തിരുവനന്തപുരം: കൊവിഡ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാ വിഭാഗം ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം അഞ്ച് തവണകളായി പിടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മേയ് മുതൽ സെപ്തംബർ വരെ ഓരോ മാസവും ആറ് ദിവസത്തെ ശമ്പളം പിടിക്കും. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ ഇത് തിരിച്ചുനൽകാനും നിർദ്ദേശമുണ്ട്.
എല്ലാ വിഭാഗങ്ങളെയും കണക്കിലെടുത്താൽ ഒരു മാസം 700 കോടി രൂപ വരെ സർക്കാരിന് ലാഭിക്കാം. അഞ്ച് മാസം കൊണ്ട് 3500 കോടി. ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തിനായി മാത്രം മാസം 2450 കോടി രൂപയാണ് വേണ്ടത്.
സർവകലാശാലകൾ, എയ്ഡഡ് സ്കൂളുകൾ, പൊതുമേഖല, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സർക്കാർ ഗ്രാന്റുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെയെല്ലാം ജീവനക്കാർക്ക് ഇത് ബാധകമാകും. ഇതിനകം ഒരു മാസത്തെ ശമ്പളം വാഗ്ദാനം ചെയ്തവർക്ക് ഇത് ബാധകമാകില്ല. മാസശമ്പളം 20,000 രൂപയിൽ കുറവുള്ളവരെ ഒഴിവാക്കും. അവർക്ക് സ്വമേധയാ നൽകാം.
തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബർ - നവംബറിൽ നടക്കേണ്ടതിനാൽ അതിനുമുമ്പ് ശമ്പളം പിടിത്തം പൂർത്തിയാക്കും.
സാലറി ചലഞ്ചിന് ബദൽ
പ്രളയകാലത്തെ സാലറി ചലഞ്ച് ഫലപ്രദമായില്ലെന്ന് വിലയിരുത്തിയാണ് പുതിയ രീതി. അന്ന് തുക നൽകാൻ 10 മാസം അനുവദിച്ചിട്ടും 54 ശതമാനം പേർ മാത്രമാണ് സഹകരിച്ചത്. വിസമ്മതപത്ര വ്യവസ്ഥയും കോടതിയും കേസുമൊക്കെയായി വിവാദമാവുകയും ചെയ്‌തു. ഇത്തവണ അതെല്ലാം ഒഴിവാക്കാനാണ് സാലറി ചലഞ്ച് എന്ന പേരില്ലാതെ തന്നെ എല്ലാവരുടെയും ശമ്പളം പിടിക്കുന്ന രീതി ആവിഷ്‌കരിച്ചത്. ഇതിൽനിന്ന് ആർക്കും പിന്മാറാനാവില്ല. ആറ് ദിവസത്തെ ശമ്പളം വീതം പിടിക്കുന്നത് ജീവനക്കാർക്ക് ഭാരമാകില്ലെന്നാണ് വിലയിരുത്തൽ.
മന്ത്രിമാരുടെ അഞ്ച് മാസത്തെ ശമ്പളം
മന്ത്രിമാർ, എം.എൽ.എമാർ, കോർപറേഷനുകളുടെയും സ്ഥാപനങ്ങളുടെയും സർക്കാർ നോമിനികളായ ചെയർമാൻമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ അംഗങ്ങൾ മുതലായവരുടെ മാസവേതനത്തിന്റെ 30 ശതമാനം ഒരു വർഷത്തേക്ക് കുറയ്ക്കും. അലവൻസുകൾ ഉൾപ്പെടെ മന്ത്രിമാർക്ക് 92,000 രൂപയും എം.എൽ.എമാർക്ക് 63,000രൂപയുമാണ് മാസവേതനം. അതിൽ നിന്ന് മാസം 30 ശതമാനം വീതം ഒരു വർഷം പിടിക്കുമ്പോൾ നാല് മാസത്തെ ശമ്പളമാണ് കുറയുന്നത്. മന്ത്രിമാരെല്ലാം ഇതിനകം ഒരു മാസത്തെ ശമ്പളം ഉൾപ്പെടെ ഒരു ലക്ഷം രൂപ വീതം സംഭാവന നൽകിക്കഴിഞ്ഞു. കുറേ എം.എൽ.എ മാരും ഒരു മാസത്തെ വേതനം സംഭാവന ചെയ്‌തിട്ടുണ്ട്. ഇവർക്കെല്ലാം ഫലത്തിൽ അഞ്ച് മാസത്തെ ശമ്പളമാണ് കുറയുന്നത്. എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ടിന് തടസമുണ്ടാകില്ല.
തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയവും ഒരു വർഷത്തേക്ക്
30ശതമാനം കുറയ്‌ക്കും.
" ആറു ദിവസത്തെ ശമ്പളം വീതം അഞ്ച് മാസം പിടിക്കുന്നത് താത്കാലികമായി മാത്രമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് തിരിച്ചുനൽകും. പ്രതിസന്ധികാലത്ത് ജീവനക്കാരുടെ വക കൈത്താങ്ങായി കാണണം"
- മുഖ്യമന്ത്രി പിണറായി വിജയൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |