കൊല്ലം: തെങ്കാശി പുളിയംകുടിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് കൊവിഡ് ബാധിച്ച കുളത്തൂപ്പുഴ സ്വദേശിയായ യുവാവുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 23 പേരെ നിരീക്ഷണത്തിലാക്കി. യുവാവിന് രോഗം സ്ഥിരീകരിച്ച ചൊവ്വാഴ്ച 10 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇന്നലെയാണ് ബാക്കി 13 പേരെ നിരീക്ഷണത്തിലാക്കിയത്. മാനസിക അസ്വാസ്ഥ്യമുള്ള ഈ യുവാവ് വ്യക്തമായി വിവരങ്ങൾ വെളിപ്പെടുത്താത്തത് ആരോഗ്യ വകുപ്പിനെ കുഴയ്ക്കുന്നുണ്ട്. പൊലീസിന്റെ സഹായത്തോടെ നാട്ടുകാരുമായി സംസാരിച്ചാണ് പ്രാഥമിക സമ്പർക്കപ്പട്ടിക വിപുലീകരിച്ചത്. കഞ്ചാവ് അടക്കമുള്ള ലഹരികൾ ഉപയോഗിക്കുന്ന യുവാവിന്, അത് നൽകിയിരുന്നവർക്കായും തെരച്ചിൽ നടക്കുന്നുണ്ട്. ആര്യങ്കാവ് വരെ പച്ചക്കറി ലോറിയിൽ വന്ന ശേഷം ഇടയ്ക്ക് ഒരു ആംബുലൻസിൽ കയറിയതായും യുവാവ് പറഞ്ഞിരുന്നു. ഈ ആംബുലൻസ് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.
യുവാവിനൊപ്പം തെങ്കാശിയിൽ പോകുകയും ഒപ്പം താമസിക്കുകയും ചെയ്ത അമ്മാവന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന അമ്മാവന്റെ സമ്പർക്കപ്പട്ടികയും ആരോഗ്യ വകുപ്പ് തയ്യാറാക്കുന്നുണ്ട്. അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചാൽ കുളത്തൂപ്പുഴ ടൗണിന്റെ സ്ഥിതി രൂക്ഷമാകാൻ സാദ്ധ്യതയുണ്ട്. തെങ്കാശിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം വളരെക്കൂടുതൽ ആളുകളുമായി ഇയാൾ ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം. കളക്ടറുടെ അദ്ധ്യക്ഷതയിൽ കുളത്തൂപ്പുഴ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |