തിരുവനന്തപുരം: കൊവിഡ് രോഗബാധ സംസ്ഥാനത്തുണ്ടായ സാമ്പത്തിക ആഘാതത്തെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നിർമ്മാണ, ടൂറിസം മേഖലകളിൽ നേടിയ വളർച്ചയും പ്രവാസികൾ അയക്കുന്ന പണവുമാണ് ഉപഭോക്ത്യ സംസ്ഥാനമായ കേരളത്തിന്റെ വാങ്ങൽ ശേഷി ശക്തിപ്പെടുത്തിയത്. കൊവിഡ് വ്യാപനത്തോടെ ഇത് ഗണ്യമായ ഇടിഞ്ഞു.സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം ഏതാണ്ട് നിലച്ചു. എന്നാൽ ചെലവുകളുടെ കാര്യത്തിൽ വലിയ വർദ്ധനയുണ്ടായി.
എട്ട്, ഒൻപത് ശതമാനം വളർച്ചയുണ്ടായിരുന്ന രാജ്യത്തെ സമ്പദ് ഘടന അഞ്ച് ശതമാനത്തിൽ താഴെ നിൽക്കുമ്പോഴാണ് മഹാമാരി പ്രത്യക്ഷപ്പെട്ടത്. ഈ ദേശീയ സാഹചര്യത്തിലും കേരളം പശ്ചാത്തല സൗകര്യ വികസനവും സാമൂഹ്യമേഖലയിലെ ഇടപെടലും ശക്തമാക്കി സാമ്പത്തിക വളർച്ച 7.5 ശതമാനത്തിൽ നിലനിറുത്തി. രണ്ട് പ്രകൃതി ദുരന്തങ്ങൾ നേരിട്ട സംസ്ഥാനത്തിന് ഈ വളർച്ച നേട്ടമാണ്.പൊതുധനകാര്യ രംഗത്ത് നല്ല ഞെരുക്കം അനുഭവപ്പെട്ടെങ്കിലും സാമൂഹ്യക്ഷേമ ചെലവുകളിൽ നിന്ന് സർക്കാർ പിന്നോട്ട് പോയിട്ടില്ല.ആരോഗ്യ,ഭക്ഷ്യസുരക്ഷാ മേഖലകളിൽ ചെലവുകൾ ഒഴിവാക്കാനാവില്ല.
ഏത് പ്രശ്നങ്ങൾ വന്നാലും നമുക്ക് മുന്നോട്ട് പോകാതിരിക്കാനാവില്ല. ദുരിതാശ്വാസ നിധിയിലേക്ക് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും എല്ലാ പ്രശ്നങ്ങളും സഹിച്ച് സംഭാവന നൽകാൻ പലരും മുന്നോട്ട് വരുന്നുന്നത് ആശ്വാസകരമാണ്. കൈനീട്ടമായി കിട്ടിയ നാണയത്തുട്ടുകൾ മുതൽ, മാസവരുമാനം, ക്ഷേമ പെൻഷൻ, ഭക്ഷണ ചെലവിൽ നിന്ന് ഒരു വിഹിതം വരെ മാറ്റിവച്ച് സംഭാവന തരുന്ന അവശജനങ്ങളുമുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികളും സഹായവുമായി എത്തുന്നു. സർക്കാർ നേരിടുന്ന വെല്ലുവിളി ചെറുതല്ല, കൂടതൽ സഹായം എല്ലാ ഭാഗത്തുനിന്നും ഉണ്ടാവണം- മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |