തിരുവനന്തപുരം: പ്രവാസികളുടെ ആശങ്കയകറ്റാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
ഗൾഫ് നാടുകളിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. ജോലിയും വേതനവുമില്ലാതെ കുടുസുമുറികളിൽ പത്തിൽ കൂടുതൽ പേരാണ് ഭീതിയോടെ കഴിയുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണവർ.
കേന്ദ്രസർക്കാർ പ്രഗൽഭരായ ഡോക്ടർമാർ ഉൾപ്പെട്ട മെഡിക്കൽ സംഘത്തെ എത്രയും പെട്ടെന്ന് ഗൾഫുനാടുകളിലേക്കയച്ച് പ്രവാസികളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തണം.
ലേബർ ക്യാമ്പുകളിൽ രോഗലക്ഷണമുള്ളവരെ ക്വാറന്റൈൻ ചെയ്യാൻ സൗകര്യമില്ല. ഇക്കാര്യത്തിൽ വിദേശകാര്യമന്ത്രാലയം ഇടപെടണം. ഗുരുതരമായ രോഗങ്ങൾക്ക് നാട്ടിൽ നിന്ന് മരുന്നെത്തിച്ച് കഴിച്ചു വന്നിരുന്ന പ്രവാസികൾക്ക് ഇപ്പോഴത്തെ അവസ്ഥയിൽ അവിടെ നിന്ന് ഉയർന്നവിലയ്ക്ക് മരുന്നു വാങ്ങി കഴിക്കാൻ കഴിയാത്ത സ്ഥിതിയാണ്. അതിനും സത്വരപരിഹാരം കാണണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |