ലോകം മുഴുവൻ ഇന്ന് നഴ്‌സസ് ദിനം ആചരിക്കുകയാണ്. ഈ ദിനം ആചരിക്കാൻ ഇതിനേക്കാൾ പ്രാധാന്യമുള്ള ഒരു സന്ദർഭം വേറെയില്ല. കൊവിഡ് മഹാമാരിയുടെ തേരോട്ടത്തിൽ ലോകം മുഴുവൻ പകച്ച്, സാന്ത്വനത്തിനായി കൈനീട്ടുമ്പോൾ രോഗിയുടെ ഏറ്റവും അടുത്തുനിന്ന് അവർക്ക് ആശ്വാസം പകരുന്നവരാണ് നഴ്‌സുമാർ. ഒരു ജോലിക്കപ്പുറം അവരിന്ന് ഈ രോഗത്തെ തോൽപ്പിക്കാൻ സ്വജീവൻ പണയം വച്ച് പോരാട്ടം നയിക്കുന്ന വിശുദ്ധ പടയാളികളാണ്. ഇതാണ് യഥാർത്ഥത്തിൽ വിശുദ്ധ യുദ്ധം.
ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്സസ് ദിനമായി ആചരിക്കുന്നത്. വിളക്കേന്തിയ വനിത എന്നാണ് നൈറ്റിംഗേൽ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ആ വിശേഷണം അന്വർത്ഥമാക്കിക്കൊണ്ട് ഇന്ന് ലോകം മുഴുവൻ നഴ്‌സുമാർ വിളക്കേന്തിയ സമൂഹമായി മാറിയിരിക്കുന്നു. വനിതകളാണ് ഇപ്പോഴും ഭൂരിപക്ഷമെങ്കിലും ഒട്ടധികം പുരുഷന്മാരും കാലക്രമത്തിൽ ഈ രംഗത്തേക്ക് കടന്നുവന്നു.
1960 കളിലാണ് കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിൽ നിന്ന് വനിതകൾ നഴ്സിംഗ് ജോലിക്കായി ജർമ്മനിയിലേക്ക് പോയത്. അതൊരു നല്ല തുടക്കമായിരുന്നു. ഇപ്പോൾ എല്ലാ ജാതി മത വിഭാഗങ്ങളിൽപ്പെട്ടവരും ഈ പ്രൊഫഷനിലേക്ക് ആകർഷിക്കപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ ഏതു കോണിലുമുള്ള ആശുപത്രിയിൽ കേരളത്തിൽ നിന്നുള്ള ഒരു നഴ്സ് എങ്കിലും കാണാതിരിക്കില്ല.
ഡോക്ടർമാർക്ക് പൊതുവെ സമൂഹം നൽകുന്ന പ്രാധാന്യം നഴ്സിംഗ് സമൂഹത്തിന്റെ കാര്യത്തിലേക്ക് വരുമ്പോൾ കുറഞ്ഞുപോകുന്നു എന്നത് വസ്തുതയാണ്. ഡോക്ടർ നൽകുന്ന മരുന്നുകൊണ്ട് മാത്രം മാറുന്നതല്ല രോഗം എന്ന അറിവ് വേണ്ട രീതിയിൽ ഇല്ലാത്തതിനാലാണ് ഈ സമീപന വ്യത്യാസം. മരുന്നു കൊണ്ട് മാത്രം ഒരു രോഗവും മാറില്ല. രോഗം മാറ്റുന്നതിൽ മരുന്നിനോളം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് പരിചരണം. ആ മഹത്തായ കർമ്മം അനുഷ്ഠിക്കുന്നവരാണ് നഴ്സുമാർ. രോഗിക്ക് ശരീരം മാത്രമല്ല, ആർക്കും കാണാൻ കഴിയാത്ത ഒരു മനസ്സുമുണ്ട്. ആ നിലയിൽ നല്ല വാക്കുകൾ, മൃദുവായ സ്പർശം, സ്നേഹത്തോടെയുള്ള പെരുമാറ്റം തുടങ്ങിയ കാര്യങ്ങൾ കൂടി ചേരുമ്പോഴാണ് രോഗി സുഖപ്പെടുന്നത്. ഇതിൽ ഡോക്ടർമാരെ പോലെയോ ചില അടിയന്തര സന്ദർഭങ്ങളിൽ അതിനേക്കാൾ കൂടുതലോ പങ്ക് നഴ്‌സുമാർ വഹിക്കുന്നുണ്ട്. നഴ്‌സുമാരുടെ സേവനത്തെപ്പറ്റി പുകഴ്‌ത്താൻ എല്ലാവർക്കും നൂറ് നാവാണ്. പക്ഷേ അവരുടെ വേതനത്തിന്റെ കാര്യം വരുമ്പോൾ സർക്കാരുകൾ പോലും മുഖം തിരിച്ച് നിൽക്കുന്ന കാഴ്ചയാണ് പൊതുവെ കണ്ടുവരുന്നത്.
കേരളത്തിലെ സർക്കാർ സർവീസിൽ 19,000 നഴ്സുമാർ ഉള്ളതായാണ് കണക്ക്. പ്രൈവറ്റ് മേഖലയിൽ 80000 പേർ വരും. 3,46000 നഴ്‌സുമാരാണ് കേരളത്തിൽ പ്രാക്ടീസ് ചെയ്യാൻ ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2016ലെ ഒരു സുപ്രീംകോടതി വിധിയാണ് പ്രൈവറ്റ് മേഖലയിലെ നഴ്‌സുമാരുടെ വേതനക്കുറവിന്റെ പ്രശ്നങ്ങൾ ജനസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന നഴ്‌സുമാർക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ തുല്യമായ വേതനം പ്രൈവറ്റ് മേഖലയും നൽകണമെന്ന് കോടതി അഭിപ്രായപ്പെട്ടു. പിന്നീട് നഴ്‌സിംഗ് സമൂഹം നടത്തിയ സമരങ്ങളിലൂടെയും, തുടർന്ന് സർക്കാരിന്റെ ഇടപെടലിലൂടെയുമാണ് നഴ്‌സുമാരുടെ ശമ്പളത്തിൽ വർദ്ധനവും മിനിമം വേജ് ഉറപ്പാക്കലും ഒക്കെ നടന്നത്. കേരളത്തിൽ പ്രൈവറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന 80 ശതമാനം പേർക്ക് ഇതിന്റെ ഗുണം ലഭിച്ചു. ഇരുപത് ശതമാനം പേർ ഇപ്പോഴും അതിന് പുറത്താണ്.
സ്റ്റാഫിന്റെ കുറവും ഓവർടൈം ജോലിയുമാണ് വേതനക്കുറവിന് പുറമെ നഴ്‌സുമാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾ. ഹെൽത്ത് പ്രോട്ടോക്കോൾ പ്രകാരം 5 രോഗികൾക്ക് ഒരു നഴ്‌സ് വേണമെന്നാണ് നിർദ്ദേശം. തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലെ ഒന്നാം വാർഡിൽ പോയി നോക്കിയാൽ കുറഞ്ഞത് 80 രോഗികളെങ്കിലും ഉണ്ടാകും. ആ വാർഡിലെ നഴ്സുമാരുടെ എണ്ണമാകട്ടെ അഞ്ച് അല്ലെങ്കിൽ ആറ്
ആയിരിക്കും. ഈ നഴ്സിംഗ് ദിനത്തിൽ സർക്കാർ ചെയ്യേണ്ടത് കൂടുതൽ നഴ്‌സുമാരെ നിയമിക്കാനുള്ള നടപടിയാണ്. കേരളത്തിൽ ഒരു സ്ഥിരം ജോലി കിട്ടിയാൽ ഒരു നഴ്‌സും അന്യ സംസ്ഥാനങ്ങളിലേക്കോ അന്യ രാജ്യങ്ങളിലേക്കോ പോകില്ല.
ആരോഗ്യ സർവീസിലേക്കും മെഡിക്കൽ എഡ്യൂക്കേഷൻ മേഖലയിലേക്കുമായി രണ്ട് നിയമന ലിസ്റ്റുകൾ പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ നിയമനം ഒച്ചിഴയുന്ന പോലെയാണ്. കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാർക്കും ഹെൽത്ത് ഇൻസ്പെക്ടർമാർക്കും സ്ഥിരം നിയമനം നൽകാൻ സർക്കാർ തയ്യാറായി. എന്നാൽ നഴ്‌സുമാർക്ക് താത്‌കാലിക നിയമനമാണ് നൽകുന്നത്. സർക്കാരിൽ ഇപ്പോൾ തന്നെ ഏതാണ്ട് 6000 നഴ്‌സുമാർ താത്‌കാലിക വ്യവസ്ഥയിൽ ജോലി ചെയ്യുന്നുണ്ട്.
ഈ നഴ്സിംഗ് ദിനത്തിൽ എടുത്തു പറയേണ്ട മറ്റൊരു പ്രധാന കാര്യം നഴ്സിംഗ് പഠനത്തിന്റെ നിലവാരം കുറഞ്ഞതിനെപ്പറ്റിയാണ്. ഡൽഹിയിൽ ആൾ ഇന്ത്യാ മെഡിക്കൽ സയൻസസിൽ ജോലി കിട്ടുക എന്നത് ഏതൊരു മലയാളി നഴ്സിന്റെയും സ്വപ്നമാണ്. 2000ത്തിൽ എയിംസിൽ ജോലികിട്ടുന്ന 100 പേരിൽ 80 പേരും മലയാളികളായിരുന്നു. എന്നാൽ 2019ലെ ലിസ്റ്റിൽ 100 പേരിൽ മലയാളി നഴ്സുമാരുടെ എണ്ണം രണ്ടായി.
കേരളത്തിൽ പ്രൈവറ്റ് ആശുപത്രികളുമായി ബന്ധപ്പെട്ട് നഴ്സിംഗ് പഠന ഇൻസ്റ്റിറ്റ്യൂട്ടുകൾ കൂണുകൾ പോലെ മുളച്ചുപൊന്തിയപ്പോൾ പഠനത്തിന്റെ നിലവാരം കുറഞ്ഞുപോയി എന്നത് ഇനിയെങ്കിലും നാം കണ്ണ് തുറന്ന് കാണണം. നഴ്സിംഗ് പഠനത്തിന് യോഗ്യത നേടാൻ നേരത്തെ എൻട്രൻസ് പരീക്ഷ പാസാകണമായിരുന്നു. ഇപ്പോൾ പ്രവേശനം പ്ളസ് ടു പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലായി. ഇത് കാലക്രമത്തിൽ ഈ പ്രൊഫഷന്റെ വില ഇടിയാനേ ഇടയാക്കൂ.
പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ നഴ്‌സുമാരുടെ ഡ്രസ് കോഡിലും മാറ്റം വരുത്തണം. പേഴ്‌സണൽ പ്രൊട്ടക്‌ഷൻ എക്യുപ്‌മെന്റ് (പി.പി.ഇ) പോലുള്ളവ ഭാവിയിൽ നഴ്‌സുമാർക്ക് കൂടുതൽ പ്രദാനം ചെയ്യണം. പ്രത്യേകിച്ചും നിരവധി ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധിച്ച പശ്ചാത്തലത്തിൽ. ഒരുപക്ഷേ ഇതുപോലുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചിരുന്നെങ്കിൽ കോഴിക്കോട്ട് നിപ്പ ബാധിച്ച് ലിനി എന്ന പുഞ്ചിരിക്കുന്ന നഴ്സ് മരിക്കില്ലായിരുന്നു. ദുരന്തങ്ങൾ വരുമ്പോൾ മാത്രമല്ല അതിനു മുൻപേ ഭാവനാസമ്പൂർണമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ട ദിർഘദൃഷ്ടി ആരോഗ്യ നയ രൂപീകരണത്തിന്റെ ചുമതല നിർവഹിക്കുന്നവർ ഇനിയെങ്കിലും പുലർത്തുമെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |