SignIn
Kerala Kaumudi Online
Monday, 07 July 2025 3.41 AM IST

പകർച്ചവ്യാധികൾക്കായി കാത്തിരിക്കരുത്

Increase Font Size Decrease Font Size Print Page

rain

ഇത്തവണ കാലവർഷം ജൂൺ ഒന്നിനു തന്നെ കേരളത്തിൽ എത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. പ്രവചനത്തിന് ആധികാരികതയുടെ പിൻബലമുള്ളതിനാൽ തെറ്റാനിടയില്ല. കൊവിഡ് സൃഷ്ടിച്ച കൂട്ടക്കുഴപ്പങ്ങൾക്കു നടുവിലേക്കാണ് കാലവർഷം കടന്നെത്തുന്നത്. പ്രതിസന്ധി പതിവിൽക്കവിഞ്ഞ് രൂക്ഷമാകുമോ എന്ന ആശങ്ക അതുകൊണ്ടുതന്നെ സ്വാഭാവികമായും ഉയരാം. കാലവർഷക്കെടുതികളെ നേരിടാൻ പതിവിൻപടിയുള്ള മുന്നൊരുക്കങ്ങൾ പോലും ഇക്കുറി തുടങ്ങാനായിട്ടില്ലെന്നത് പോരായ്മായി ശേഷിക്കുന്നു. മഴക്കാല പൂർവ ശുചീകരണത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയതു തന്നെ രണ്ടുദിവസം മുമ്പാണ്. ഓരോ വാർഡിലും ഇരുപത്തയ്യായിരം രൂപ വീതം ചെലവഴിക്കാനുള്ള വകയേ സർക്കാർ നൽകുന്നുള്ളൂ. തുക അപര്യാപ്തമാണെങ്കിലും എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി കർമ്മം പൂർത്തിയാക്കാനാവും ശ്രമം. വരുമാന മാർഗങ്ങൾ നിലച്ച സർക്കാരിന് കൂടുതൽ വിഹിതം നൽകാനും സാദ്ധ്യമല്ലെന്ന് അറിയാം. മഴക്കാല പൂർവ ശുചീകരണത്തിന്റെ പേരിൽ എന്തെങ്കിലും കാര്യമായി നടക്കാറുള്ളത് കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ്. നഗരങ്ങളിലും പട്ടണങ്ങളിലും കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ മഴയ്ക്കുമുമ്പ് നീക്കം ചെയ്യുകയെന്നതാണ് വലിയ വെല്ലുവിളി. മഴവെള്ളം ഒഴുക്കിക്കളയുന്നതിന് ഓടകൾ നിർമ്മിക്കാറുണ്ടെങ്കിലും അവയ്ക്കു മൂടി വേണമെന്ന് ബന്ധപ്പെട്ടവർക്കു നിർബന്ധമൊന്നുമില്ല. അതുകൊണ്ടുതന്നെ മൂടിയില്ലാത്ത സർവമാന ഓടകളും ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞുകിടക്കുകയാണ്. ചെറിയൊരു മഴ പെയ്താൽപ്പോലും ഓടകൾ കവിഞ്ഞ് റോഡായ റോഡെല്ലാം വെള്ളക്കെട്ടിലാകുന്ന കാഴ്ചയാണ് എവിടെയും. സംസ്ഥാനത്ത് പൊതുസ്ഥിതി ഇതാണ്. പ്രധാന നിരത്തുകളിലെ വെള്ളക്കെട്ട് മഴക്കാലം തുടങ്ങുമ്പോഴേ വലിയ വാർത്താപ്രാധാന്യം നേടാറുണ്ട്. കോടതി ഇടപെടലും പതിവാണ്. താത്‌കാലികമായ ചില പരിഹാര നടപടികൾ ഉണ്ടാകും. മഴക്കാലം പിൻവാങ്ങുന്നതോടെ പ്രശ്നം എല്ലാവരും മറക്കും. അടുത്ത മഴക്കാലം എത്തണം എല്ലാം ആവർത്തിക്കാൻ.

കാലവർഷം പകർച്ചവ്യാധികളുടെ കാലം കൂടിയാണ്. പലതരം പനികൾ കാത്തിരിക്കുകയാണ്. ഡെങ്കി, ചിക്കുൻ ഗുനിയ, എലിപ്പനി തുടങ്ങിയവയുമായി ജനങ്ങൾ ഏറെ ഇണങ്ങിക്കഴിഞ്ഞുവെന്നാണു തോന്നുന്നത്. വേനലിൽ പോലും ഡെങ്കിപ്പനി പിടിപെട്ട് മരണം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ അഭാവം എല്ലായിനം കൊതുകുകൾക്കും മുട്ടയിട്ടു പെരുകാനുള്ള അന്തരീക്ഷമൊരുക്കുന്നുണ്ട്. കൊതുകു നശീകരണത്തിനുള്ള സ്ഥായിയായ പദ്ധതിയൊന്നുമില്ലാത്തതിനാൽ എല്ലാ ജില്ലകളിലും ഏതു കാലാവസ്ഥയിലും കൊതുകിന് ഉത്സവകാലമാണ്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാപകൽ മുഴുകിയിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് മഴക്കാല രോഗങ്ങൾ അധിക ബാദ്ധ്യതയാകാതിരിക്കണമെങ്കിൽ സമയബന്ധിതമായി ശുചീകരണ പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയണം. ഉപേക്ഷ കാണിച്ചാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം. എല്ലാ മഴക്കാലത്തും പകർച്ചപ്പനിയാണ് ആശുപത്രികൾ നിറയ്ക്കാറുള്ളത്. കൊവിഡ് ഭീഷണി സജീവമായിത്തന്നെ നിൽക്കുന്നതിനാൽ ഇത്തവണ പനി വാർഡുകൾക്ക് പരിമിതികൾ വന്നേക്കും. കൊവിഡിനെതിരെ കരുതൽ നടപടികളെടുക്കുന്നതുപോലെ തന്നെ പകർച്ചപ്പനി പിടിപെടാതിരിക്കാനുള്ള മുൻകരുതലും കൈക്കൊള്ളേണ്ടിയിരിക്കുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ തയ്യാറെടുപ്പും വേണ്ടിവരും. ആവശ്യമായത്ര ഔഷധങ്ങളും വാങ്ങി ശേഖരിക്കണം.

ലോക്ക് ഡൗൺ കാരണം എല്ലാ മേഖലകളിലും അവശ്യം നടക്കേണ്ട പ്രവൃത്തികൾ പോലും മുടങ്ങിയിരിക്കുകയാണ്. അദ്ധ്യയന വർഷം ആരംഭിക്കാൻ വൈകുമെന്നതിനാൽ പൊതുവിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ സാവകാശം ലഭിക്കും. കാലവർഷം ശക്തമാകുമെന്ന മുന്നറിയിപ്പു കണക്കിലെടുത്ത് സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷിതത്വം കർശനമായി ഉറപ്പാക്കേണ്ടതുണ്ട്. സ്കൂൾ കെട്ടിടങ്ങൾ മാത്രമല്ല, സ്കൂൾ പരിസരത്തുള്ള അപകടകരമായ നിലയിലുള്ള മരങ്ങളും വെട്ടിമാറ്റേണ്ടതുണ്ട്. പാമ്പുകൾ സ്കൂൾ കുട്ടികൾക്ക് വലിയ ഭീഷണിയായി മാറിയത് കഴിഞ്ഞ അദ്ധ്യയന വർഷം മുതലാണ്. അതിനാൽത്തന്നെ ജീർണിച്ചതും പഴക്കം ചെന്നതുമായ സ്കൂൾ മന്ദിരങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.

ലോക്ക് ഡൗണിന്റെ നിയന്ത്രണങ്ങൾ ഏറെ ഉണ്ടായിട്ടും സംസ്ഥാനത്ത് നിരവധി വാഹനാപകടങ്ങളുണ്ടായി. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുന്നതിനനുസരിച്ച് നിരത്തുകളെല്ലാം വാഹനങ്ങളാൽ നിറഞ്ഞു കവിയും. നിരത്തുകളിൽ അപകടം വരുത്തിവയ്ക്കാവുന്ന കുഴികളും മറ്റും അടിയന്തരമായി നികത്താൻ മരാമത്തുമന്ത്രി ജി. സുധാകരൻ ബന്ധപ്പെട്ട എൻജിനിയർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതുപോലെ പാതവക്കിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ബോർഡുകളും കമാനങ്ങളും ബാനറുകളുമൊക്കെ ഉടനടി നീക്കം ചെയ്യാനും നിർദ്ദേശമുണ്ട്. കാഴ്ച മറയ്ക്കും വിധത്തിലുള്ള കൂറ്റൻ ബോർഡുകളും കട്ടൗട്ടുകളും ബാനറുകളും എവിടെയും കാണാം. ഇവ സൃഷ്ടിക്കുന്ന അപകടങ്ങൾ വർദ്ധിച്ചിട്ടും നിയമത്തെ വെല്ലുവിളിച്ച് പാതവക്കിൽ അവ തലയുയർത്തി നിൽക്കാൻ കാരണം ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നതാണ്. ഇവ മാത്രമല്ല റോഡുകൾക്കിരുവശത്തുമുള്ള കാടും പടലവുമൊക്കെ മഴക്കാലം തുടങ്ങുന്നതിനു മുൻപ് വെട്ടി നീക്കി വാഹനയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മരാമത്തു മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. മരാമത്തുമന്ത്രിയുടെ ഉത്തരവായതിനാൽ ഉദ്യോഗസ്ഥർ വീഴ്ച കാണിക്കുകയില്ലെന്നു പ്രതീക്ഷിക്കാം.

ശുചീകരണവും കൊതുകു നശീകരണവും ജനങ്ങളുടെ കൂടി ഉത്തരവാദിത്വമായാലേ പകർച്ചവ്യാധികളെ ഫലപ്രദമായി തടഞ്ഞുനിറുത്താനാവൂ. വീടും പരിസരങ്ങളും പരമാവധി വൃത്തിയായി സൂക്ഷിക്കുന്നതുപോലെ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്ന ശീലവും പരിപൂർണമായി ഉപേക്ഷിക്കണം. ഈ കൊവിഡ് കാലത്തും നഗരങ്ങളിൽ പലേടത്തും അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നതായി കാണാം. അനുഭവങ്ങളുണ്ടായിട്ടും ഒന്നും പഠിക്കാത്തവരും സമൂഹത്തിലുണ്ടെന്നതിന്റെ തെളിവാണത്. പതിവു ശീലങ്ങൾ പലതും മാറ്റിയെടുക്കാൻ കൊവിഡ് മഹാമാരിക്കു കഴിഞ്ഞു. മാറാൻ മടിക്കുന്ന ദുശ്ശീലങ്ങൾ ഇപ്പോഴുമുണ്ട്. അതിലൊന്നാണ് മാലിന്യവുമായി ബന്ധപ്പെട്ടത്. തന്റെയും തന്റെ കുടുംബത്തിന്റെയും സുരക്ഷ പോലെ തന്നെ സമൂഹത്തിന്റെ സുരക്ഷയ്ക്കും പരമ പ്രാധാന്യം നൽകുമ്പോഴാണ് ഉത്തരവാദിത്വബോധമുള്ള യഥാർത്ഥ പൗരനാകുന്നത്. കൊവിഡിനെതിരായ പോരാട്ടത്തിലെന്നപോലെ പകർച്ചവ്യാധികൾക്കെതിരെയും ഇനി പോരാടേണ്ടതുണ്ട്.

എല്ലാ മഴക്കാലത്തും പകർച്ചപ്പനിയാണ് ആശുപത്രികൾ നിറയ്ക്കാറുള്ളത്. കൊവിഡ് ഭീഷണി സജീവമായിത്തന്നെ നിൽക്കുന്നതിനാൽ ഇത്തവണ പനി വാർഡുകൾക്ക് പരിമിതികൾ വന്നേക്കും. കൊവിഡിനെതിരെ കരുതൽ നടപടികളെടുക്കുന്നതുപോലെ തന്നെ പകർച്ചപ്പനി പിടിപെടാതിരിക്കാനുള്ള മുൻകരുതലും കൈക്കൊള്ളേണ്ടിയിരിക്കുന്നു.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.