ശാന്തിഗിരി വിശ്വാസികൾ ആത്മാവിൽ സൂക്ഷിക്കുന്ന ദിനമാണ് ഇന്ന്. ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു 1999 ൽ ആദിസങ്കല്പത്തിൽ ലയിച്ചതിന്റെ വാർഷികമാണ് നവഒലി ജ്യോതിർദിനമായി എല്ലാ വർഷവും മെയ് ആറിന് അഘോഷിക്കുന്നത്. സാധാരണ, പോത്തൻകോട് കേന്ദ്രാശ്രമത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരത്തിലധികം വിശ്വാസികൾ ഈ ദിനത്തിൽ പ്രാർത്ഥനയ്ക്കും സമർപ്പണത്തിനും എത്താറുണ്ട്. പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് സമ്മേളനങ്ങളും സത്സംഗങ്ങളും നടത്താറുണ്ട്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഇത്തവണ ആഘോഷങ്ങളൊന്നും വേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ആഘോഷങ്ങൾ ഒഴിവാക്കി പ്രാർത്ഥന മാത്രമായി ആചരിക്കും.
ആഘോഷങ്ങൾക്ക് വിനിയോഗിക്കാൻ കരുതിയ തുക കൊണ്ട് ഒരു ലക്ഷം പേർക്ക് സർക്കാർ കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം നൽകുകയാണ്. ഈ വിവരം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിവരാറുള്ള സമ്മേളനങ്ങൾ, ശാന്തിയാത്രകൾ, സത്സംഗങ്ങൾ മുതലായവയും ഒഴിവാക്കിയിട്ടുണ്ട്. ഗുരുഭക്തർ വീടുകളിൽ പ്രാർത്ഥന നടത്തിയാൽ മതിയെന്ന് അറിയിച്ചിട്ടുണ്ട്. ലോക്ക് ഡൗണിന്റെ തുടക്കം മുതൽ പോത്തൻകോട് ആശ്രമത്തിലും ബ്രാഞ്ച് ആശ്രമങ്ങളിലും സന്ദർശകരെ ഒഴിവാക്കി കടുത്ത നിയന്ത്രണങ്ങൾ എർപ്പെടുത്തിയിരുന്നു. രാജ്യത്തുടനീളമുള്ള ആശ്രമത്തിന്റെ ആരോഗ്യകേന്ദ്രങ്ങളും മറ്റു സ്ഥാപനങ്ങളും ഐസോലേഷൻ വാർഡുകൾക്കായി വിട്ടുനൽകി. കേന്ദ്ര- സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ നിർദ്ദേശപ്രകാരമുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശാന്തിഗിരിയുടെ ആരോഗ്യ വിഭാഗവും സഹകരിക്കുന്നുണ്ട്.
കഴിഞ്ഞ 63 വർഷമായി രാജ്യത്ത് മതാതീത ആത്മീയ ജീവിതം എന്തെന്നു കാണിച്ചുകൊടുത്ത് സാമൂഹ്യ വികാസത്തിൽ സുപ്രധാന പങ്ക് വഹിക്കുകയാണ് ശാന്തിഗിരി. അതുകൊണ്ടു തന്നെയാണ് കൊവിഡ്കാല നിയമങ്ങൾ പൂർണ്ണമായി പാലിക്കാൻ ശാന്തിഗിരി കടപ്പെട്ടിരിക്കുന്നതും. ഇതിനു കഴിയുന്നത് നവജ്യോതിശ്രീ കരുണാകരഗുരു നൽകിയ മതാതീത ആത്മീയത എന്ന മഹാവിജ്ഞാനം കൈമുതലായുള്ളതുകൊണ്ടാണ്. അത്ഭുതങ്ങളോ സിദ്ധിജാലങ്ങളോ കാട്ടാതെ ജനഹൃദയങ്ങളിലേക്കാണ് ഗുരു കുടിയേറിയത്. ദു:ഖവും ദുരിതവുമായി വരുന്നവർക്ക് ഗുരു സ്‌നേഹം നൽകി, സാന്ത്വനം പകർന്നു. ദു:ഖകാരണം പറഞ്ഞുകൊടുത്തു. സത്കർമ്മങ്ങൾ ചെയ്യാൻ പഠിപ്പിച്ചു.
ഇന്ന് ശാന്തിഗിരി സ്ഥിതിചെയ്യുന്ന ഇടം പണ്ട് ബുദ്ധസന്യാസിമാർ തിങ്ങിപ്പാർക്കുകയും തപസ് ചെയ്യുകയും ചെയ്തിരുന്ന ബുദ്ധവൻകാട് എന്ന വനഭൂമിയായിരുന്നു എന്നാണ് കരുതുന്നത്. ബുദ്ധവൻകാടാണ് പിന്നീട് പോത്തൻകോടായത്. ഇന്ന് പോത്തൻകോടെന്ന ഈ ഗ്രാമത്തിന്റെ നാമം ലോകപ്രശസ്തമായിരിക്കുന്നതിനു നിദാനം ശാന്തിഗിരി ആശ്രമവും ഇവിടത്തെ വെൺതാമര പർണ്ണശാലയുമാണ്. എല്ലാ മനുഷ്യർക്കും എക്കാലവും ഈശ്വരനെ അറിയാനും ആദരിക്കാനും ദൈവസന്നിധാനമായി ശാന്തിഗിരി ആശ്രമം നിലകൊള്ളുന്നു.
ഗുരുകാരുണ്യത്തിന്റെ അനന്തമായ പ്രവാഹം ശാന്തിഗിരിയിലൂടെ തുടർന്നുകൊണ്ടേയിരിക്കുന്നു. മനസ്സിലും ജീവനിലും എന്നും നിറയുന്നത് ഗുരുവെന്ന മഹാത്യാഗം മാത്രം. കൊവിഡ് പടർത്തിയ ഇരുട്ടിൽ നിന്ന് നാം വെളിച്ചത്തിലേക്കു വരാൻ നമ്മുടെ മനസ്സുകൾ പ്രാർത്ഥനകൊണ്ട് നിറയണം. ലോകം അനിതരസാധാരണമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ക്ഷേത്രങ്ങളും പള്ളികളും മോസ്ക്കുകളുമെല്ലാം ദീർഘനാളത്തേക്ക് അടച്ചിടണമെന്ന് ഭരണകൂടങ്ങൾ ഉത്തരവിടുമെന്ന് നമ്മൾ സ്വപ്നത്തിൽപ്പോലും കരുതിയിട്ടില്ല. അതും സംഭവിച്ചിരിക്കുന്നു. അസംഭവ്യം എന്നു കരുതിയിരുന്നത് സംഭവ്യമാകുമ്പോൾ നാം കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു. കൂടുതൽ മാറേണ്ടിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |