തിരുവനന്തപുരം: ലോക്ക് ഡൗണിൽ മുടങ്ങിയ ക്ലാസുകൾ നടത്താൻ സർവകലാശാലകൾ നൈപുണ്യ വികസന പദ്ധതിയായ അഡീഷനൽ സ്‌കിൽ അക്ക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) സഹായത്തോടെ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ പുരോഗമിക്കുന്നു. സംസ്ഥാനത്തെ സർവകലാശാലകളിലെയും പോളിടെക്നിക്ക് കോളജുകളിലെയും ബിരുദ, ബിരുദാനന്തര / ഡിപ്ലോമ കോഴ്സുകളിലെ അവശേഷിക്കുന്ന പാഠഭാഗങ്ങൾ അദ്ധ്യാപകരുടെ സഹായത്തോടെ ഓൺലൈൻ ക്ലാസുകളിലൂടെ പൂർത്തീകരിക്കാനാണു പദ്ധതി. ഏപ്രിൽ 15ന് ആരംഭിച്ച ക്ലാസുകൾ രാവിലെ 8.30 മുതൽ രാത്രി 9.30 വരെ ഓരോ വിഷയത്തിലും ഒരു മണിക്കൂർ ദൈർഘ്യമുള്ള സെഷനുകളായാണ് പൂർത്തിയാക്കുക. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി റെക്കോർഡ് ചെയ്ത വീഡിയോ അസാപിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യും. തത്സമയം സെഷനുകൾ കാണാനും സംശയങ്ങൾ ഉന്നയിക്കാനും ക്ലാസ് ഷെഡ്യൂളറിയാനും www.skillparkerala.in/online-classes/ ലിങ്ക് സന്ദർശിക്കണം.
സയൻസ്, കൊമേഴ്സ്, ആർട്സ്, എൻജിനീയറിംഗ് തുടങ്ങി ഏഴ് വിഭാഗങ്ങളായിത്തിരിച്ചുള്ള വിവിധ ഹ്രസ്വകാല കോഴ്സുകളും അസാപ് ലഭ്യമാക്കുന്നു. കൂടാതെ വ്യവസായലോകത്ത് തൊഴിലവസരങ്ങൾ ലഭ്യമാകുന്ന വിവിധ മേഖലകളിലെ സാധ്യതകളെ സംബന്ധിച്ച് വിദഗ്ദ്ധർ അസാപിന്റെ ഓൺലൈൻ വെബിനാർ പ്ലാറ്റ്ഫോമിലൂടെ എല്ലാദിവസവും രാവിലെ 11നും ഉച്ചകഴിഞ്ഞ് 4നും ഉദ്യോഗാർത്ഥികളുമായി സംവദിക്കും. സൗജന്യമായി വിവിധ വിഷയങ്ങളിൽ ഹ്രസ്വകാല കോഴ്സുകളും ലഭ്യമാക്കുന്നുണ്ട്. വിവരങ്ങൾ: www.asapkerala.gov.in / www.skillparkkerala.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |