തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രം പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഇളവുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് വരുത്തേണ്ട ക്രമീകരണങ്ങൾ മന്ത്രിസഭായോഗം തീരുമാനിച്ചു. നിർമ്മാണ, കാർഷിക മേഖലകൾക്ക് പൂർണ ഇളവ് അനുവദിക്കാനാണ് തീരുമാനം. ശാരീരിക അകലം, ശുചിത്വമാനദണ്ഡം എന്നിവ പാലിച്ചായിരിക്കും ഓരോ പ്രവർത്തികൾക്കും ഇളവ്. വ്യവസായ, തൊഴിൽ മേഖലകളിൽ തൊഴിലാളികളുടെ ആരോഗ്യപരിശോധന ഉറപ്പാക്കണം.
അനുമതി, ഇളവുകൾ:
- പൊതുമരാമത്ത് വകുപ്പിലും സ്വകാര്യമേഖലയിലും നിറുത്തിവച്ച നിർമാണപ്രവൃത്തികൾ.
-വ്യവസായസ്ഥാപനങ്ങളിൽ കഴിയാവുന്നത്ര പ്രവർത്തനം. 50ശതമാനം ജീവനക്കാരെ ഷിഫ്റ്റടിസ്ഥാനത്തിൽ നിയോഗിക്കണം. ജീവനക്കാരുടെ പ്രവേശനത്തിന് പ്രത്യേക എൻട്രി പോയിന്റുകൾ. ആരോഗ്യപ്രശ്നമുള്ളവരെ ഒഴിവാക്കുക. താമസസൗകര്യമില്ലാത്ത ജീവനക്കാർക്ക് വാഹനസൗകര്യം കമ്പനികളൊരുക്കണം.
- കയർ, കൈത്തറി, കശുഅണ്ടി, ബീഡി, ഖാദി, കരകൗശലം തുടങ്ങി പരമ്പരാഗത വ്യവസായമേഖലയിലും ഇതേ മാനദണ്ഡം.
-റബർ സംസ്കരണ യൂണിറ്റുകൾ (മെഡിക്കൽ ഉപകരണങ്ങൾക്ക് റബർ ആവശ്യമുണ്ട്).
- പാതിവഴിയിൽ നിറുത്തിയ കെട്ടിടനിർമാണം. ലൈഫ് പദ്ധതിയും ഉൾപ്പെടും.
-എല്ലായിടത്തും കാർഷികവൃത്തി.
-കാർഷികോല്പന്നങ്ങളുടെ സംഭരണത്തിനും വില്പനയ്ക്കും മാർക്കറ്റുകൾ
-വിവിധ മില്ലുകൾ. വെളിച്ചെണ്ണ ഉല്പാദന യൂണിറ്റുകൾ.
-വിത്ത്, വളം വില്പനശാലകൾ
-മിനിമം ജീവനക്കാരുമായി പഞ്ചായത്ത് ഓഫീസുകളും വില്ലേജ് ഓഫീസുകളും കൃഷിഭവനുകളും.
-അക്ഷയകേന്ദ്രങ്ങൾ
-തോട്ടം മേഖലയിൽ കേന്ദ്രം പ്രഖ്യാപിച്ച പ്രകാരം. ഏലം തോട്ടങ്ങളെയും ഉൾപ്പെടുത്തും. 50ശതമാനം തൊഴിലാളികളെ വച്ച് രണ്ട് ഘട്ടമായി.
- സഹകരണസ്ഥാപനങ്ങൾ
- ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ, ഫിസിയോതെറാപ്പി സ്ഥാപനങ്ങൾ
- ആയുർവേദ, ഹോമിയോ മരുന്നു ശാലകൾ,കമ്പനികൾ
-തൊഴിലുറപ്പ് പദ്ധതി അഞ്ച് പേരടങ്ങുന്ന സംഘമായി.
- വീടുകളിൽ എത്തി ജോലി ചെയ്യാൻ പ്ലംബർ, ഇലക്ട്രിഷ്യൻ, കമ്പ്യൂട്ടർ ടെക്നിഷ്യൻ
-മേയ് 3 വരെ അടച്ചിടേണ്ടി വരുന്ന സ്ഥാപനങ്ങൾ വൃത്തിയാക്കാനും ക്രമീകരണം നടത്താനും ഒരു ദിവസം.
- വാഹന കച്ചവടക്കാരുടെ പക്കലുള്ള വാഹനങ്ങൾ സ്റ്റാർട്ടാക്കാൻ ആഴ്ചയിലൊരു ദിവസം. യൂസ്ഡ് വാഹനങ്ങൾ, വിൽക്കുന്ന കടകൾ, പ്രൈവറ്റ് ബസുകൾ തുടങ്ങിയവർക്കും ഈ ദിവസം.
-ഓല, ഓട് മേഞ്ഞ വീടുകളുടെ അറ്റകുറ്റപ്പണി.
-കിണറുകൾ വൃത്തിയാക്കൽ
-കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്ന് കശുഅണ്ടി കൊല്ലത്തെത്തിക്കാം.
-മേയ് 15വരെ അങ്കണവാടി കുട്ടികൾക്ക് ഭക്ഷണം വീടുകളിൽ.
-കേരള ബാങ്കിന്റ 779 ശാഖകളിലൂടെ പ്രവാസികൾക്ക് പ്രത്യേക സ്വർണപ്പണയ വായ്പാപദ്ധതി. 3ശതമാനം പലിശയ്ക്ക് പരമാവധി 50,000രൂപവരെ. കാലാവധി 4 മാസം.
കള്ള് ചെത്ത് പുനരാരംഭിക്കാം. ഇപ്പോൾ പ്രവർത്തി ആരംഭിച്ചാലേ ഒരു മാസം കഴിഞ്ഞ് കള്ള് ലഭിക്കൂ.
ഇൻഫോ:
'ജനങ്ങൾക്ക് സാധാരണ ജീവിതം നയിക്കാൻ ചില മേഖലകളിൽ ഇളവ് വേണ്ടിവരും. ആളുകൾക്ക് വരുമാനമുണ്ടാകാൻ ക്രയവിക്രയശേഷി കൂടണം. തൊഴിൽമേഖല സജീവമാകണം. അതിനുതകുന്ന ചില തീരുമാനങ്ങൾ കേന്ദ്രം പ്രഖ്യാപിച്ചു. അതിന്റെ ചുവടുപിടിച്ചുള്ള തീരുമാനങ്ങളാണിവിടെ'- മുഖ്യമന്ത്രി പിണറായി വിജയൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |