ഒരു മനുഷ്യന്റെ ചിരിയിൽ നിന്ന് അയാളുടെ സ്വഭാവം ഏറെക്കുറെ മനസിലാക്കാമെന്ന് ദസ്തയോവിസ്‌കി നിരീക്ഷിച്ചിട്ടുണ്ട്. ഒരു പരിചയവുമില്ലാത്ത ആളാണെങ്കിൽ കൂടി അയാളുടെ ചിരി തനിക്കിഷ്ടപ്പെട്ടാൽ അയാൾ ഒരു നല്ല മനുഷ്യനാണെന്ന് ഊഹിക്കാൻ കഴിയുമെന്നാണ് ആ എഴുത്തുകാരൻ പറഞ്ഞത്.
മനുഷ്യനു മാത്രമുള്ള സിദ്ധിയാണ് ചിരി. മൃഗങ്ങൾ ചിരിക്കാറില്ല. പട്ടിയെ കല്ലെടുത്തെറിഞ്ഞാൽ, അത് മോണ കാട്ടി ചിരിക്കുന്നതുപോലെ കാണിക്കുന്നത് കടിക്കാനാണ്. കാട്ടിൽ മൃഗങ്ങൾ കൂട്ടം കൂടിയിരുന്ന് തമാശ പറഞ്ഞ് തലതല്ലി ചിരിക്കുന്നത് എവിടെയെങ്കിലും ആരെങ്കിലും കണ്ടിട്ടുണ്ടോ! മനുഷ്യനാകട്ടെ സ്വയം കളിയാക്കിയും മറ്റുള്ളവരെ പരിഹസിച്ചും ചിരിക്കും. മനുഷ്യന്റെ മുഖത്ത് എവിടെ നിന്നാണ് ഈ ചിരി വരുന്നത്? അവന്റെ ചിന്തകൾ വരുന്ന അതേ സ്ഥലത്തു നിന്നാകാതെ തരമില്ല.
കൊവിഡ്ക്കാലത്തും ആളുകൾ ചിരിക്കുകയും ചിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ പ്രതിപക്ഷ നേതാവിനെയും മുഖ്യമന്ത്രിയെയും കളിയാക്കിക്കൊണ്ട് സോഷ്യൽ മീഡിയയിൽ വരുന്ന സിനിമാ ബിറ്റുകൾ ഒന്നാന്തരം ചിരിക്ക് വക നൽകുന്നതാണ്. കൊവിഡ് ബാധിച്ച് കിടക്കുന്ന ആൾ പോലും അത് കാണാനിടയായാൽ ചിരി കടിച്ചമർത്തും.
ഇവിടെ പറയാൻ പോകുന്ന ചിരിക്ക് ആസ്പദമായ സംഭവത്തിലെ വില്ലൻ ടെക്നോളജിയാണ്. യഥാർത്ഥത്തിൽ ടെക്നോളജിയല്ല വില്ലൻ - അറിവില്ലായ്മകൊണ്ട് അത് ഉപയോഗിച്ചപ്പോൾ സംഭവിച്ച തെറ്റാണ് വില്ലത്തരമായി മാറിയത്.
കഥയിലെ മുഖ്യകഥാപാത്രം ഒരു അപ്പൂപ്പനാണ്. എഴുപത്തിയൊൻപത് കഴിഞ്ഞ് എൺപതിലേക്ക് നടപ്പാണ് കക്ഷി. വീട്ടിലാണ് നടപ്പ്. കൂടുതലും കിടപ്പാണ്. ഇടയ്ക്കൊക്കെ ഇരിക്കും. ഇദ്ദേഹത്തിന്റെ മകൻ ഒരു സ്മാർട്ട് ഫോൺ സമ്മാനമായി നൽകിയിട്ടുണ്ട്. അതിലാണ് കമ്മ്യൂണിക്കേഷൻ . ഇടയ്ക്കൊക്കെ വാട്ട്സ് ആപ്പ് നോക്കി രസിക്കും.
''നിങ്ങളെന്തോന്ന് കുത്തി, കുത്തി നോക്കുന്നത്" എന്ന് ഇതിയാന്റെ ഭാര്യ കുത്തി, കുത്തി ചോദിക്കും. അവർക്ക് ഉപകരണം ഉപയോഗിക്കാൻ അറിഞ്ഞുകൂടാ. അവർക്ക് ഫോൺ വന്നാൽ മൂപ്പിലാൻ കുത്തി കാൾ ഓൺ ചെയ്ത് കൊടുക്കും. സംസാരം കഴിഞ്ഞാൽ ഓഫ് ചെയ്യുന്ന ജോലിയും മൂപ്പിലാനാണ്.
അടച്ചിടൽ കാലത്ത് അപ്പൂപ്പന്റെ മൂത്ത മകനും ഭാര്യയും രണ്ട് കൊച്ച് മക്കളും വീട്ടിലുണ്ട്. കൊവിഡ് ഭീതിയാൽ ആരും പുറത്തിറങ്ങാറില്ല.
അടച്ചിടൽ രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ്, ഒരു ദിവസം ഉച്ചയ്ക്ക് ഫോൺ വന്നത്. മൂപ്പിലാന്റെ ബന്ധുവും അടുത്ത കൂട്ടുകാരനുമായ ഒരാൾ മരണമടഞ്ഞ വാർത്തയാണ് ഫോണിലൂടെ അറിഞ്ഞത്.
''അവറാച്ചൻ എന്റെ അടുത്ത കൂട്ടുകാരനായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് പ്രൈമറി സ്കൂളിൽ നടന്നു പോയിരുന്നത്." മൂപ്പിലാൻ പരേതനെക്കുറിച്ചുള്ള ഓർമ്മ ഉറക്കെ പറഞ്ഞുകൊണ്ട് 'ഒന്നിവിടം വരെ പോകേണ്ടതല്ലെ" എന്ന് മകനോട് ചോദിച്ചു.
''അപ്പനവിടെ മിണ്ടാതിരി, ശവസംസ്കാര ചടങ്ങിൽ ഇരുപതു പേരിൽ കൂടുതൽ പാടില്ലെന്നാണ് പിണറായി വിജയൻ സാർ പറഞ്ഞിരിക്കുന്നത്. പൊലീസ് പിടിച്ചോണ്ട് പോകും"- മകൻ അപ്പനെ നിരുത്സാഹപ്പെടുത്തി.
''അഞ്ചാം ക്ളാസിലെ പ്രോഗ്രസ് കാർഡിൽ എന്റെയപ്പന്റെ കള്ള ഒപ്പിടാൻ എന്നെ ആദ്യം പഠിപ്പിച്ചത് അവറാച്ചനായിരുന്നു. തീർത്താൽ തീരുമോടാ ആ കടപ്പാട്"- മകനെ വെട്ടിലാക്കി അപ്പന്റെ ആത്മഗതം.
'അപ്പോൾ അപ്പനും പ്രോഗ്രസ് കാർഡിൽ കള്ള ഒപ്പ് ഇട്ടിട്ടുണ്ടോ" - മകന്റെ ചോദ്യം.
'പ്രോഗ്രസ് കാർഡിൽ കള്ള ഒപ്പിടാത്ത ഒരുത്തെനെങ്കിലും ഈ ലോകത്തുണ്ടോ?
നീയിട്ടിട്ടില്ലേ?
അപ്പന്റെ ചോദ്യം കേട്ട് തല കുനിച്ചതല്ലാതെ മകൻ മറുപടി പറഞ്ഞില്ല.
ഓർമ്മയിൽ മുഴുകി മിണ്ടാതിരുന്ന അപ്പനെ സന്തോഷിപ്പിക്കാനായി മകൻ പറഞ്ഞു. 'ഞാൻ പള്ളീലച്ചനെ ഒന്ന് വിളിച്ച് ചോദിക്കട്ടെ."
വിളിച്ചപ്പോൾ പള്ളിയിൽ ചെല്ലാൻ അനുമതി കിട്ടി. പതിനെട്ടാമത്തെ ആളായി.
മകൻ കാറുമെടുത്ത് പള്ളീലേക്ക് പോയപ്പോഴാണ് അപ്പൻ ആ കടുംകൈ ചെയ്തത്.
അടക്കം കഴിഞ്ഞ് പള്ളിയിൽ നിന്ന് തിരിച്ചുവന്ന മകന്റെ മുഖം കടന്തൽ കുത്തിയതുപോലെ ഇരുന്നു.
വന്നു കയറിയപാടെ ചോദിച്ചു:
അപ്പൻ എന്തു പണിയാ കാണിച്ചെ?
എന്തു കാണിച്ചു. ഫാമിലി ഗ്രൂപ്പിൽ ആർ.ഐ.പി എന്നൊരു മെസേജ് അയച്ചു. അതിനെന്താ കുഴപ്പം - അപ്പൻ ചോദിച്ചു.
''പള്ളിയിൽ വച്ച് പരേതന്റെ ഇളയ മകനാണ് അപ്പന്റെ മെസേജ് കാണിച്ചത്. ഞാൻ ചമ്മിപ്പോയി"- മകൻ എന്നിട്ടും കാര്യം പറഞ്ഞില്ല.
''നീ തെളിച്ച് പറയെടാ." - അപ്പന് ദേഷ്യം വന്നു.
''മെസേജ് കുഴപ്പമില്ല. അതിന്റെ കൂടെ അയച്ച 'ഇമേജി"യാണ് കുഴപ്പമായത്. മകന്റെ മറുപടി.
കരയുന്ന 'ഇമേജി" യാണല്ലോ അയച്ചത് - ഫോൺ ഒന്നുകൂടി നോക്കാൻ എടുത്തുകൊണ്ട് അപ്പൂപ്പൻ പറഞ്ഞു.
''കരയുന്ന ഇമേജിയല്ല അപ്പൻ അയച്ചത്. ചിരിച്ച് സഹിക്കാൻ വയ്യാതെ കരയുന്ന ഇമോജിയാണ് അപ്പൻ തട്ടിവിട്ടത്. മകൻ ഇതു പറയുമ്പോൾ അയാളുടെ ഭാര്യയും മക്കളും കൂടി രംഗത്ത് വന്നു. അമ്മൂമ്മയും എത്തി.
'അപ്പാ ഇത് ടെക്നോളജിയാണ്. സൂക്ഷിച്ച് കൈകാര്യം ചെയ്യണം." മകന്റെ ഉപദേശം.
ഫോണിൽ താനയച്ച മെസേജ് കുറച്ചുനേരം നോക്കിക്കൊണ്ടിരുന്നിട്ട് അപ്പൂപ്പനാണ് ആദ്യം ചിരിച്ചത്. ഫോൺ വാങ്ങി നോക്കിയ കൊച്ചുമക്കളും മകന്റെ ഭാര്യയും ആ ചിരി ഏറ്റെടുത്തു. ഒടുവിൽ മകനും ചിരി തുടങ്ങി.
''ഇമേജി" എന്ന വാക്കിന്റെ അർത്ഥം പിടികിട്ടാത്ത അമ്മൂമ്മ മാത്രം ചിരിച്ചില്ല. അടുക്കളയിലേക്ക് മടങ്ങിപ്പോകാൻ തുടങ്ങിയ അവർ ഇത്രമാത്രം പറഞ്ഞു.
''എന്തോന്ന് ഇതിലൊക്കെ ഇത്ര ചിരിക്കാൻ."
അതു കേട്ടതോടെ അമ്മൂമ്മയെ കളിയാക്കിയായി അടുത്ത ചിരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |