കിഴക്കമ്പലം: സ്‌പെഷ്യൽ സ്‌ക്വാഡ് എസ്.ഐ ചമഞ്ഞ് വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് ഓൺലൈൻ ടാക്‌സിഡ്രൈവറെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ തിരുവനന്തപുരം പൗഡിക്കോണം ഉളിയത്തറ സൂര്യനഗറിൽ ശ്രീജിത്തിനെ (36) അമ്പലമേട് പൊലീസ് അറസ്റ്റുചെയ്തു.
2018ൽ ഓൺലൈൻ ടാക്‌സിയിൽ യാത്രക്കാരനായി കയറി ഡ്രൈവറുമായി പരിചയപ്പെട്ടാണ് തട്ടിപ്പുനടത്തിയത്. വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് 54,000 രൂപയും പാസ്‌പോർട്ടും സർട്ടിഫിക്കറ്റുകളും കൈവശപ്പെടുത്തി മുങ്ങുകയായിരുന്നു. പിന്നീട് ഇയാളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. ഏറെനാൾ കാത്തിരുന്നശേഷം ജോലിയോ സർട്ടിഫിക്കറ്റകളോ തിരികെ ലഭിക്കാതെ വന്നതോടെ ഡ്രൈവർ നൽകിയ പരാതിയിലാണ് ഇപ്പോൾ പ്രതി പിടിയിലായത്.
പോണേക്കരയിലുള്ള ഇയാളുടെ താമസസ്ഥലത്തുനിന്ന് വ്യാജസീലുകളും അഞ്ച് പാസ്‌പോർട്ടുകളും വ്യാജ സർട്ടിഫിക്കറ്റുകളും കണ്ടെടുത്തു. ഇയാൾ മൂന്ന് വിവാഹം കഴിച്ചതായും സമാനരീതിയിൽ ഒട്ടേറെ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
കേസന്വേഷണത്തിന് പൊലീസ് ഇൻസ്‌പെക്ടർ ലാൽ.സി.ബേബി, സബ് ഇൻസ്‌പെക്ടർ ഷെബാബ്.കെ.കാസിം, സിവിൽ പൊലീസ് ഓഫീസർമാരായ എം.പി.ഏലിയാസ്, വി.കെ. ജയകുമാർ, പി.കെ.സുമേഷ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |