SignIn
Kerala Kaumudi Online
Friday, 05 June 2020 4.15 PM IST

രസിപ്പിക്കും ഈ അച്യുത ലീലകൾ

thattumpurathu-achutham-m

അവധിക്കാലങ്ങൾ ആഘോഷമാക്കാൻ ഒരു ലാൽ ജോസ് സിനിമ മസ്റ്റാണ്. ഈ ക്രിസ്മസ് അവധിക്കാലത്ത് കുടുംബ പ്രേക്ഷകർക്കായി ലാൽ ജോസിന്റെ തട്ടുംപുറത്ത് അച്യുതനെത്തി. നായകനായി കുഞ്ചാക്കോ ബോബനും പൊട്ടിച്ചിരി നിറയ്ക്കാൻ പ്രിയതാരങ്ങളും കൂടിയെത്തുമ്പോൾ രണ്ടര മണിക്കൂർ പൂർണമായി ആസ്വദിച്ച് കണ്ടുരസിക്കാനുള്ള ഒരു ക്ലീൻ എന്റ‌ർടെയ്‌നറാണ് തട്ടുംപുറത്ത് അച്യുതൻ.

അച്യുതന്റെ ലീലാ വിലാസങ്ങൾ

ചേലപ്ര എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ അച്യുതൻ (കുഞ്ചാക്കോ ബോബൻ) എന്ന ചെറുപ്പക്കാരന്റെയും സുഹൃത്തുക്കളുടെയും ജീവിതത്തിലൂടെ പുരോഗമിക്കുന്ന നർമ്മവും പ്രണയവും പ്രതികാരവും സമം ചേരുന്ന ഒരു തനി നാടൻ ചിത്രമാണ് തട്ടുംപുറത്ത് അച്യുതൻ. ചേലപ്ര ഗ്രാമത്തിലെ ഒരു കൃഷ്‌ണഭക്തനായ സാധാരണക്കാരനാണ് അച്യുതൻ. എല്ലാവരുടെയും നന്മ മാത്രം ആഗ്രഹിക്കുന്ന അച്യുതൻ തന്റെ സുഹൃത്തുവഴി ഒരു മോഷണത്തിൽ അബദ്ധത്തിൽ ചെന്നു ചാടുകയും അതുമായി ബന്ധപ്പെട്ട് അച്യുതന് ഇടപെടേണ്ടി വരുന്ന നിരവധി സംഭവ ബഹുലമായ മുഹൂർത്തങ്ങളുമാണ് തട്ടുംപുറത്ത് അച്യുതന് പറയാനുള്ളത്. അയൽവാസിയായ കുഞ്ഞൂട്ടൻ കാണുന്ന സ്വപ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് അച്യുതന്റെ ജീവിതം മുന്നോട്ടുപോകുന്നത് എന്ന യാദൃശ്ചികതയും കഥയിൽ നിർണായകമാണ്. തട്ടുംപുറങ്ങളിൽ നിന്ന് പിണയുന്ന അബദ്ധങ്ങളും തട്ടുംപുറത്തു മാത്രം നിന്നുകൊണ്ട് അച്യുതൻ പരിഹരിക്കുന്ന പ്രശ്‌നങ്ങളുമാണ് പേരിനു പിന്നിൽ ഒളിപ്പിച്ചിരിക്കുന്ന സസ്പെൻസ്. എം.സിന്ധുരാജിന്റെ തിരക്കഥയോടൊപ്പം ലാൽജോസ് ചിത്രത്തിന്റെ ചേരുവകൾ ചേരുമ്പോൾ മടുപ്പിക്കാത്തൊരു ചിത്രം തന്നെയാണ് തട്ടുംപുറത്ത് അച്യുതൻ.

thattumpurathu-achutham-m

അച്യുതന്റെ കഥ, ചേലപ്രയുടെയും

മലയാളത്തിന്റെ നാട്ടിൻ പുറങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള ലാൽ ജോസിന്റെ മിടുക്ക് തന്നെയാണ് ഈ ചിത്രത്തിലും മുന്നിൽ നിൽക്കുന്നത്. ഒരു നാടും നാട്ടാരും ചായക്കടയും കവല പ്രശ്നങ്ങളുമെല്ലാം ഒരു പഴങ്കഥ പോലെ കോർത്തിണക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. അവിടെ എല്ലാവർക്കും പ്രിയങ്കരനായ അച്യുതനും അവന്റെ സുഹൃത്തുക്കളും നാട്ടുകാരായ പരദൂഷണക്കാരും എത്തുമ്പോൾ അവർക്കൊപ്പം നടന്നുനീങ്ങാൻ പ്രേക്ഷകന് പാടുപെടേണ്ടിവരില്ല. പ്രേക്ഷകർ കാത്തിരിക്കുന്ന അച്യുതന്റെ പ്രണയത്തിനപ്പുറം അയാളിലെ നന്മയെ തുറന്നുകാട്ടാനാണ് സംവിധായകന്റെ ശ്രമം. പതിവിൽ നിന്ന് വ്യത്യസ്‌തമായി ചിത്രത്തിന്റെ അവസാന ഭാഗത്താണ് നായികയും നായകനും കണ്ടുമുട്ടുന്നത് എന്നതൊഴിച്ചാൽ മറ്റൊരിടത്തും പ്രതീക്കയ്ക്കപ്പുറത്തല്ല അച്യുതൻ. ഊഹിച്ചെടുക്കാവുന്ന കഥയെ ചിരി നിറയുന്ന സംഭവങ്ങൾക്കൊപ്പം ചേർത്തു നിറുത്തുമ്പോൾ അച്യുതൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനാകും.

thattumpurathu-achutham-m

പതിവുകൾ തെറ്റാതെ

കഥാപാത്രങ്ങളിലും കഥാസന്ദർഭങ്ങളിലും പതിവുകൾ തെറ്രിക്കാതെയാണ് ഇക്കുറിയും ലാൽജോസിന്റെ വരവ് എന്നതു തന്നെയാണ് തട്ടും പുറത്ത് അച്യുതനെ വ്യത്യസ്‌തമാക്കത്ത ഘടകം. സിനിമയിലെ പൊലീസ് മുഖമായി മാറിക്കഴിഞ്ഞ കലാഭവൻ ഷാജോൺ, മലപ്പുറം ശൈലി തമാശകൾക്കായി ഹരീഷ് കണാരൻ , കവല പരദൂഷണത്തിനായി കൊച്ചുപ്രേമൻ, നായകന്റെ അച്ഛനായി നെടുമുടി വേണു തുടങ്ങി മിക്ക കഥാപാത്ര സൃഷ്ടിയിലും സ്ഥിരം തിരഞ്ഞെടുപ്പുകളാണ് ഇക്കുറിയും. അഭിനയം കൊണ്ട് ആരും പിന്നിലല്ലെങ്കിലും എല്ലാവരും എന്നോ കണ്ടു മറന്ന സ്ഥിരം കഥാപാത്രങ്ങൾ തന്നെ. വിജയരാഘവൻ, സീമ ജി. നായർ, ബിജു സോപാനം, ജോണി ആന്റണി തുടങ്ങിയവരും നല്ല പ്രകടനം കാഴ്ചവച്ചു. നായിക ജയലക്ഷ്മി (സ്രാവണ)യുടെ അമ്മയായി ഒരിടവേളയ്‌ക്കുശേഷം ബിന്ദു പണിക്കരും സ്ക്രീനിലെത്തുന്നുണ്ട്. പ്രളയത്തിൽ നിന്ന് കരകയറിയെ കേരളത്തെ സ്‌മരിച്ചുകൊണ്ടാണ് ചിത്രത്തിന്റെ തുടക്കമെങ്കിലും പിന്നീടെവിടെയും അക്കാര്യം പ്രസക്തമാകുന്നില്ല. നൃത്തം നിറയുന്ന ഗാനങ്ങൾ ലാൽജോസ് ചിത്രങ്ങളിൽ സാധാരണമെങ്കിലും അസ്ഥാനത്തുള്ള ഗാനരംഗങ്ങൾ പരിഭവമുണ്ടാക്കുന്നുണ്ട്.

റേറ്റിംഗ്: 3/5

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THATTUMPURATHU ACHUTHAN MOVIE, KUNCHAKO BOBAN, LAL JOSE
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.