SignIn
Kerala Kaumudi Online
Sunday, 09 August 2020 11.28 AM IST

ഗ്രാമവൃക്ഷത്തിലെ കുയിൽ പാടിക്കൊണ്ടിരിക്കുന്നു

kumaran-asan-

മഹാകവി കുമാരനാശാന്റെ 148-ാം ജന്മദിനമാണ് ഇന്ന്. കവി, സാഹിത്യകാരൻ, സംഘാടകൻ, പത്രപ്രവർത്തകൻ, സാമൂഹ്യ പരിഷ്കർത്താവ്, അദ്ധ്യാപകൻ, പ്രജാസഭാംഗം തുടങ്ങി ഒട്ടേറെ വിശേഷണങ്ങൾ ആ മഹാത്മാവിന്റെ പേരിനോട് ചേർത്തുവയ്ക്കാനുണ്ട്. പിതാവ് നാരായണൻ പെരുങ്കുടിയുടെ സാഹിത്യവാസനയിലും മാതാവ് കാളിയമ്മയുടെ (കൊച്ചുപെണ്ണ്) പുരാണ കഥാതത്പരതയിലും നിന്ന് ആവാഹിച്ചെടുത്ത കവിത്വഗുണവുമായി കായിക്കരയിൽ ജനിച്ച കുമാരുവിനെ അധഃസ്ഥിത ജനലക്ഷങ്ങളുടെ പടനായകനാക്കിയ ചരിത്രവും അകാലത്തിൽ അസ്തമിച്ച സംഭവബഹുലമായ ജീവിതവും വീണ്ടുമൊരു പുനർവായനയ്ക്ക് നമുക്കു മുന്നിലെത്തുകയാണ്.


1873 ഏപ്രിൽ 12 ന് ചിത്രാപൗർണമി നാളിലായിരുന്നു കുമാരുവിന്റെ ജനനം. അന്നത്തെ പ്രത്യേക സാമൂഹ്യ സാഹചര്യങ്ങളിലും മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചു. പതിന്നാലാം വയസിൽ, പഠിച്ച സ്കൂളിൽത്തന്നെ അദ്ധ്യാപകനായെങ്കിലും സർക്കാർ ഉദ്യോഗത്തിൽ പ്രവേശിക്കാനുള്ള പ്രായമായില്ലെന്ന കാരണത്താൽ ജോലിയിൽ നിന്ന് പിരിയേണ്ടിവന്നു. പിന്നീട് ഒരു കടയിൽ കണക്കെഴുത്തുകാരനായും നിമിഷ കവിയായുമൊക്കെ കാലം കഴിക്കുന്നതിനിടെയാണ് കുമാരൻ എന്ന ബാലൻ ശ്രീനാരായണ ഗുരുദേവന്റെ ശ്രദ്ധയിൽപ്പെട്ടത്.1891- ൽ ഇരുവരുമായുള്ള ആ കൂടിക്കാഴ്ചയാണ് നവോത്ഥാന കേരളത്തിന്റെ നായകസ്ഥാനത്തേക്ക് ആശാനെ കൈപിടിച്ചുയർത്തിയത്.


ആശാനിൽ അന്തർലീനമായിരുന്ന കഴിവുകൾ പരിപോഷിപ്പിക്കാൻ ആദ്യം മൈസൂറിലും പിന്നീട് കൊൽക്കത്തയിലും ആയച്ച് ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് ഗുരുദേവൻ ചെയ്തത്. 1900- ൽ സംസ്കൃതത്തിൽ ഉപരിപഠനവും ഇംഗ്ലീഷ് വിദ്യാഭ്യാസവുമുൾപ്പെടെ കരസ്ഥമാക്കി തിരികെയെത്തിയ കുമാരനാശാനെ കാത്തിരുന്നത് ഭാരിച്ച നിയോഗമായിരുന്നു. മൂന്ന് വർഷക്കാലം അരുവിപ്പുറത്ത് സംസ്കൃത വിദ്യാലയം സ്ഥാപിച്ച് കുട്ടികളെ പഠിപ്പിച്ചു. 1903 ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ രൂപീകരണത്തോടെ സമുദായോദ്ധാരണ പ്രവർത്തനത്തിന്റെ മുഖ്യ ചുമതലകൾ ആശാനിൽ നിക്ഷിപ്തമായി. അന്നു മുതൽ 16 വർഷത്തോളം ജനറൽ സെക്രട്ടറി എന്ന നിലയിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ സാരഥ്യം വഹിച്ചു.

യാത്രാസൗകര്യം തീരെ പരിമിതമായിരുന്ന അക്കാലത്ത് വള്ളത്തിലും ബോട്ടിലും കാളവണ്ടിയിലും കാൽനടയായുമൊക്കെയാണ് ജനറൽ സെക്രട്ടറി സഞ്ചരിച്ചിരുന്നത്. യാതനാനിർഭരമായ സമുദായ സേവനത്തിനിടയിലും കാവ്യദേവതോപാസനയ്ക്കും സമയം കണ്ടെത്തി. 1908 ൽ പ്രസിദ്ധീകരിച്ച വീണപൂവ് എന്ന കൃതി കേരളവർമ്മ വലിയകോയിത്തമ്പുരാൻ പാഠ്യപദ്ധതിയിലേക്ക് തിരഞ്ഞെടുത്തത് മലയാള കാവ്യലോകത്ത് വലിയ ചലനമുണ്ടാക്കി.


ഈഴവ സമുദായത്തെ പ്രതിനിധീകരിച്ച് പ്രജാസഭാംഗമായ കുമാരനാശാൻ നന്ദി പ്രകടിപ്പിച്ചു കൊണ്ട് ആദ്യമായി സഭയിൽ നടത്തിയ പ്രസംഗത്തിൽ സ്വസമുദായത്തെക്കാൾ പിന്നാക്കം നിൽക്കുന്നവർക്ക് പ്രാതിനിദ്ധ്യം നൽകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. ഈഴവ സമുദായത്തിന്റെ അംഗസംഖ്യയുടെ തോത് അനുസരിച്ച് കൊല്ലംതോറും പുതിയ പ്രതിനിധികളെ നിയമിക്കണമെന്ന ആശാന്റെ നിവേദനം സർക്കാർ അംഗീകരിക്കുകയും ചെയ്തു. അതിനൊപ്പം, തിരുവിതാംകൂറിലെ വെറുമൊരു സമുദായ സംഘടന മാത്രമല്ല ശക്തമായ രാഷ്ട്രീയ സംഘടന കൂടിയാണ് എസ്.എൻ.ഡി.പി യോഗമെന്ന് തെളിയിക്കുകയും ചെയ്തു.

അതേസമയം ആദ്യം മുതൽ ചില എതിർശക്തികൾ സംഘടനയ്ക്കുള്ളിൽ നിന്നുതന്നെ ആശാനെ പിന്തുടരുന്നുണ്ടായിരുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ ഭരണ- സാമ്പത്തിക നിർവഹകണ കാര്യങ്ങളിലും ആശാനെതിരെ ശത്രുപക്ഷം ദുരാരോപണങ്ങൾ ഉന്നയിച്ചു. ഇതേ തുടർന്ന് ഒന്നര പതിറ്റാണ്ടിലേറെയായി കൃത്യതയോടെ നിർവഹിച്ചു പോന്നിരുന്ന ജനറൽ സെക്രട്ടി സ്ഥാനത്തു നിന്ന് ആശാൻ പടിയിറങ്ങി. അക്കാലത്ത് കുമാരനാശൻ അനുഭവിച്ച മനോവ്യഥയുടെ വിവരണമാണ് ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന കാവ്യം. സംഘടനയ്ക്ക് അകത്തും പുറത്തും ദുരാരോപണങ്ങളുടെ ഘോഷയാത്ര നടക്കുമ്പോഴും ശ്രീനാരായണഗുരുദേവന് കുമാരനാശാനിൽ തെല്ലും അലോസരമുണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.


പിന്നീട് അദ്ധ്യാപകൻ, പ്രജാസഭാംഗം, സാഹിത്യകാരൻ, വ്യവസായ സംരംഭകൻ, പത്രപ്രവർത്തകൻ തുടങ്ങി ബഹുമുഖ വ്യക്തിത്വങ്ങളിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് 1924 ജനുവരി 17 ന് പല്ലനയാറ്റിൽ റെഡീമർ ബോട്ടിന്റെ രൂപത്തിൽ, കാലൻ കനിവറ്റുകുറിച്ചുവിട്ടൊരു ഓലപ്പടിയാൽ ആശാൻ നമ്മളിൽ നിന്നകന്നു പോയത്. ആശാന്റെ ഭാഷ കടമെടുത്ത് പറഞ്ഞാൽ 'ആദ്യം മുതൽക്കു തന്നെ. ഭാഗ്യദോഷത്താൽ ഉണ്ടായ ദുഷ്ടശക്തികൾ' ഇന്നും നാനാരൂപമായി വർദ്ധിച്ചുവരികയാണ്. കുമാരനാശാൻ തൊട്ട് ഇന്നോളമുള്ള ഒരു ജനറൽ സെക്രട്ടറിയും യോഗ നേതാക്കളും ആ ദുഷ്ടശക്തിയുടെ എതിർപ്പിനും സ്പർദ്ധയ്ക്കും ഇരയാകാതിരുന്നിട്ടുമില്ല.

കൊൽക്കത്തയിലെ വസൂരിക്കാലം


ആശാനെ അനുസ്മരിക്കുമ്പോൾ മനസ്സിലെത്തുന്ന മറ്റൊരു സംഗതി ഇന്നത്തേതിന് സമാനമായൊരു മഹാമാരിയെ അദ്ദേഹം കൊൽക്കത്തയിൽ നേരിട്ടതാണ്. അതേക്കുറിച്ച് ആശാന്റെ ജീവചരിത്രകാരന്മാരിൽ ഒരാളായ കുമ്പളംചിറ വാസവപ്പണിക്കർ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ: 'കൊൽക്കത്തയിൽ ശക്തമായ തോതിൽ പ്ലേഗും വസൂരിയും പടർന്നുപിടിച്ചു. എവിടെയും മരണവാർത്തയേ കേൾക്കാനുണ്ടായിരുന്നുള്ളൂ. കാതിനും കരളിനും ഒന്നുപോലെ ഭീതി വളർത്തുമാറ് പ്രതിദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന മരണസഹസ്ര വാർത്ത നാസ്തികന്മാരെ ആസ്തികന്മാരാക്കാൻ പര്യാപ്തമായിരുന്നു.'

ഇത്തരമൊരു സാഹചര്യമാണ് 1900ൽ ഉപരിപഠനവും കൊൽക്കത്തയിലെ ജീവിതവും പെട്ടന്ന് അവസാനിപ്പിച്ച് നാട്ടിലെത്താൻ ആശാനെ നിർബന്ധിതനാക്കിയത്. ഇന്ന് കൊവിഡ് 19 ഭീതിയിൽ ലക്ഷക്കണക്കിന് പ്രവാസികൾ അനുഭവിക്കുന്ന വേദനയും അന്ന് കുമാരനാശാൻ നേരിട്ട ഭയാശങ്കയും ഏതാണ്ട് സമാനമാണെന്നു പറയാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KUMARANASAN, COVID 19
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.