തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ തോത് കണക്കാക്കി ജില്ലകളെ നാല് മേഖലകളായി തിരിച്ച് ലോക്ക് ഡൗൺനിയന്ത്രണത്തിൽ ഇളവ് വരുത്തുന്നതിന് കേന്ദ്രാനുമതി തേടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്രം ഇപ്പോൾ കണക്കാക്കിയ ഹോട്ട് സ്പോട്ട് മേഖലകളിൽ മാറ്റം വരുത്തിയാലേ ഇത് സാദ്ധ്യമാകൂ. ഇന്നലെ രാത്രിയോടെ ശുപാർശ കേന്ദ്രത്തിനയച്ചു.
കേന്ദ്ര പട്ടിക പ്രകാരം കാസർകോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഹോട്ട് സ്പോട്ടിൽ. ഇതിൽ കൊവിഡ് പോസിറ്റീവ് കേസുകളുടെ തോത് കണക്കാക്കിയുള്ള മാറ്റത്തിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാസർകോട് - 61, കണ്ണൂർ - 45, മലപ്പുറം, കോഴിക്കോട്- 9 വീതം എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ. ഇതിൽ മൂന്ന് ജില്ലകൾ ഇപ്പോൾ തന്നെ ഹോട്ട് സ്പോട്ടുകളാണ്. കോഴിക്കോടിനെയും ഒന്നാം മേഖലയിൽ ഉൾപ്പെടുത്തും. രണ്ടാം മേഖലയിലുള്ള പത്തനംതിട്ടയിൽ ആറും എറണാകുളത്ത് മൂന്നും കൊല്ലത്ത് അഞ്ചും പോസിറ്റീവ് കേസുകളുണ്ട്. മൂന്നാം മേഖലയിലുള്ള ആലപ്പുഴയിൽ മൂന്നും തിരുവനന്തപുരത്തും പാലക്കാട്ടും രണ്ട് വീതവും തൃശൂരിലും വയനാട്ടിലും ഒന്ന് വീതവുമാണ് പോസിറ്റീവ് കേസുകൾ.
നാലാം മേഖലയിലെ കോട്ടയത്തും ഇടുക്കിയിലും പോസിറ്റീവ് കേസുകളില്ല.
കോഴിക്കോടിനെ ഹോട്ട് സ്‌പോട്ടാക്കണം. രണ്ട് കേസുകൾ മാത്രമുള്ള തിരുവനന്തപുരത്തെയും ആറ് കേസുകളുള്ള പത്തനംതിട്ടയെയും ഹോട്ട് സ്പോട്ട് പരിധിയിൽ നിന്ന് ഒഴിവാക്കുകയും വേണം.
കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിച്ചായിരിക്കും ഇളവുകളെല്ലാം. കൊവിഡ് രോഗമുക്തി നേടിയവർ വീട്ടിലേക്ക് മടങ്ങിയാലും 14 ദിവസം നിർബന്ധിത നിരീക്ഷണത്തിൽ കഴിയണം. കുടുംബാംഗങ്ങൾക്കും ഇത് ബാധകം.
മാസ്ക് നിർബന്ധം
സംസ്ഥാനത്ത് എവിടെയായാലും പുറത്തിറങ്ങുന്നവർക്ക് മാസ്ക് നിർബന്ധം. സാനിറ്റൈസർ, കൈ കഴുകാൻ സോപ്പ് എന്നിവ എല്ലായിടത്തും.
മേഖല 1: കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം
മേയ് 3 വരെ സമ്പൂർണ ലോക്ക് ഡൗൺ.
ജില്ലകളിലെ തീവ്ര രോഗബാധയുള്ള ഹോട്ട് സ്പോട്ട് വില്ലേജുകൾ കണ്ടെത്തി വില്ലേജതിർത്തികൾ അടയ്ക്കും. ഓരോ എൻട്രി, എക്സിറ്റ് പോയിന്റുകൾ മാത്രം. സർക്കാരിന്റെ ഭക്ഷ്യധാന്യവും മറ്റും ഇതുവഴി
മേഖല 2: പത്തനംതിട്ട, എറണാകുളം, കൊല്ലം
24 വരെ സമ്പൂർണ ലോക്ക് ഡൗൺ
ഇവിടെയും ഹോട്ട്സ്പോട്ട് പ്രദേശങ്ങൾ കണ്ടെത്തി അതിർത്തികളടയ്ക്കും. 24ന് ശേഷം സ്ഥിതിഗതി വിലയിരുത്തി ഇളവുകൾ
മേഖല 3 ആലപ്പുഴ, തിരുവനന്തപുരം, തൃശൂർ, പാലക്കാട്, വയനാട്
20ന് ശേഷം ഭാഗികമായി സാധാരണ ജീവിതം.
സിനിമാ ഹാളുകൾ, ആരാധനാലയങ്ങൾ, പൊതുചടങ്ങുകൾ, പാർട്ടികൾ എന്നിവയ്ക്ക് വിലക്ക് തുടരും. കടകളും റസ്റ്റോറന്റുകളും രാത്രി 7 വരെ
മേഖല 4: കോട്ടയം, ഇടുക്കി
20ന് ശേഷം സാധാരണ ജീവിതത്തിന് ഇളവ്
സുരക്ഷാക്രമീകരണങ്ങൾ തുടരും. ജില്ല വിട്ടുള്ള യാത്ര അനുവദിക്കില്ല. ഇടുക്കിയിൽ സംസ്ഥാന അതിർത്തി പങ്കിടുന്നിടത്ത് കനത്ത ജാഗ്രത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |