അറിയപ്പെടുന്ന ഒഫ്താൽമോളജിസ്റ്റായ കവിമന്ത്രി ജി.സുധാകരൻ എല്ലാ നേത്രരോഗികളെയും എപ്പോഴും കേറി പരിശോധിച്ചു കളയുന്ന ഭിഷഗ്വരനല്ല. അത്യാവശ്യ സന്ദർഭങ്ങളിൽ നേത്രസംബന്ധിയായ സംശയരോഗ നിവാരണത്തിന് ഇദ്ദേഹത്തെ ചിലരെല്ലാം സമീപിക്കാറുണ്ട്. മുന്നിൽ വന്നുപെടുന്ന ചില രോഗികളെ പ്രതിഫലേച്ഛയില്ലാതെ പരിശോധിച്ച് കുറിപ്പടി നൽകിവരുന്ന ശീലവും ഡോ.ജി.സു.വിന് ഉള്ളതാണ്.
പ്രായഭേദമെന്യേ ആരെയും എപ്പോഴും പിടികൂടുന്നതാണല്ലോ നേത്രരോഗം. അതിൽ ആൺ-പെൺ വ്യത്യാസമില്ലാത്തത് കൊണ്ടുതന്നെ ലിംഗസമത്വത്തിന്റെ പ്രശ്നമുദിക്കുന്നില്ല. ഡോ.ജി.സു.വിന് ചില രോഗികളുടെ കണ്ണിനെ ബാധിച്ചിരിക്കുന്നത് വെള്ളെഴുത്ത് അഥവാ പ്രസ്ബയോപിയ ആണെന്ന് പെട്ടെന്ന് തിരിച്ചറിയാനുള്ള സിദ്ധിയുണ്ട്. നാല്പത് വയസിന് മേൽ പ്രായമുള്ളവരിലാണ് സാധാരണ ഈ രോഗം പിടികൂടാറുള്ളതെങ്കിലും പെണ്ണുങ്ങൾക്ക് അതിന് മുമ്പും പിടികൂടാമെന്നാണ് പറയുന്നത്. സ്ലിറ്റ് ലാമ്പ് പരിശോധനയൊന്നും നടത്താതെ തന്നെ വെള്ളെഴുത്താണോ അഗ്സ്റ്റിസ് മാറ്റിസമാണോ കണ്ണുകളെ ബാധിച്ചിരിക്കുന്നത് എന്ന് കണ്ടെത്താനുള്ള സിദ്ധിവിശേഷം കണക്കിലെടുത്ത് നേത്രഗണിത ചക്രവർത്തിപട്ടം വരെ ഡോ.ജി.സു.വിന് അഖിലകേരള ഓഫ്താൽമോളജിസ്റ്റ്സ് അസോസിയേഷൻ പതിച്ചു നൽകുകയുണ്ടായി.
അങ്ങനെയിരിക്കെയാണ് ഡോ.ജി.സു.വിന്റെ കൺമുന്നിൽ സിനിമാക്കാരി മഞ്ജുവാരിയർ ചെന്നുപെടുന്നത്. ചെന്നുപെട്ടത് പുലിയുടെ മടയിൽ എന്ന് മഞ്ജുവാരിയർ പിന്നീട് അനുഭവം അയവിറക്കുന്നത് കേട്ടവരുണ്ട്. അലമ്പ് സാമൂഹ്യവീക്ഷണത്തിന്റെ പൊട്ടിപ്പൊളിഞ്ഞ ലെൻസുള്ള ഫ്രെയിമുമിട്ട് മഞ്ജുവാരിയരല്ല, ഇനി ഹേമമാലിനിയും ഐശ്വര്യറായിയും വന്ന് പെട്ടാലും കാര്യങ്ങൾ അറുത്തുമുറിച്ച് പറയുന്നതാണ് ഡോക്ടർക്ക് ശീലം.
നേര് പറയണമല്ലോ, ഡോ.ജി.സു. രോഗിയെ കണ്ടപാടേ രോഗം തീർച്ചപ്പെടുത്തുകയുണ്ടായി. വെള്ളെഴുത്ത് പഴകിപ്പോയിരിക്കുന്നു. കണ്ണട മാറ്റിയേ തീരൂ.
മഞ്ജുവാരിയർ കണ്ണട മാറ്റുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു എന്നാണ് ചിലരെല്ലാം പറയുന്നത്. പക്ഷേ കണ്ണട മാറ്റിയേ തീരൂ എന്ന് പ്രസിദ്ധനായ ഓഫ്താൽമോളജിസ്റ്റ് വൈദ്യവിധി കല്പിച്ച സ്ഥിതിക്ക് എന്താണ് ചെയ്യുക? ഡോ.ജി.സു. കണ്ണടയുടെ ലെൻസിനുള്ള കുറിപ്പട മാത്രമേ കുറിച്ചുകൊടുക്കാറുള്ളൂ. ഫ്രെയിമിന്റെ കാര്യത്തിൽ ഡോക്ടർക്ക് അങ്ങനെ പഥ്യമൊന്നുമില്ല. ഫ്രെയിം വേണമെങ്കിൽ എവിടന്ന് വേണമെങ്കിലും വാങ്ങിക്കോളൂ. മുല്ലപ്പള്ളിഗാന്ധിയുടെ ബൂർഷ്വാഫാക്ടറിയിൽ നിന്ന് വേണമെങ്കിൽ വാങ്ങിക്കോളൂ. ഒരു വിരോധവുമില്ല. വില കൂടിയ ഫ്രെയിം തന്നെയായാലും കുഴപ്പമില്ല. പക്ഷേ, ലെൻസ് അത് ഡോക്ടർ ജി.സു.വിന്റെ ജനകീയ ജനാധിപത്യ വിപ്ലവ ലാബറട്ടറിയിൽ വികസിപ്പിച്ചെടുത്തത് തന്നെയാവണം. ഫ്രെയിമിന് ചുവപ്പെന്നോ കമ്മ്യൂണിസ്റ്റെന്നോ ബ്രാൻഡ് വേണമെന്നില്ല. അതുപോലെയല്ലല്ലോ ലെൻസിന്റെ കാര്യം.
മഞ്ജുവാരിയരുടെ സാമൂഹ്യവീക്ഷണത്തിന്റെ കണ്ണടയ്ക്കാണ് കുഴപ്പം പറ്റിയതെന്ന് തിരിച്ചറിഞ്ഞ മാത്രയിലാണ് ലെൻസിന്റെ ചേരുവ കിറുകൃത്യമായി ഡോ.ജി.സു. കുറിച്ച് കൊടുത്തത്. മഞ്ജു വാരിയർ കണ്ണട മാറ്റിയോ അതോ ഇനി മാറ്റാൻ പോകുന്നതേയുള്ളോ എന്നൊന്നും വ്യക്തമാക്കിയിട്ടില്ല. പക്ഷേ, ആ ലെൻസ് മാറ്റാതെ നേത്രരോഗം മാറില്ലെന്ന് തീർച്ചയാണ്. രോഗം വിധിച്ചിരിക്കുന്നത് നേത്രഗണിത ചക്രവർത്തി ഡോ.ജി.സു. ആയതുകൊണ്ടാണത്. എത്രയും വേഗം ലെൻസ് മാറ്റുന്നത് കൂടുതൽ തടി കേടാകാതെ നോക്കാൻ എന്തുകൊണ്ടും വാരസ്യാർക്ക് നന്നായിരിക്കും.
...................................
- മനുഷ്യൻ ആള് ചില്ലറക്കാരനല്ല. അവൻ കണ്ടുപിടിച്ച മഹത്തായ രണ്ട് കാര്യങ്ങൾ ചങ്ങലയും മതിലുമാണെന്ന് പറഞ്ഞാൽ, ന.മോ.ജി പോയിട്ട് ചെന്നിത്തല ഗാന്ധി വരെയാരും തർക്കിക്കുമെന്ന് തോന്നുന്നില്ല. കൂച്ചുവിലങ്ങിടാനുള്ള ബെസ്റ്റ് ഐറ്റമാണ് ചങ്ങലയെന്നും ആളുകളെ മറയ്ക്കാൻ ബെസ്റ്റ് ഐറ്റമാണ് മതിലെന്നുമുള്ളത് കമ്മ്യൂണിസ്റ്റ് ബുദ്ധിയായി ചെന്നിത്തലഗാന്ധിയും മറ്റും വ്യാഖ്യാനിക്കുമായിരിക്കും. അത് മറ്റേ ലെൻസിന്റെ കുഴപ്പമായി കണ്ടാൽ മതി.
സർവരാജ്യത്തൊഴിലാളികളേ സംഘടിക്കുവിൻ, നഷ്ടപ്പെടാൻ ചങ്ങലകൾ മാത്രം, നേടാൻ വലിയൊരു ലോകവും എന്നാണല്ലോ മാനിഫെസ്റ്റോയിൽ എഴുതിവച്ചിരിക്കുന്നത്. അന്ന് തൊട്ടേ ഈ ചങ്ങലപ്പരിപാടിയോട് കമ്മ്യൂണിസ്റ്റുകാർക്ക് വലിയ മതിപ്പാണ്. അങ്ങനെയാണ് മനുഷ്യച്ചങ്ങല കെട്ടിത്തുടങ്ങിയത്.
പക്ഷേ മതിലിന്റെ കാര്യം അങ്ങനെയല്ല. പ്രാകൃതരായ ചില ആട്ടിടയന്മാരുടെ ശല്യം ഒഴിവാക്കാൻ ചൈനയിലെ ക്വിൻ രാജവംശം കെട്ടിയ വന്മതിൽ പിന്നീട് കമ്മ്യൂണിസ്റ്റ് ചൈനക്കാർക്ക് പെരുത്തിഷ്ടമായത് കൊണ്ടാണ് അതിങ്ങനെ മധുരമനോജ്ഞ ചൈനയിൽ വിലസി വിളയാടുന്നത് പോലും. ചൈനയിലൊരു വന്മതിലിങ്ങനെ കിടക്കുമ്പോൾ ഇവിടെയൊരു വനിതാമതിലെങ്കിലുമില്ലാതെങ്ങനെയാണ്!
ലക്ഷണമൊത്തൊരു മതില് കെട്ടിപ്പൊക്കാനുള്ള വഴി ആലോചിച്ച് ഒരെത്തും പിടിയും കിട്ടാതെ ഉലയവേയാണ് തേടിയ വള്ളി കാലിൽ ചുറ്റിയത് മാതിരി ഒരു മണിമുഴക്കം കാതിലടിച്ചത്. കാതൊന്ന് കൂർപ്പിച്ചപ്പോളത് തന്നെയെന്ന് തീർച്ചയായത് പിണറായി സഖാവിനായിരുന്നു. അത് നവോത്ഥാനത്തിന്റെ മണിമുഴക്കം തന്നെയായിരുന്നു. നവോത്ഥാനത്തിന്റെ അസുഖം അങ്ങനെയാണ്. എപ്പോഴാണ് എങ്ങനെയാണ് വന്ന് പിടികൂടുകയെന്ന് പറയാൻ പറ്റില്ല. ഏതായാലും നവോത്ഥാനം വന്ന് പിടികൂടിക്കഴിഞ്ഞ സ്ഥിതിക്ക് സഖാവിനെയും കൊണ്ടേ അത് മടങ്ങൂ എന്നാണ് തോന്നുന്നത്. മതില് കേറി മറിഞ്ഞിറങ്ങി വരുന്നതാണ് ഈ നവോത്ഥാനത്തിന് എപ്പോഴും ഇഷ്ടമത്രെ. അതുകൊണ്ടാണ് സഖാവ് ലക്ഷണമൊത്തൊരു മതില് തന്നെ കെട്ടിപ്പൊക്കാനിറങ്ങിത്തിരിച്ചിരിക്കുന്നത്. മഞ്ഞപ്പിത്തം ബാധിച്ചവർക്ക് എല്ലാം മഞ്ഞയായി തോന്നുന്നത് പോലെ ചെന്നിത്തലഗാന്ധിയുടെ തോന്നലിനെ കാണാനാണ് പി. സഖാവ് താല്പര്യപ്പെടുന്നത്. അതുകൊണ്ട് മതിലിന്റെ ഒരു കല്ല് പോലും ഇളകിമറിയാൻ പോകുന്നില്ലെന്ന് ചെന്നിത്തലഗാന്ധി ഓർത്താൽ നന്ന്. ചെട്ടിനാട് സിമന്റല്ല, സ്ത്രീശാക്തീകരണ സിമന്റാണ് ഇതിൽ തേച്ചുപിടിപ്പിച്ചിരിക്കുന്നത്!
......................
ന.മോ.ജി ബാവയും അമിത് ഷാജി ബാവയും ആകെ കുണ്ഠിതത്തിലാണെന്ന് വിചാരിച്ചിരിക്കുകയായിരുന്നു രാഹുൽ മോൻ. കടാപ്പുറത്ത് പാടിപ്പാടി നടക്കുന്ന പരീക്കുട്ടിയെ പോലെ ന.മോ.ജിയെ നാളെ കാണാമല്ലോയെന്നോർത്ത് രാഹുൽമോന്റെ മനസിൽ ലഡ്ഡു പൊട്ടി, പൊട്ടിയില്ല എന്ന മട്ടിൽ നിൽക്കെയാണ് സേതുരാമയ്യർ സി.ബി.ഐയുടെ രംഗപ്രവേശം. പിറകിൽ കൈയും കെട്ടി സേതുരാമയ്യർ വന്ന് നിൽക്കുന്നത് കണ്ട രാഹുൽമോൻ ഒന്നമ്പരന്ന് പോയെന്നാണ് പറയുന്നത്.
തിരിഞ്ഞ് നോക്കുമ്പോൾ സേതുരാമയ്യരെ മുന്നിൽ നിറുത്തിയിട്ട് കൈയും കെട്ടി നില്പാണ് ന.മോ.ജി. ഇതെന്തുകഥ! അതല്ലേ കഥയെന്ന് രാഹുൽമോൻ മനസ്സിലാക്കിയത് ഒരു നിമിഷത്തെ അമ്പരപ്പിന് ശേഷമായിരുന്നു. ന.മോ.ജിയോട് കളിക്കാൻ അല്ലെങ്കിലും രാഹുൽമോൻ വളർന്നിട്ടില്ലെന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നത് അമിത് ഷാജിക്കാണല്ലോ. അങ്ങനെയാണ് സേതുരാമയ്യർ സി.ബി.ഐയെ വിട്ട് രാഹുൽമോനടക്കം സകല മോൻമാരുടെയും കമ്പ്യൂട്ടറും ഫോണും രാജ്യസുരക്ഷയെക്കരുതി പരിശോധിപ്പിക്കാൻ ന.മോ.ജി ചട്ടം കെട്ടിയത്. രാഹുൽമോനെങ്ങാനും കേറിവന്നാൽ രാജ്യസുരക്ഷ അപകടത്തിലാവുമെന്നുറപ്പുള്ള ന.മോ.ജി രണ്ടും കല്പിച്ചാണ്. ഓർത്താൽ നന്ന്!
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |