ഇടുക്കി: എസ.രാജേന്ദ്രൻ എം.എൽ.എയുടെ അനധികൃത വീട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ. റവന്യു വകുപ്പാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. നിർമ്മാണത്തെ കുറിച്ചും ഭൂമിയുടെ പട്ടയത്തെ കുറിച്ചും അന്വേഷിക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിൽ പറയുന്നു. അനുമതിയില്ലാതെ എം.എൽ.എ വീട്ടിലെ രണ്ടാം നില പണിതതാണ് റവന്യു വകുപ്പ് തടഞ്ഞത്.
എം.എൽ.എയുടെ വീട് നിർമ്മാണത്തിനെപ്പറ്റിയുള്ള പരാതിയെ കുറിച്ച് അന്വേഷിക്കാൻ ദേവികുളം സബ്കളക്ടർ മൂന്നാർ വില്ലേജ് ഓഫീസറെ നിയോഗിച്ചിരുന്നു. മൂന്നാർ ഇക്കാ നഗറിലാണ് ദേവികുളം എം.എൽ.എ എസ്.രാജേന്ദ്രന്‍റെ വീട്. ഈ വീടിന് മുകളിൽ രണ്ടാം നിലയുടെ നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
മൂന്നാറിൽ ഏത് നിർമാണത്തിനും റവന്യൂ വകുപ്പിന്‍റെ അനുമതി നിർബന്ധമാണ്. സമാന രീതിയിൽ രണ്ടാംനില പണിത നിരവധി കെട്ടിടങ്ങൾ അധികൃതർ പൊളിച്ച് നീക്കിയിരുന്നു. ടൗണിന്‍റെ ഹൃദയഭാഗത്താണ് എം.എൽ.എയുടെ വീട്. ഇവിടെ പണി നടക്കുന്ന വിവരം ഉദ്യോഗസ്ഥർ അറിഞ്ഞില്ലെന്നത് അവിശ്വസനീയമെന്ന് പ്രതിപക്ഷം ആരോപിച്ചു.
കെ.എസ്.ഇ.ബിയുടെ ഭൂമി കയ്യേറിയാണ് എസ് രാജേന്ദ്രൻ വീട് നിർമിച്ചതെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും മഴയിൽ ചോർച്ച ഒഴിവാക്കാൻ വീടിന് മുകളിൽ ഷീറ്റ് മേയാനാണ് നിർമ്മാണമെന്നുമായിരുന്നു എം.എൽ.എയുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |