ആലപ്പുഴ: പിന്നാക്ക ജനവിഭാഗങ്ങൾക്ക് നോൺ ക്രീമിലെയർ ആനുകൂല്യങ്ങൾ നിഷേധിക്കാനുള്ള ഗൂഢ ശ്രമങ്ങൾക്കെതിരെ രാഷ്ട്രപതിയും പ്രധാനമന്ത്റിയും ഇടപെടണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിന്റെ ആദ്യ പടി എന്ന നിലയിൽ രാഷ്ട്രപതി, പ്രധാനമന്ത്റി എന്നിവർക്കു പുറമെ രാജ്യത്തെ എല്ലാ എം.പിമാർക്കും എസ്.എൻ.ഡി.പി യോഗം കത്തുകളയയ്ക്കും.
'പിന്നാക്ക സംവരണത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതായിരുന്നു ക്രീമിലെയർ ബാധകമാക്കിക്കൊണ്ടുള്ള മണ്ഡൽ കേസിലെ സുപ്രീംകോടതി വിധി. പരമോന്നത നീതി പീഠത്തിന്റെ വിധി വേദനയോടെയാണെങ്കിലും ശിരസാവഹിച്ച പിന്നാക്കക്കാരനെ മുച്ചൂടും മുടിക്കാനുള്ള ഗൂഢാലോചനയാണ് സവർണ ബ്യൂറോക്രസി എന്നും തുടർന്നു പോരുന്നത്. നോൺ ക്രീമിലെയർ വിഭാഗത്തെ നിശ്ചയിക്കുമ്പോൾ കൃഷി ഭൂമിയിൽ നിന്നുള്ള വരുമാനവും ശമ്പളവും കണക്കാക്കാൻ പാടില്ലെന്ന് 1993 മുതൽ നിലവിലുള്ള വ്യവസ്ഥ അവസാനിപ്പിക്കണമെന്ന് ബി.പി. ശർമ്മ കമ്മിഷൻ കേന്ദ്ര സർക്കാരിനു നൽകിയിട്ടുള്ള ശുപാർശ ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
ഭരണഘടനാ പദവി, ക്ലാസ് വൺ തസ്തികകളിലുള്ളവരുടെ ശമ്പളം മാത്രമേ നോൺ ക്രീമിലെയറിനെ കണ്ടെത്താൻ പരിഗണിക്കാവൂ എന്നതാണ് നിലവിലുള്ള വ്യവസ്ഥ. ഇത് മാറ്റി എല്ലാവരുടെയും ശമ്പളം കണക്കാക്കുന്ന നില വന്നാൽ പിന്നാക്കക്കാരന് ഉദ്യോഗവും വിദ്യാഭ്യാസ അവസരങ്ങളും കിട്ടാത്ത നില വരും. സാമുദായിക സംവരണം തന്നെ ഇല്ലാതാകും. കേന്ദ്രഭരണത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ അവശ, പിന്നാക്ക വിഭാഗക്കാർ ഇരിക്കുമ്പോൾത്തന്നെ സംവരണം അട്ടിമറിക്കാൻ സവർണ ഉദ്യോഗസ്ഥ ലോബി നടത്തുന്ന നീക്കം ആശങ്കാജനകമാണ്.
ജനങ്ങളിൽ നിന്നു അകന്നു കഴിയുന്ന തങ്ങൾക്ക് സാമൂഹികമായും വിദ്യാഭ്യാസ പരമായും പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനുള്ള ശേഷി ഇല്ലാത്തതിനാൽ അത് ജനപ്രതിനിധികൾ ചെയ്യട്ടെ എന്നാണ് മണ്ഡൽ കേസിൽ സുപ്രീംകോടതി പറഞ്ഞത്. അത് മറികടക്കാനുള്ള ബ്യൂറോക്രസിയുടെ നീക്കത്തെ ചെറുക്കാൻ ഇന്ത്യയിലെ മുഴുവൻ പാർലമെന്റ് അംഗങ്ങളും മുന്നോട്ടു വരണം'- വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |