മന്ത്രിമാരുടേയും മുതിർന്ന ഉദ്യോഗസ്ഥരുടെയും പേരിൽ വ്യാജ ഇ-മെയിൽ സന്ദേശങ്ങൾ അയച്ച് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ട് കേരള പൊലീസ് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. നൈജീരിയൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തിയതായും പണമോ സേവനങ്ങളോ ആവശ്യപ്പെട്ട് കൊണ്ടുള്ള ഇത്തരം സന്ദേശങ്ങൾ അവഗണിക്കാനും കേരളാ പൊലീസ്
ട്രോൾ രൂപത്തിൽ പോസ്റ്റിൽ പറയുന്നുണ്ടായിരുന്നു.
സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ് ചിത്രത്തിലെ ചില രംഗങ്ങൾ ട്രോളായി അവതരിപ്പിച്ചായിരുന്നു പോസ്റ്റ്. എന്നാൽ വൈറലായ പോസ്റ്റിനെതിരെ സുഡാനി ഫ്രം നൈജീരിയയിൽ അഭിനയിച്ച സാമുവൽ അബിയോള റോബിൻസൺ രംഗത്തെത്തി. ഇതുപോലുള്ള കാര്യങ്ങൾക്ക് തന്റെ ചിത്രം ഉപയോഗിക്കുന്നത് അംഗീകരിക്കാൻ ആവില്ലെന്നാണ് സാമുവലിന്റെ പോസ്റ്റിൽ പറയുന്നത്.
സാമുവലിന്റെ ഫേസ് ബുക്ക് പോസ്റ്റ്
''ഇതുപോലുള്ള കാര്യങ്ങൾക്ക് എന്റെ ഇമേജും സാദൃശ്യവും ഉപയോഗിക്കുന്നതിനെ ഞാൻ അഭിനന്ദിക്കുന്നില്ല. കേരള പൊലീസ് ചെയ്യുന്ന ജോലിയെ ഞാൻ അഭിനന്ദിക്കുന്നു. ഒരു രാജ്യത്തുനിന്നുമുള്ള വഞ്ചനയെ ഞാൻ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല, അതുമായി ബന്ധപ്പെടുന്നത് ഞാൻ അഭിനന്ദിക്കുന്നില്ല. ഞാൻ ഒരു നൈജീരിയൻ ആയതുകൊണ്ട് ഞാൻ ഒരു തട്ടിപ്പുകാരനാണെന്ന് അർത്ഥമാക്കുന്നില്ല. യഥാർത്ഥത്തിൽ നിരവധി അഴിമതികൾ ചൈനീസ് അല്ലെങ്കിൽ വിയറ്റ്നാം ഉത്ഭവമാണ്, അവ നൈജീരിയൻ കോഡ് നാമങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഞാൻ ഒരു തട്ടിപ്പുകാരനല്ല, ഇത് ഞാൻ വിലമതിക്കുന്നില്ല. നിങ്ങൾ ഒരു ഇന്ത്യൻ മനുഷ്യനായതുകൊണ്ട് നിങ്ങൾ ഒരു റാപ്പിസ്റ്റ് അല്ല. ഇവ സാമാന്യവൽക്കരിക്കുന്നത് നിർത്തുക. ദശലക്ഷക്കണക്കിന് നൈജീരിയക്കാരും കോടിക്കണക്കിന് ഇന്ത്യക്കാരുമുണ്ട്. എല്ലാം ഒരുപോലെയാണെന്ന് കരുതുന്നത് വളരെ ക്രിയാത്മകമല്ല''.
സാമുവലിനെ പിന്തുണച്ച് ഒട്ടനവധിപേർ രംഗത്തെത്തി. പോസ്റ്റിനെ ഒരു തമാശയായി മാത്രം കരുതണമെന്നും ചിലർ പറയുന്നു. എന്തായാലും നടന്റെ പ്രതികരണം വെെറലായതോടെ കേരള പൊലീസ്, ഫേസ്ബുക്ക് പേജിൽ നിന്ന് പോസ്റ്റ് നീക്കം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |