികന്റെ വിരൽവേഗത്തിൽ അതിൽ ഒന്നുരണ്ടെണ്ണം എനിക്കു നേരെ നീട്ടി, ഞാൻ അദ്ഭുതപ്പെട്ടുപോയി. ഞാൻ ഉന്നയിച്ച സംശയങ്ങളുടെ വിശദമായ കണക്കുകൾ കൂട്ടിയും കിഴിച്ചും സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പുകൾ! മനസ്സുപോലെ തന്നെ വലിയ അക്ഷരങ്ങളിൽ വ്യക്തമായി എഴുതിയ വിശദീകരണങ്ങൾ. എത്രമാത്രം ഗൃഹപാഠം ചെയ്താണ് അദ്ദേഹം ബഡ്ജറ്റ് തയ്യാറാക്കിയിരുന്നതെന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്.
സഭയിൽ മാണി സാറിന്റെ പ്രസംഗം കഴിയുമ്പോൾ എതിർചേരിയിലെ ചില അംഗങ്ങൾ അദ്ദേഹത്തിന്റെ കൈയിലുള്ള കുറിപ്പുകൾ കൈക്കലാക്കാൻ അടുത്തുകൂടുന്നതു കണ്ടിട്ടുണ്ട്. നിയമസഭാ ലൈബ്രറി ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത് മാണി സാറാണെന്ന് ലൈബ്രേറിയൻ ഒരിക്കൽ പറഞ്ഞതും ഓർക്കുന്നു.
മാണിസാറിന്റെ വിവാദമായ പതിമൂന്നാം ബഡ്ജറ്റ് അവതരണവേളയിൽ, നിയമസഭയുടെ പാരമ്പര്യത്തിന് കളങ്കം ചാർത്തിയ പ്രതിപക്ഷ പ്രക്ഷോഭത്തിനിടയിലും അക്ഷോഭ്യനായി, അന്തസ്സു കൈവിടാതെ, തികഞ്ഞ ആത്മവിശ്വാസത്തോടെ തന്റെ ഭരണഘടനാ ചുമതല നിർവഹിക്കാൻ അദ്ദേഹം നടത്തിയ തയ്യാറെടുപ്പുകൾ നേരിൽക്കാണാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.
കേരളത്തിന്റെ
ഫ്രെഡ് റിസ്സർ
ഒരു നിയമസഭാ മണ്ഡലത്തിന്റെ രൂപീകരണം മുതൽ തുടർച്ചയായി 13 തവണ തിരഞ്ഞെടുക്കപ്പെടുക; ഇടവേളയില്ലാതെ അരനൂറ്റാണ്ടിലധികം കാലം ഒരേ മണ്ഡലത്തിന്റെ ജനപ്രതിനിധിയായി പ്രവർത്തിക്കുക; 13 തവണ മന്ത്രിയായി സത്യപ്രതിജ്ഞചെയ്യുക, 13 ബഡ്ജറ്റുകൾ അവതരിപ്പിച്ച് രാജ്യത്തിന്റെ തന്നെ ബഡ്ജറ്റ് ചരിത്രത്തിൽ ഇടംപിടിക്കുക; മന്ത്രിയായ കാലയളവിലെല്ലാം മറ്റു വകുപ്പുകൾക്കൊപ്പം നിയമവകുപ്പിന്റെ കൂടി ചുമതല വഹിക്കുക, ഇതിനെല്ലാം പുറമെ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായി പ്രവർത്തിച്ചതിന്റെ റെക്കാഡും... 'കേരളത്തിലെ ഫ്രെഡ് റിസ്സർ" എന്ന് പിണറായി വിജയൻ മാണിസാറിനെ വിശേഷിപ്പിച്ചത് ഓർക്കുന്നു. 1962 മുതൽ ഒരേ മണ്ഡലത്തിൽ ജയിച്ച് ഇപ്പോഴും അമേരിക്കൻ സെനറ്റിൽ അംഗമായിരിക്കുന്ന റിസ്സർ മാത്രമേയുള്ളൂ പാർലമെന്ററി ചരിത്രത്തിൽ മാണി സാറിനെ മറികടന്ന ജനപ്രതിനിധി.കേരളത്തിന്റെ വികസനത്തിന് സ്ഥായിയായ സംഭാവനകൾ നൽകിയ അനേകം പദ്ധതികൾ മാണി ബഡ്ജറ്റുകളിലൂടെ രൂപംകൊണ്ടവയാണ്. ധനവകുപ്പിനു പുറമെ നിയമം, ആഭ്യന്തരം, തുറമുഖം, റവന്യു, ജലസേചനം, ഭവനനിർമാണം, നഗരകാര്യം എന്നിങ്ങനെ പ്രധാനപ്പെട്ട ഒട്ടേറെ വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
മിച്ച ബഡ്ജറ്റ്
എന്ന മാജിക്
ബഡ്ജറ്റുകളുടെ ചരിത്രത്തിൽ രസകരമായ ഒരദ്ധ്യായം കൂടിയുണ്ട്, മന്ത്രി മാണിയുടെ നിയമസഭാ ജീവിതത്തിൽ. ആദ്യമായി ഒരു മിച്ച ബഡ്ജറ്റ് അവതരിപ്പിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദമായിരുന്നു അത്. 1985- 86 വർഷമാണ് കേരള ചരിത്രത്തിലാദ്യമായി നിയമസഭയിൽ ഒരു മിച്ച ബഡ്ജറ്റ് അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയിൽത്തന്നെ ഇത് ആദ്യമാകാം. 166 കോടി രൂപയുടെ മിച്ച ബഡ്ജറ്റായിരുന്നു അത്.
ജനാർദ്ദൻ പൂജാരി ആയിരുന്നു കേന്ദ്ര ധനമന്ത്രി. മിച്ച ബഡ്ജറ്റ് എന്നു കേട്ടപ്പോൾ അദ്ദേഹത്തിന് അദ്ഭുതവും സംശയവും. ആ സംശയം പത്രങ്ങളിൽ സ്ഥാനം പിടിച്ചു. മിച്ച ബഡ്ജറ്റിനെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകർ മുഖ്യമന്ത്രി കരുണാകരനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: 'മിച്ചവുമാകാം കമ്മിയുമാകാം!' നിയമസഭയിൽ ബഹളമായി. രണ്ടുദിവസം കൊണ്ട് പത്രങ്ങൾ മിച്ച ബഡ്ജറ്റിനെ കമ്മിയാക്കി.
കമ്മിയല്ല, അത്
മിച്ചം തന്നെ !
റിസർവ് ബാങ്ക് ഗവർണർ, കേന്ദ്ര ധനമന്ത്രി എന്നിവർക്ക് മാണി സാർ കത്തെഴുതി. സംസ്ഥാനത്തെ ട്രഷറി സേവിംഗ്സിനെപ്പറ്റി ആധികാരിക വിവരങ്ങൾ റിസർവ് ബാങ്കിലുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ മിച്ച ബഡ്ജറ്റാണെന്ന് സാക്ഷ്യപ്പെടുത്തി ആർ.ബി.ഐ ഗവർണർ മറുപടി അയച്ചു. അതുമായി മാണി സാർ സഭയിലേക്ക് കടന്നുചെല്ലുമ്പോൾ ഒരു പ്രതിപക്ഷ എം.എൽ.എ പ്രസംഗിക്കുകയാണ്. മാണിയുടേത് കള്ളബഡ്ജറ്റ് എന്നാണ് അദ്ദേഹം പറഞ്ഞുതുടങ്ങിയത്. എം.എൽ.എ പ്രസംഗം അവസാനിപ്പിച്ചപ്പോൾ മാണി സാർ എണീറ്റ് ആർ.ബി.ഐ ഗവർണറുടെ കത്ത് നാടകീയമായി മേശപ്പുറത്തു വച്ചു. അവതരിപ്പിച്ചത് 166 കോടി രൂപയുടെ മിച്ച ബഡ്ജറ്റാണെന്ന വസ്തുത അതോടെ സ്ഥാപിക്കാനായി. അതുവരെ വിമർശിച്ചിരുന്ന ചില മാദ്ധ്യമപ്രവർത്തകർ 'മാണി മാജിക്ക് " എന്നാണ് അന്ന് അതിനെ വിശേഷിപ്പിച്ചത്.
വരവു ചെലവു കണക്കുകളുടെയും പദ്ധതികളുടെയും പ്രഖ്യാപനത്തിൽ ഒതുങ്ങിയിരന്ന വിരസമായ ബഡ്ജറ്റ് പ്രസംഗത്തെ കലയും സാഹിത്യവും സംസ്കാരവും നർമവുമെല്ലാം കലർത്തി ഇന്നത്തെ നിലയിലാക്കിയത് മാണി സാറാണ്.1967 ൽ ഗവർണറുടെ നയപ്രഖ്യാപനത്തെ എതിർത്തും കർഷക സമൂഹത്തോടുള്ള അവഗണനയ്ക്കെതിരെ ആഞ്ഞടിച്ചുമായിരുന്നു നിയമസഭയിൽ മാണി സാറിന്റെ കന്നി പ്രസംഗം. അന്ത്യം വരെ അദ്ദേഹം കർഷകർക്കും കർഷകത്തൊഴിലാളികൾക്കും വേണ്ടി ശബ്ദിച്ചു, പ്രവർത്തിച്ചു. അവർക്കു വേണ്ടി ഒരു പ്രത്യയശാസ്ത്രമുണ്ടാക്കി തന്റെ പാർട്ടിക്ക് അദ്ദേഹം ദിശാബോധം നല്കി.
(മുൻ ഡെപ്യുട്ടി സ്പീക്കറും കെ.പി.സി.സി.ജനറൽ സെക്രട്ടറിയുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |