തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്കോയുടേതടക്കം വിദേശ മദ്യശാലകൾ തൽക്കാലം തുറക്കില്ല. കള്ളുഷാപ്പുകൾ ഈ മാസം 13 മുതൽതുറക്കും. കള്ള് ചെത്തിന്, ഏതാനും ആഴ്ചകൾക്ക് മുമ്പ് മന്ത്രിസഭായോഗം അനുമതി നൽകിയതിനെ തുടർന്ന്,പലേടത്തും കള്ള് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഉല്പാദിപ്പിക്കുന്ന കള്ള് വിറ്റഴിക്കാൻ ഷാപ്പുകൾ തുറക്കേണ്ടതുണ്ടെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ യോഗത്തിൽ വിശദീകരിച്ചു. ഇക്കാര്യവും സുരക്ഷാകാര്യങ്ങളടക്കം പരിശോധിച്ച് തീരുമാനിക്കുമെന്നാണ് മന്ത്രിസഭായോഗത്തിൽ അറിയിച്ചത്. പിന്നീട് എക്സൈസ് മന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് 13ന് തുറക്കാൻ തീരുമാനിച്ചത്.
മദ്യശാലകൾ വീണ്ടും തുറക്കുന്ന വിഷയം മന്ത്രിസഭായോഗത്തിൽ ചർച്ചയായെങ്കിലും പ്രവാസികളുടെ മടങ്ങിവരവുൾപ്പെടെ ഗൗരവതരമായ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുള്ളതിനാൽ തൽക്കാലം ഇത് മാറ്റിവയ്ക്കുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തുറക്കൽ വിശദമായ മാർഗരേഖ തയാറാക്കിയ ശേഷം മതിയെന്നാണ് യോഗത്തിലുണ്ടായ ധാരണ. അടുത്തയാഴ്ചത്തെ മന്ത്രിസഭായോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും.
കേന്ദ്രാനുമതി ലഭ്യമായ സ്ഥിതിക്ക് മദ്യശാലകൾ തുറക്കുന്നതിന് നിയമപരമായ തടസ്സമില്ലെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. എന്നാൽ, ഇപ്പോൾ തുറന്നാൽ ആൾക്കൂട്ടം ഇടിച്ചുകയറാനുള്ള സാദ്ധ്യതയേറെയാണ്. തിക്കും തിരക്കും കൊവിഡ് വ്യാപനസാദ്ധ്യത കൂട്ടാം. പൊലീസിന്റെ സേവനവും ആവശ്യമായി വരും. വിദേശത്തും, അന്യസംസ്ഥാനങ്ങളിലും നിന്നെത്തുന്നവരുടെ ക്വാറന്റൈൻ ക്രമീകരണത്തിലും മറ്റും പൊലീസിന്റെ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കേണ്ടതുണ്ട്.പൊലീസ് ക്രമീകരണങ്ങൾ എങ്ങനെയൊക്കെ ഒരുക്കാമെന്നതിൽ പൊലീസ് മേധാവിയുമായി സംസാരിച്ച് ധാരണയിലെത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മദ്യശാലകൾ തുറന്ന മറ്റ് ചില സംസ്ഥാനങ്ങളിലെ അവസ്ഥയും ചർച്ചയായി. ഇടതുമുന്നണിയിലും ഇതുസംബന്ധിച്ച ആശയവിനിമയം നടത്തും. എന്നാൽ പ്രതിപക്ഷവുമായി ചർച്ചയുണ്ടാവില്ല. മദ്യശാലകൾ അടച്ചിട്ടത് മൂലമുണ്ടായ സാമ്പത്തിക നഷ്ടം ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചില്ലെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |