ലോക് ഡൗൺ കാലത്ത് സർക്കാർ അനുവദിച്ച ഇളവുകളെത്തുടർന്ന് സിനിമാമേഖല വീണ്ടും സജീവമാകുന്നു. രണ്ട് ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കഴിഞ്ഞദിവസം തുടങ്ങി.
അനിൽ ഫിലിപ്പ് സംവിധാനം ചെയ്യുന്ന മൈക്കിൾസ് കോഫി ഹൗസ് എന്ന ചിത്രത്തിന്റെ ഡബിംഗ് എറണാകുളത്ത് വിസ്‌മയാ മാക്സ് സ്റ്റുഡിയോയിൽ തുടങ്ങി. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പകുതിയിലധികം തീർന്നപ്പോഴാണ് ലോക് ഡൗൺ തുടങ്ങിയത്.
അശോക് ആർ. നാഥ് സംവിധാനം ചെയ്യുന്ന കാന്തി ഇന്ത്യയിൽ ആദ്യമായി കാണി ഭാഷയിൽ ചിത്രീകരിച്ച സിനിമയാണ്. ചിത്രത്തിന്റെ ഡബിംഗ് ജോലികൾ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആരംഭിച്ചു. ആദിവാസി സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ നീലമ്മ എന്ന കഥാപാത്രമായി നാടക പ്രവർത്തക ഷൈലജ പി. അമ്പുവും മകൾ കാന്തിയെ കൃഷ്ണശ്രീയും അവതരിപ്പിക്കുന്നു. നിരവധി ആദിവാസി കലാകാരന്മാരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സഹസ്രഹാര ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച സിനിമയുടെ നിർമ്മാണ ചെലവ് 10 ലക്ഷം രൂപയാണ്. പത്തുദിവസംകൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. അനിൽ മുഖത്തലയാണ് തിരക്കഥ. കാമറ സുനിൽ പ്രേം. മിഴികൾ സാക്ഷി, വെൺശംഖുപോൽ എന്നീ സിനിമകൾക്കുശേഷം അശോക് ആർ. നാഥും അനിൽ മുഖത്തലയും വീണ്ടും ഒന്നിക്കുകയാണ്.
ഇരുപത്തിയാറ് സിനിമകളാണ് ലോക് ഡൗണിന് മുൻപ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാനുണ്ടായിരുന്നത്.
മാസ്ക് ധരിച്ച് സുരക്ഷാ ക്രമീകരണങ്ങളെല്ലാമനുസരിച്ചാണ് ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്നത്.
മമ്മൂട്ടിയുടെ വൺ, മോഹൻലാലിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി റിലീസിന് കാത്തിരിക്കുകയാണ്.എന്നാൽ തിയേറ്ററുകൾ എന്ന് തുറക്കാൻ കഴിയുമെന്ന കാര്യത്തിലെ അനിശ്ചിതത്വം സിനിമാപ്രവർത്തകരെ ആശങ്കപ്പെടുത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |