ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപ പലിശ വെട്ടിക്കുറച്ചതോടെ മുതിർന്ന പൗരന്മാരുൾപ്പെടെ വലിയൊരു വിഭാഗത്തിന് വരുമാനച്ചോർച്ച ഉണ്ടായിരിക്കുകയാണ്. നിക്ഷേപത്തിന് ബാങ്കുകൾ അഞ്ചോ ആറോ ശതമാനം മാത്രം പലിശ നൽകുമ്പോൾ വായ്പാ പലിശയും അതനുസരിച്ച് കുറയുമെന്നാണ് വയ്പ്. ആനുപാതികമായി അത് ഉണ്ടാകുന്നില്ലെന്നു മാത്രം. കാര്യങ്ങൾ ഇങ്ങനെയിരിക്കുമ്പോഴാണ് സംസ്ഥാന സർക്കാർ ഇക്കഴിഞ്ഞ ഏഴാം തീയതി 8.96 ശതമാനം പലിശയ്ക്ക് റിസർവ് ബാങ്കിന്റെ കടപ്പത്രം വഴി വലിയതോതിൽ വായ്പ എടുത്ത വാർത്ത എത്തുന്നത്. സർക്കാരിന് പൊതുജനങ്ങളിൽ നിന്ന് വായ്പ എടുക്കാൻ അനുമതി ഉണ്ടായിരുന്നെങ്കിൽ ഇതിലും കുറഞ്ഞ പലിശയ്ക്ക് എത്ര കോടികൾ വേണമെങ്കിലും ലഭിക്കുമായിരുന്നു. നിയമവും ചട്ടവുമൊന്നും അതിന് അനുവദിക്കുന്നില്ലെന്നു മാത്രം. ഇവിടെ സർക്കാരിനേ പണത്തിന്റെ ഞെരുക്കമുള്ളൂ. ജനങ്ങളിൽ പലരുടെയും പക്കൽ ധാരാളം പണമുണ്ട്. ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ഈ പണത്തിൽ അധികപങ്കും ബാങ്കുകളിൽ കിടക്കുകയാണ്. ആകർഷകമായ നിക്ഷേപ പദ്ധതികളുമായി സർക്കാർ മുന്നോട്ടുവന്നാൽ ഈ പണത്തിന്റെ സിംഹഭാഗവും സർക്കാരിലെത്തുമെന്നതിൽ സംശയമില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പരിമിതമായ തോതിലെങ്കിലും ബോണ്ട് വഴി പണം ശേഖരിക്കാനുള്ള അനുമതി തേടി സംസ്ഥാനം കേന്ദ്രത്തെ സമീപിക്കാത്തതല്ല. റിസർവ് ബാങ്ക് ചട്ടങ്ങൾ എതിരായതിനാൽ നടക്കുന്നില്ല എന്നു മാത്രം. സർക്കാരിനു മാത്രമല്ല പൊതുജനങ്ങൾക്കും നഷ്ടമല്ലാതെ ഇതുകൊണ്ട് ലാഭമൊന്നുമില്ല. സർക്കാർ ബോണ്ടിൽ നിക്ഷേപം നടത്താൻ ആളുകൾ മടികൂടാതെ മുന്നോട്ടുവരും. ഇവിടെ സ്വകാര്യ കമ്പനികൾ വരെ കൂടക്കൂടെ ഇത്തരം നിക്ഷേപ പദ്ധതികളുമായി എത്താറുണ്ട്. ദിവസങ്ങൾക്കുള്ളിലാണ് ലക്ഷ്യത്തിലുമധികം നിക്ഷേപം അവ സമാഹരിക്കുന്നത്. ബാങ്ക് നിക്ഷേപത്തെക്കാൾ നേട്ടം നൽകുന്നതാണ് മുഖ്യ ആകർഷണം. ഏപ്രിൽ ഒന്നു മുതൽ ദേശീയ സമ്പാദ്യ പദ്ധതികളുടെ പലിശ പോലും ഗണ്യമായി വെട്ടിക്കുറയ്ക്കുകയുണ്ടായി. പരമാവധി 7.4 ശതമാനമാണ് ഇപ്പോൾ ദേശീയ സമ്പാദ്യ പലിശ. നിക്ഷേപ പലിശ ഇത്തരത്തിൽ പാതാളത്തോളം താഴ്ന്നു നിൽക്കെയാണ് സംസ്ഥാനത്തിന് 8.96 ശതമാനം പലിശയ്ക്ക് പൊതുകടമെടുക്കേണ്ടിവരുന്നത്. സംസ്ഥാനങ്ങളുടെ ദുർവിധിയെന്നല്ലാതെ എന്തുപറയാൻ.
ഈ പശ്ചാത്തലത്തിലാണ് പൊതുവിപണിയിൽ നിന്ന് കടമെടുക്കാനുള്ള അനുമതിക്കായി സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ഈ ആവശ്യം ഉന്നയിക്കുകയുണ്ടായി. കേന്ദ്രത്തിന്റെ പ്രതികരണം അറിവായിട്ടില്ല. അതുപോലെ സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയർത്തണമെന്ന ആവശ്യവും ഇതോടൊപ്പം കേന്ദ്ര പരിഗണനയ്ക്കു സമർപ്പിച്ചിരുന്നു. മൂന്നു ശതമാനമാണ് ഇപ്പോൾ വായ്പാ പരിധി. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അത് നാലോ അഞ്ചോ ശതമാനമായി ഉയർത്തണമെന്നാണ് ആവശ്യം. ഈ വിഷയത്തിലും കേന്ദ്ര തീരുമാനം അറിയാനിരിക്കുന്നതേയുള്ളൂ.
കൊവിഡ് മഹാമാരി വരുത്തിക്കൊണ്ടിരിക്കുന്ന ആൾനാശത്തിനൊപ്പം അത് ലോക സമ്പദ് വ്യവസ്ഥയ്ക്ക് ഏല്പിക്കുന്ന അതിഭീമമായ ആഘാതവും ചർച്ചാവിഷയമാണിന്ന്. രോഗപ്രതിരോധത്തിനും ചികിത്സയ്ക്കും പുനരധിവാസത്തിനുമെല്ലാമായി ഭാരിച്ച മുതൽമുടക്കാണു വേണ്ടിവരുന്നത്. കൊവിഡ് സർവ മേഖലകളെയും സ്തംഭിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വരുമാനത്തിലും ഭീമമായ ഇടിവു സംഭവിച്ചുകഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സാമ്പത്തിക രംഗം കൊവിഡിനു മുന്നേ തന്നെ പല കാരണങ്ങളാൽ പ്രതിസന്ധിയിലായിരുന്നു. മഹാമാരി പടർന്നതിനൊപ്പം രാജ്യത്തിന്റെ വളർച്ചയും തടസപ്പെട്ടിരിക്കുകയാണ്.
കൊവിഡിനെ പിടിച്ചുകെട്ടുന്നതിൽ രാജ്യത്തിനാകെ മാതൃകയായ കേരളത്തിന്റെ സാമ്പത്തിക നിലയും ഒട്ടും ശോഭനമല്ല. വലിയ തോതിൽ പണച്ചെലവുണ്ടാക്കുന്നതാണ് രോഗപ്രതിരോധ നടപടികൾ. ഇതിനൊപ്പം തന്നെ ലോക് ഡൗണിന്റെ ആഘാതത്തിൽപെട്ട ജനങ്ങൾക്ക് സാമൂഹ്യ സുരക്ഷാ നടപടികൾ വൻതോതിൽ നടപ്പാക്കുന്നതു മൂലമുണ്ടാകുന്ന അധികച്ചെലവും നേരിടേണ്ടതായിട്ടുണ്ട്. പൊതുജനാരോഗ്യ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകുന്നതിനാൽ ആ ഇനത്തിലുള്ള ചെലവുകൾ കുതിച്ചുയരുകയാണ്. എല്ലാംകൊണ്ടും ഖജനാവ് നന്നേ ശോഷിക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനം സഹായത്തിനായി കേന്ദ്രത്തെ ഉറ്റുനോക്കുന്നത്. മുൻ അനുഭവങ്ങൾ ഓർക്കാൻ അത്ര സുഖമുള്ളതൊന്നുമല്ല. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷ പുലർത്തുന്നതിൽ അർത്ഥമില്ല.
സംസ്ഥാനത്തെ മുക്കാലും വിഴുങ്ങിയ പ്രളയദുരന്തമുണ്ടായപ്പോഴും കാര്യമായ സഹായമൊന്നും കേന്ദ്രത്തിൽ നിന്നുണ്ടായില്ല. ഈ മഹാമാരിക്കാലത്താണ് 2018-ലെ പ്രളയ ദുരിതാശ്വാസത്തിന്റെ ഒരു വിഹിതമായ 350 കോടി രൂപ അനുവദിച്ചതായ വാർത്ത എത്തുന്നത്.
മഹാമാരി കെട്ടടങ്ങിയാലും അതു സൃഷ്ടിച്ച സാമ്പത്തികാഘാതത്തിൽ നിന്നു കരകയറാൻ വ്യക്തികൾക്കെന്ന പോലെ സംസ്ഥാനത്തിനും ഏറെ നാൾ വേണ്ടിവരും. ഏറെ പണച്ചെലവു വേണ്ടി വരുന്ന കാര്യങ്ങളാണിതൊക്കെ. പാളം തെറ്റിക്കിടക്കുന്ന സാമ്പത്തിക രംഗം നേരെയാക്കാൻ കുറച്ചൊന്നുമല്ല ശ്രമം വേണ്ടിവരുന്നത്. ഇപ്പോഴത്തെ അസാധാരണ സാഹചര്യങ്ങൾക്കനുസൃതമായി സാമ്പത്തിക നയസമീപനങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ കേന്ദ്രം തയ്യാറാകേണ്ടിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |