ചൈനയിലെ വൂഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ് വൈറസ് രോഗം ജന്തുജന്യ രോഗമാണെന്ന് പറയുമ്പോഴും ജന്തുജന്യ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. വവ്വാൽ, പാമ്പ്, മരപ്പട്ടി, ഈനാംപേച്ചി എന്നിവയിൽ നിന്നാകാമെന്നാണ് വൈറസിന്റെ ജനിതക മാപ്പിംഗ് പഠനത്തിലൂടെയുള്ള നിഗമനം. വന്യജീവി മാർക്കറ്റിൽ നിന്ന് രോഗം തുടങ്ങിയപ്പോൾ തന്നെ വന്യജീവി ഉറവിടത്തിലേക്കുള്ള പഠനങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പെട്ടെന്നുള്ള ജനിതക വ്യതിയാനത്തിലൂടെ പടർന്നുപിടിക്കുമ്പോൾ തുടർന്നുള്ള ലോകശ്രദ്ധ കൂടുതലും രോഗനിയ്രന്തണത്തിലും, വാക്‌സിൻ, മരുന്നു നിർമ്മാണവുമായി ബന്ധപ്പെട്ട ഗവേഷണത്തിലുമായിരുന്നു. മാംസഭുക്കുകളിൽ രോഗബാധയ്ക്ക് സാധ്യതയുള്ളതിനാൽ ചൈനയിൽ വൂഹാൻ വന്യജീവി മാർക്കറ്റിലെ ഇറച്ചി വിപണി തന്നെയാണ് വൈറസിന്റെ ഉറവിടമാകാൻ സാധ്യത.ആ ഒരു നിഗമനമല്ലാതെ മറ്റൊരു വിലയിരുത്തൽ ഉണ്ടായിട്ടില്ല.
കൊവിഡ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള ഗവേഷണങ്ങളിൽ ഏറെ വെളിച്ചം വീശുന്നവയാണ് ന്യൂയോർക്കിലെ ബ്രോൻക്‌സ് സുവോളജിക്കൽ പാർക്കിലെ കടുവയിൽ രോഗം സ്ഥിരീകരിച്ച റിപ്പോർട്ട്. ഇതിനുമുമ്പ് ബെൽജിയത്തിലും, ഹോംങ്കോംഗിലും രോഗം പൂച്ചകളിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അമേരിക്കയിലെ മൃഗശാലകളിൽ കടുവകളിൽ രോഗം റിപ്പോർട്ട് ചെയ്തതോടെയാണ് രോഗം മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കും തിരിച്ച് പകരാനുമുള്ള സാദ്ധ്യതയുണ്ടെന്ന നിഗമനത്തിലെത്തിയത്. ഇത് ആന്ത്രപ്പോസൂണോട്ടിക്ക് രോഗത്തിൽപ്പെടുന്നു. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കുമുള്ള രോഗവ്യാപനം ഏറെ ഗൗരവമായെടുക്കേണ്ടതുണ്ട്. മാംസഭുക്കുകളായ മൃഗങ്ങളിൽ രോഗബാധയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുൻകാല ഗവേഷണഫലങ്ങൾ വ്യക്തമാക്കുന്നു. ഇവയിൽ ഫെലിഡേ കുടുംബത്തിൽപ്പെട്ട പൂച്ച മുതൽ കടുവ വരെയുള്ള മൃഗങ്ങൾക്ക് രോഗബാധയ്ക്ക് സാദ്ധ്യതയുണ്ട്.
വൈറസ് മനുഷ്യരിലെത്തി അതിവേഗത്തിൽ ജനിതക വ്യതിയാന (മ്യൂട്ടേഷൻ) ത്തിന് വിധേയമായി അതിതീവ്ര രീതിയിൽ വ്യാപിക്കുകയും, രോഗംബാധിച്ചവരിൽ നിന്നും മൃഗങ്ങളിലേയ്‌ക്കെത്തുന്നതും രോഗനിയന്ത്രണം, രോഗപര്യവേഷണം എന്നിവയ്ക്ക് ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കും.
വികസിത രാജ്യങ്ങളിൽ മനുഷ്യരും മൃഗങ്ങളുമായുള്ള സമ്പർക്കം വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ കൂടുതലാണ്. ഓമനമൃഗങ്ങളെ പരിപാലിക്കുന്നതിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കൂടുതൽ ശ്രദ്ധചെലുത്തിവരുന്നു. എന്നാൽ വളർത്തുനായ്ക്കൾ, പൂച്ച എന്നിവയ്ക്ക് കൊറോണ രോഗത്തിനെതിരായുള്ള വാക്‌സിൻ നിലവിലുണ്ട്.
മനുഷ്യരിൽ കൊറോണബാധ ശ്വാസകോശങ്ങളെ കൂടുതലായി ബാധിക്കുമ്പോൾ മൃഗങ്ങളിൽ ദഹനേന്ദ്രിയവ്യവസ്ഥയെയാണ് ശ്വാസകോശത്തേക്കാൾ കൂടുതലായി ബാധിക്കുന്നത്.
എന്നാൽ ന്യൂയോർക്ക് മൃഗശാലയിലെ കടുവയിൽ ശ്വാസകോശ രോഗലക്ഷണങ്ങളാണ് കൂടുതലായി കണ്ടെത്തിയത്.
ഞാൻ പ്രവർത്തിച്ചിരുന്ന അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിലേയും, വിർജീനിയയിലേയും സുവോളജിക്കൽ പാർക്കുകൾ ഇതിനോടകം അടച്ചുകഴിഞ്ഞു.
(ലേഖകൻ വെറ്ററിനറി സർവകലാശാല മുൻ ഡയറക്ടറും അമേരിക്കയിലെ സ്മിത്ത് സോണിയൻ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകനുമാണ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |