SignIn
Kerala Kaumudi Online
Thursday, 01 October 2020 11.01 AM IST

ആ കളങ്കം പൊലീസ് ഒഴിവാക്കണമായിരുന്നു

police

ലോക്ക്‌ ഡൗൺ നാളുകളിലെ പൊലീസ് സേവനം സമൂഹത്തിന്റെ മുഴുവൻ ആദരവു നേടിയതാണ്. നിയന്ത്രണങ്ങൾ കർക്കശമായി നടപ്പാക്കുന്നതിൽ സേന വഹിച്ച പങ്ക് വാഴ‌്‌ത്തപ്പെടേണ്ടതുതന്നെ. ചുട്ടുപൊള്ളുന്ന വെയിലിൽ വിശ്രമം മറന്നാണ് അവർ സംസ്ഥാനത്തുടനീളം നിരത്തുകളിലും ആളുകൾക്ക് പ്രവേശനം അനുവദിച്ചിരുന്ന ഇടങ്ങളിലും കാവൽ നിൽക്കുന്നത്. സേനയുടെ തനതു ചുമതലകൾക്കു പുറമെ ജനങ്ങളുടെ ഏത് അടിയന്തര വിളിക്കും അവർ ഓടിയെത്തിക്കൊണ്ടിരിക്കുകയാണ്. രോഗികളെ ആശുപത്രിയിൽ എത്തിക്കാനും ആവശ്യക്കാർക്ക് ഔഷധം എത്തിക്കാനുമെല്ലാം ഈ ദുരന്ത നാളുകളിൽ സഹായത്തിന് അവർ മുൻനിരയിൽത്തന്നെ ഉണ്ട്. സമൂഹത്തിന്റെ സ്നേഹവും വിശ്വാസവുമാർജ്ജിക്കുന്ന അനവധി സൽകർമ്മങ്ങൾ പൊലീസ് സേനാംഗങ്ങങ്ങളുടേതായി ഇക്കഴിഞ്ഞ നാളുകളിൽ കാണാൻ കഴിഞ്ഞു. ജനങ്ങളുടെ യഥാർത്ഥ സുഹൃത്തുക്കളാകാൻ അവർക്കു സാധിച്ചത് അർപ്പണബോധത്തോടെയുള്ള സേവനം കാരണമാണ്. ഇത്തരത്തിൽ പ്രശംസയുടെ കൊടുമുടിയിൽ നിൽക്കവെ തന്നെ അങ്ങിങ്ങ് ഇതിനെല്ലാം കളങ്കമുണ്ടാക്കുന്ന ഒറ്റപ്പെട്ട ചില സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. അതിലൊന്നിനാണ് സംസ്ഥാനം ബുധനാഴ്ച സാക്ഷ്യം വഹിച്ചത്. പുനലൂരിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു ഡിസ്‌ചാർജ് ചെയ്ത എൺപത്തൊൻപതുകാരനായ പിതാവിനെയും എടുത്തുകൊണ്ട് വാഹനങ്ങൾക്കിടയിലൂടെ നടന്നുനീങ്ങുന്ന യുവാവിന്റെ ചിത്രം കണ്ട് മനസു നോവാത്തവരായി ആരുമുണ്ടാകില്ല. പിതാവിനെ കൊണ്ടുപോകാനായി ആട്ടോറിക്ഷയുമായി എത്തിയ യുവാവിനെ പൊലീസ് തടഞ്ഞതിനെത്തുടർന്നാണ് ഗത്യന്തരമില്ലാതെ ആട്ടോ വഴിയിൽ ഉപേക്ഷിച്ച് ആശുപത്രിയിലെത്തി പിതാവിനെ തോളിലേറ്റി കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായത്. ആവശ്യമായ രേഖകളില്ലാത്തതിന്റെ പേരിലാണ് ആട്ടോ തടഞ്ഞതെന്ന് വിശദീകരണം വന്നിട്ടുണ്ട്. ശരി ആരുടെ ഭാഗത്തായാലും അര കിലോമീറ്ററോളം പിതാവിനെ എടുത്തുകൊണ്ടു പോകേണ്ടിവന്ന യുവാവിന്റെ ദൈന്യത അത്ര പെട്ടെന്നു മനസിൽ നിന്നു മായില്ല. നിയമം നടപ്പാക്കുന്നതിനൊപ്പം ആവശ്യം കണ്ടറിഞ്ഞു ബോദ്ധ്യപ്പെട്ട് ആവശ്യമായ സന്ദർഭങ്ങളിൽ ഇളവു നൽകാനും നിയമപാലകർക്കു കഴിയണം. അങ്ങനെ ചെയ്യുമ്പോഴാണ് അവരുടെ സേവനം കൂടുതൽ മഹത്തരമാകുന്നത്.

ബുധനാഴ്ച തന്നെ പുനലൂരിൽ ഒരു ദമ്പതികൾക്കും പൊലീസിൽ നിന്ന് ഇതേ തരത്തിൽ ദുരനുഭവമുണ്ടായി. പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്കു തിരിച്ച ആട്ടോറിക്ഷ പൊലീസ് പിടിച്ചെടുത്ത് സ്റ്റേഷനിൽ കൊണ്ടിട്ടതിനെത്തുടർന്നാണ് അവർക്ക് ആറുമണിക്കൂറോളം സ്റ്റേഷൻ മുറ്റത്ത് കഴിയേണ്ടിവന്നത്. ഇവിടെയും പ്രശ്നമായത് യാത്രയ്ക്കാവശ്യമായ സത്യവാങ്‌മൂലം കൈയിലില്ലാതിരുന്നതാണ്. ഇത്തരം സന്ദർഭങ്ങളിൽ വിവേകവും സഹാനുഭൂതിയുമാണ് പൊലീസുകാരിൽ നിന്നുണ്ടാകേണ്ടത്. അത്യാവശ്യ സന്ദർഭത്തിൽ ആട്ടോറിക്ഷയ്ക്കും ഓടാൻ അനുവാദമുള്ളപ്പോഴാണ് കുഞ്ഞുമായി ആശുപത്രിയിലേക്കു പോയ ആട്ടോ പൊലീസുകാർ പിടിച്ചെടുത്തത്.

അനേകം നല്ല കാര്യങ്ങൾക്കിടയിലാണെങ്കിലും മനുഷ്യത്വത്തിനു നിരക്കാത്ത ഇത്തരം സംഭവങ്ങൾ മഹാമാരിയുടെ ഈ നാളുകളിൽ പൊലീസിൽ നിന്ന് ഉണ്ടായിക്കൂടാത്തതാണ്.സർക്കാരിന് പേരുദോഷം ഉണ്ടാക്കാൻ കരുതിക്കൂട്ടി ഉണ്ടാക്കിയതാണോ ഇൗ സംഭവമെന്നും ചിലർ സംശയിച്ചാൽ കുറ്റംപറയാനാകില്ല.

യാത്രാവിലക്ക് പ്രാബല്യത്തിലുള്ളതിനാൽ അത്യാവശ്യക്കാർ മാത്രമേ സാധാരണഗതിയിൽ പുറത്തിറങ്ങാറുള്ളൂ. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഗണ്യമായി തടയാനായത് ജനങ്ങൾ ആത്മാർത്ഥമായി നിയന്ത്രണങ്ങളുമായി സഹകരിച്ചതുകൊണ്ടാണ്. വാഹന പരിശോധനയ്ക്കായി നിലയുറപ്പിക്കുന്ന സേനാംഗങ്ങൾ ഒന്നു മനസിരുത്തിയാൽ പുനലൂരുണ്ടായതുപോലുള്ള നിർഭാഗ്യകരമായ സംഭവങ്ങൾ ഒഴിവാക്കാനാകും. കല്ലേപ്പിളർക്കുന്ന നിയമമാണെങ്കിലും മനുഷ്യവേദനയ്ക്കു മുമ്പിൽ ചിലപ്പോൾ വഴങ്ങേണ്ടിവരും.

പ്രതിസന്ധി ഘട്ടങ്ങളിൽ അസാദ്ധ്യമായത് സാദ്ധ്യമാക്കാൻ എക്കാലത്തും മനുഷ്യ കൂട്ടായ്മ സഹായത്തിനെത്താറുണ്ട്. ഈ കൊവിഡ് കാലത്ത് അത്തരത്തിൽ എത്രയെത്ര അനുഭവങ്ങൾക്കാണ് സമൂഹം സാക്ഷിയായത്. ഇതിലൊക്കെ പൊലീസ് സേന വഹിച്ച പങ്കും അളവറ്റതാണ്. ശരിയായ സമയത്ത് അവരുടെ ഇടപെടലും സഹായവും കൊണ്ടു മാത്രം എത്രയോ പേർക്ക് ജീവൻ നിലനിറുത്താനായി. അന്ത്യകർമ്മങ്ങൾക്ക് ആളില്ലാത്തവർക്കു സഹായികളായതും അവർ തന്നെ. വിഷുനാളിൽ നാഗർകോവിൽ ആശുപത്രിയിൽ പിറന്ന ശിശുവിന് അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്ക് കൊച്ചിയിൽ എത്തേണ്ടിവന്നു. കൊച്ചിയിലേക്കു വഴിയൊരുക്കാൻ പൊലീസാണ് തുണയായത്. ന്യുമോണിയ പിടിപെട്ട് രാജസ്ഥാനിലെ ജോധ്‌പൂർ ആശുപത്രിയിലായ ബി.എസ്.എഫ് ജവാൻ അരുൺകുമാറിന് വിഷുദിനത്തിൽ അമ്മയുടെയും ഭാര്യയുടെയും സാന്നിദ്ധ്യം ഉറപ്പാക്കിയതിനു പിന്നിൽ എത്രയോ നല്ല മനുഷ്യരുടെ അശ്രാന്ത പരിശ്രമം ഉണ്ടായിരുന്നു. അരുണിന്റെ അമ്മയും ഭാര്യയും മുണ്ടക്കയത്തു നിന്ന് കാറിൽ 2700 കിലോമീറ്റർ സഞ്ചരിച്ചാണ് ജോധ്‌പൂരിലെത്തിയത്. സേവനത്തിന്റെ ഉദാത്ത മാതൃകകൾ സൃഷ്ടിച്ച യുവകളക്ടർമാർ ഈ ആപത്തുകാലത്തും ജനങ്ങളുടെ ഒപ്പം നിന്നു. ആരോഗ്യമേഖലയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സേവനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലാണ് കടപ്പാട് തീരുക.

ലോക്ക് ഡൗണിലെ കർക്കശ നിയന്ത്രണങ്ങൾ ഏപ്രിൽ 20-ന് തീരുമെങ്കിലും ഇപ്പോഴത്തെ ജാഗ്രത അതേപടി തുടരേണ്ടിവരും. രോഗവ്യാപനം തടയുന്നതിലും ചികിത്സയിലും നിരീക്ഷണത്തിലുമെല്ലാം ഒന്നാം സ്ഥാനത്തെത്താൻ കേരളത്തിനു സാധിച്ചത് കണക്കിലേറെ ജാഗ്രത പാലിച്ചതുകൊണ്ടാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: POLICE EDITORIYAL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.