കൊടുങ്ങല്ലൂർ: യുവാക്കൾ തമ്പടിച്ചിരുന്ന ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് തോട്ടം കണ്ടെത്തി. 20 സെന്റി മീറ്ററോളം വളർന്ന 56 കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
എറിയാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ തട്ടുപള്ളി-ഐ.എച്ച് ആർ.ഡി കോളേജ് റോഡിന് സമീപത്തെ പറമ്പിലാണ് ഇവ വളർത്തിയിരുന്നത്.
ലഹരിക്ക് അടിമകളായവരെന്ന് കരുതുന്ന നിരവധി യുവാക്കൾ ഇവിടെ തമ്പടിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇവർക്കെതിരെ ശബ്ദമുയർത്തിയ പൊതുപ്രവർത്തകനെ രണ്ട് മാസം മുമ്പ് കൈയേറ്റം ചെയ്തിരുന്നു. രോഷാകുലരായ നാട്ടുകാർ
അവിടെ താത്കാലികമായി ഉണ്ടാക്കിയിരുന്ന ഷെഡ് ചുട്ടെരിച്ചു. ഇതോടെ എക്‌സൈസ് സംഘം നിരീക്ഷണം തുടങ്ങി. തുടർന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
കഞ്ചാവ് കൃഷി ചെയ്തവരെ കണ്ടെത്താൻ സി.സി.ടി.വി. കാമറ ദൃശ്യങ്ങൾ പരിശോധിക്കുമെന്നും എക്‌സൈസ് അധികൃതർ പറഞ്ഞു.
എക്‌സൈസ് ഇൻസ്‌പെക്ടർ പി.എം പ്രവീണിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ പി.ആർ. സുനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനീഷ് ഇ. പോൾ, പി.എം. ജദീർ എന്നിവരാണ് ചെടികൾ കണ്ടെത്തിയത്.
കൊടിയെ ചൊല്ലി
രാഷ്ട്രീയ വിവാദം
കഞ്ചാവ് തോട്ടത്തിൽ സി.പി. എമ്മിന്റെ കൊടി കണ്ടെത്തിയതുമായി ബന്ധപ്പെട്ടും വിവാദം. കൊടി കൊണ്ടിട്ടതിന് പിന്നിൽ കോൺഗ്രസുകാരാണെന്നാണ് സി.പി.എം ആക്ഷേപം. കോൺഗ്രസ് ശക്തികേന്ദ്രത്തിൽ സ്വാധീനമുറപ്പിക്കാൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന് പ്രഖ്യാപിച്ച് ഇവിടെ തമ്പടിച്ചിരുന്നവർക്ക് പിന്തുണ നൽകിയത് സി.പി.എമ്മാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |