തിരുവനന്തപുരം: ലോക്ക് ഡൗണിന് ശേഷം കടകൾ തുറക്കുമ്പോൾ ജനങ്ങളെ കാത്തിരിക്കുന്നത് വൻ ഡിസ്കൗണ്ട് സെയിൽ സീസൺ. ലോക്ക് ഡൗണിൽ കെട്ടിക്കിടന്ന സ്റ്റോക്കുകൾ വിറ്റഴിച്ച് പുതിയവ കൊണ്ടുവരേണ്ടതും പുതിയവ എത്തിക്കേണ്ടതും കച്ചവടക്കാരുടെ ആവശ്യമാണ്. ഇതിനായി വൻ ഡിസ്കൗണ്ട് സെയിലിനൊരുങ്ങുകയാണ് വ്യാപാരികൾ. ഉത്സവ വിപണിയും വിഷു വിപണിയും മുന്നിൽ കണ്ട് ശേഖരിച്ച സ്റ്റോക്കുകൾ കടകളിൽ കെട്ടിക്കിടക്കുന്നതാണ് വ്യാപാരികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ലാഭേച്ഛയില്ലാതെ അവ വിറ്റഴിക്കുന്നതാനായി വില കുറച്ചോ പകുതി വിലയ്ക്കോ വിൽക്കാനുള്ള ശ്രമത്തിലാണ്. താരതമേന്യ വൻകിട വ്യാപാര സ്ഥാപനങ്ങളെക്കാളും ഇത്തരത്തിൽ വില കുറച്ച് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത് ചെറുകിട വ്യാപാര സ്ഥാപനങ്ങളാണ്. പല കടകളിലും ഇതിനകം വിലക്കുറവെന്ന ബോർഡുകൾ ഉയർന്ന് കഴിഞ്ഞു. കടം വാങ്ങിയും വായ്പയെടുത്തും വാങ്ങിയ സാധനങ്ങളാണ് വിലക്കുറവിൽ ഉപഭോക്താക്കളെയും കാത്തിരിക്കുന്നത്. ബാങ്കുകൾ പ്രഖ്യാപിച്ച മോറട്ടോറിയത്തിന്റെ കാലാവധി അവസാനിക്കാറായി. വായ്പകൾ എങ്ങനെ തിരിച്ചടയ്ക്കുമെന്നത് മിക്ക വ്യാപാരികൾക്ക് മുന്നിലും ചോദ്യചിഹ്നമായി നിൽക്കുകയാണ്.
എല്ലാ മേഖലയിലും പ്രതിസന്ധി
ഉത്സവസീസൺ പ്രമാണിച്ച് ലൈറ്റ്സ് ആന്റഡ് സൗണ്ട്സ് വ്യാപാരികൾ സ്റ്റോക്ക് ചെയ്ത സാധനങ്ങൾ ഉത്സവങ്ങൾ ഉപേക്ഷിച്ചതിനാൽ കടകളിൽ തന്നെ കെട്ടിക്കിടക്കുകയാണ്. ഡെക്കറേഷൻ വർക്കേഴ്സിന്റെ കാര്യവും വിഭിന്നമല്ല. ചൂട് കാലാവസ്ഥ മുന്നിൽ കണ്ട് എ.സി, ഫാൻ പോലുള്ളവ സ്റ്റോക്ക് ചെയ്തവർക്കും വിലകുറച്ച് വിൽക്കുകയല്ലാതെ നിവൃത്തിയില്ല. ബ്രാൻഡഡ് സാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ വിലകുറച്ച് വിൽക്കാൻ തീരുമാനിച്ചിട്ടില്ല. പാത്രങ്ങൾ, ഇലക്ട്രോണിക്സ്, മൺപാത്രക്കടകൾ, വഴിയോര വ്യാപാരികൾ, ബുക്ക് സ്റ്റാൾ എന്നിവയിൽ അധികം വ്യാപാരികളും ഉപജീവനത്തിനും അധിക നഷ്ടമുണ്ടാകാതെയും സാധനങ്ങൾ വിൽക്കാനുമുള്ള ശ്രമത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |