കോട്ടയം: കോട്ടയം ഒളശ്ശയിലെ 'ഡയനീഷ്യ'യിൽ 'വീട്ടുതടങ്കലിലാണ്'നടൻ വിജയരാഘവൻ.കൊവിഡ് ഭീഷണിയിൽ സിനിമാ ഷൂട്ടിംഗ് നിലച്ചതോടെ മാർച്ച് ആദ്യം സ്വന്തം വീട്ടിലെത്തിയ നടന്, പുറത്തൊന്നിറങ്ങാൻ കഴിയാത്ത സ്ഥിതി. അയൽവാസിയായ ആർ.സി.സി നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതോടെ അയ്മനം പഞ്ചായത്ത് ഹോട്ട് സ്പോട്ടായി .വീടിരിക്കുന്ന പ്രദേശം കണ്ടെയ്ൻ മെന്റ് മേഖലയാക്കി പൊലീസ് അടച്ചു. ഈ വീട്ടു തടങ്കലിലും ജീവിതം സർഗാത്മകമാക്കുകയാണ് അദ്ദേഹം.
നാടകാചാര്യനായ പിതാവ് എൻ.എൻ.പിള്ള ലഡ്ജർ ബുക്കിലാണ് നാടകങ്ങളും കുറിപ്പുകളും എഴുതി 'ഡയനീഷ്യ'യിലെ സ്വന്തം മുറിയിൽ സൂക്ഷിച്ചിട്ടുള്ളത്. 'കാപാലിക ' നാടകം പല വട്ടം എഴുതി വെട്ടിത്തിരുത്തിയ കുറിപ്പുകൾ മാത്രം പല ബുക്കുകൾ വരും. മകനും നടനുമായ ദേവദേവനുമൊത്ത് വിജയരാഘവൻ ഇതെല്ലാം പൊടി തട്ടിയെടുത്ത് വായിച്ചപ്പോൾ നാടക ഗവേഷകർക്ക് ഏറെ പ്രയോജനം ചെയ്യുന്ന അത്ഭുത ലോകമാണ് മുന്നിൽ മലർക്കെ തുറന്നത് .എൻ.എൻ.പിള്ള പല തവണ വെട്ടിത്തിരുത്തിയത് സഹോദരി ഓമനയാണ് നാടക രൂപത്തിൽ ബുക്കിലേക്ക് പകർത്തിയത്. എങ്ങനെ അഭിനയിക്കണം ,അവതരിപ്പിക്കണമെന്ന വിശദമായ കുറിപ്പ് ബുക്കിലുണ്ട്. വരും തലമുറക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ കൈയ്യെഴുത്തുപ്രതികൾ കൊവിഡ് കാലം കഴിയുമ്പോൾ ഡിജിറ്റലൈസ് ചെയ്തു സാഹിത്യ അക്കാഡമിക്കോ സംഗീത നാടക അക്കാഡമിക്കോ കൈമാറണമെന്നാണാഗ്രഹം-വിജയരാഘവൻ പറഞ്ഞു.
'കോളേജ് പഠനം കഴിഞ്ഞു 15 വർഷം നാടകം കളിച്ചു .പിന്നെ സിനിമാഭിനയമായി . ഇങ്ങനെ എല്ലാവരുമൊന്നിച്ചുള്ള വീട്ടിലിരിപ്പ് ആദ്യം. വൈകി ഉണരുന്നതിനാൽ രണ്ട് നേരമാക്കി ഭക്ഷണം. മറ്റു ജോലികളില്ലാത്തതിനാൽ അച്ഛന്റെ സാഹിത്യ ശേഖരം നന്നായി പ്രയോജനപ്പെടുത്തുന്നു. ഓരോ പുസ്തകം വായിച്ചതിന്റെയും വിശദമായ കുറിപ്പെഴുതി വച്ച ബുക്ക് വായിച്ചാൽ നമ്മൾ പുസ്തകം ആസ്വദിച്ച് വായിച്ചതു പോലാകും . സ്വയം വളർന്നുവെന്നവകാശപ്പെടുന്ന മനുഷ്യൻ വേലി കെട്ടാനും കതകടയ്ക്കാനുമാണ് പഠിച്ചതെന്ന് പരിഹാസത്തോടെ അച്ഛൻ പറയുമായിരുന്നു. ലോകം ഒന്നായതിനാൽ മതിൽക്കെട്ട് ആവശ്യമില്ലെന്ന സങ്കൽപ്പത്തിൽ ഒരു നാടകം അവസാനകാലത്തെഴുതുന്നത് ആലോചിച്ചിരുന്നു . അദൃശ്യനായ ദൈവത്തിന്റെ പേരിൽ തമ്മിൽത്തല്ലുന്ന മനുഷ്യൻ അദൃശ്യനായ കൊവിഡിനെ പേടിച്ച് വീട്ടിലിരിക്കുന്നു .എന്തു വിരോധാഭാസം . എൻ.എൻ.പിള്ള സ്റ്റൈലിൽ വിജയരാഘവൻ ചിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |