പത്തനംതിട്ട:പോളിയോയെയും ക്ഷയത്തെയും തുരത്തി രാജ്യത്തിന് മാതൃകയായ പത്തനംതിട്ട ജില്ല കൊവിഡ് 19 പ്രതിരോധത്തിലും തിളങ്ങി. രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തെ തളച്ച് കേരളം ലോകശ്രദ്ധ നേടിയപ്പോൾ പാഠമായതും പത്തനംതിട്ട.
കൊവിഡ് പ്രതിരോധത്തിലെ മികവിന് കേന്ദ്ര സർക്കാരിന്റെ പ്രശംസയും നേടി. ചികിത്സാരീതികളറിയാൻ കേന്ദ്ര ആരോഗ്യവകുപ്പ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുമായി ഇപ്പോഴും ആശയ വിനിമയം നടത്തുന്നു.
കൊവിഡിനെ തുടക്കത്തിലേ പിടിച്ചുകെട്ടിയതിനു പിന്നിൽ ശക്തമായ ആരോഗ്യ സംവിധാനങ്ങളുടെയും ഒത്താെരുമയുടെയും പാരമ്പര്യമുണ്ട്.
രാജ്യത്തെ ആദ്യ പോളിയോ മുക്ത ജില്ല, ക്ഷയരോഗ നിയന്ത്രണത്തിലെ മികച്ച പ്രവർത്തനം എന്നീ നിലയിൽ ലോകാരോഗ്യ സംഘടന പത്തനംതിട്ടയെ പഠന വിധേയമായിക്കിയിട്ടുണ്ട്.
ശക്തമായ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, രോഗികളെ കണ്ടെത്തി മരുന്ന് കഴിപ്പിക്കുന്ന കരുതൽ, ഗർഭിണികളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും ക്ഷേമം അന്വേഷിച്ച് വീടുകളിലെത്തുന്ന അങ്കണവാടി - ആശാ വർക്കർമാരുടെ ജാഗ്രത, ആധുനിക സൗകര്യങ്ങളുളള സർക്കാർ, സ്വകാര്യ ആശുപത്രികൾ, ഉയർന്ന സാക്ഷരത, വിദ്യാഭ്യാസ-സാമൂഹിക ഉന്നതി തുടങ്ങിയവയാണ് പത്തനംതിട്ടയ്‌ക്ക് നേട്ടമായതെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.
കൊവിഡിനെ തുരത്താൻ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും പൊലീസും അഗ്നിരക്ഷാസേനയും രംഗത്തിറങ്ങിയപ്പോൾ രാജ്യത്തിന് പാഠമാക്കാനായി മൂന്നാമത്തെ നേട്ടമാണ് പത്തനംതിട്ട കൈവരിച്ചത്.
മാർച്ച് എട്ടിന് ഒൻപത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഭീതിയിലായ പത്തനംതിട്ടക്കാർ രോഗത്തെ പിടിച്ചു കെട്ടിയതിന്റെ ആത്മവിശ്വാസത്തിലാണിപ്പോൾ. 17 കൊവിഡ് കേസുകളിൽ 10 പേർക്കും രോഗം ഭേദമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |