* പരിശോധന ഒഴിവാക്കാനുള്ള കേന്ദ്ര തീരുമാനം വെല്ലുവിളി
തിരുവനന്തപുരം : പ്രവാസികൾ സംസ്ഥാനത്ത് മടങ്ങിയെത്താനുള്ള നടപടികൾ അവസാന ഘട്ടത്തിൽ. ആഴ്ചകൾക്ക് മുമ്പേ ഇതിനായി പ്രത്യേക മാർഗനിർദേശം തയ്യാറാക്കി സംസ്ഥാനം മുന്നൊരുക്കങ്ങൾ നടത്തിയെങ്കിലും, പ്രതീക്ഷിച്ചതു പോലെയല്ല ഇപ്പോൾ കാര്യങ്ങൾ .
പ്രവാസികളെ രോഗബാധിരാണോയെന്ന പരിശോധനകളില്ലാതെ നാട്ടിലെത്തിക്കാനുള്ള കേന്ദ്രസർക്കാരിൻെറ തീരുമാനം സംസ്ഥാന സർക്കാരിൻെറ കണക്കുകൂട്ടൽ തെറ്റിക്കും. വിദേശത്ത് നിന്ന് പരിശോധന കഴിഞ്ഞെത്തുന്നവരിൽ രോഗ ലക്ഷണമുള്ളവരെ മാത്രം സർക്കാരിന്റെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റാനാണ് ഉദ്ദേശിച്ചിരുന്നത്. ഇനി എല്ലാവരെയും ഏഴ് ദിവസം സർക്കാർ നിരീക്ഷണത്തിൽ പാർപ്പിക്കണം.തുടർന്ന്,
പരിശോധന നടത്തി രോഗബാധയില്ലെങ്കിലേ പിന്നീടുള്ള ഏഴ് ദിവസം വീടുകളിലേക്ക് നിരീക്ഷണത്തിന് അയയ്ക്കാനാവൂ.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലെത്തുന്നവരെ സ്വന്തം ജില്ലയിലെ സർക്കാർ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതും വെല്ലുവിളിയാണ്. എല്ലാവരെയും മിനിട്ടുകൾക്കുള്ളിൽ പ്രത്യേക വാഹനത്തിൽ മാറ്റേണ്ടി വരും. ആരോഗ്യപ്രവർത്തകർക്കും പൊലീസിനും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കും ഇവരുമായി കൂടുതൽ ഇടപഴകേണ്ടി വരുന്നതും സ്ഥിതി ഗൗരവതരമാക്കും.
പതിനഞ്ചോടെ
പുതിയഘട്ടം
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായാൽ അത് ഈ മാസം പതിനഞ്ചോടെയായിരിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണ്ടുന്നു.
രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിൽ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവർ നിർണായക ഘടകമാകും. സർക്കാർ കേന്ദ്രത്തിൽ ഏഴ് ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കുന്നവർ വീട്ടിലെത്തിയാലും അത് കർശനമായി പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകാം.
ഊഷ്മാവ് കുറയ്ക്കാൻ
പൊടിക്കൈകൾ വേണ്ട
രോഗബാധ രൂക്ഷമായ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്നവർ അതിർത്തിൽ ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ചുള്ള പരിശോധനയിൽ ശരീര ഊഷ്മാവ് കുറയ്ക്കാൻ പാരസെറ്റമോൾ ഉൾപ്പെടെയുള്ള ഗുളികകൾ കഴിക്കുന്നതായി വിവരമുണ്ട്. ഇത് അപകടകരമാണ്.
തിങ്കളാഴ്ചയും ഇന്നലെയും എത്തിയവരെയെല്ലാം വീടുകളിലേക്ക് അയച്ചു. എന്നാൽ, ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ന് മുതൽ മറ്റു സംസ്ഥാനങ്ങളിലെ ഹോട്ട് സ്പോട്ടുകളിൽ നിന്നെത്തുന്നവരെ ഒരാഴ്ച സർക്കാർ നിരീക്ഷണത്തിലാക്കും.
ക്വാറന്റൈൻ കേന്ദ്രങ്ങളായി
വീടുകളും ഹോട്ടലുകളും
തിരുവനന്തപുരം: പ്രവാസികൾക്കായി വിമാനത്താവളങ്ങളോട് ചേർന്നാണ് കേരളത്തിലെ ക്വാറന്റൈൻ കേന്ദ്രങ്ങൾ മിക്കതും സജ്ജമാക്കിയത്. എറണാകുളം, മലപ്പുറം ജില്ലകളിലാണ് കൂടുതൽ സൗകര്യങ്ങൾ.
എറണാകുളത്ത് ഹോട്ടൽ മുറികളും വിവിധ ഹോസ്റ്റലുകളും ഉൾപ്പെടെ 8000 മുറികൾ, 6000 വീടുകൾ എന്നിവ ലഭ്യമാണ്.
മലപ്പുറം ജില്ലയിൽ 113 കെട്ടിടങ്ങളിൽ 7174 മുറികൾ ഉണ്ട്. 15000 മുറികൾ ഏറ്റെടുക്കാൻ കഴിയും.
തിരുവനന്തപുരത്ത് 11,217 പേർക്ക് സർക്കാർ ചെലവിൽ നിരീക്ഷണത്തിൽ കഴിയുന്നതിനും 6,471 പേർക്ക് സ്വന്തം ചെലവിൽ ഹോട്ടലുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനും സൗകര്യം. ഒരുക്കിയിട്ടുണ്ട്. ഹോസ്റ്റലുകൾ, ഹോട്ടലുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവ ഏറ്റെടുത്തിട്ടുണ്ട്. 261 സ്വകാര്യ ഹോട്ടലുകളാണ് സ്വന്തം ചെലവിൽ താമസസൗകര്യത്തിനായി കണ്ടെത്തിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |