കൊച്ചി: കൊവിഡ് വന്നാലും പ്രവാസികൾ വന്നാലും അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽപ്പോയാലും നെഞ്ചിടിക്കുക എറണാകുളം ജില്ലക്കാണ്. കൊവിഡ് രോഗികൾ പെരുകുകയും ഒരാൾ മരിക്കുകയും ചെയ്തശേഷം ജില്ല മെല്ലെ പച്ച മേഖലയിൽ വന്നതിന് പിന്നാലെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനാത്തവളം, തുറമുഖം എന്നിവ വഴി പ്രവാസികൾ തിരിച്ചെത്താൻ തുടങ്ങിയത്. നാട്ടിലെത്തി ആശ്വസിക്കുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയാണ് ജില്ല.
കൊവിഡ് രോഗത്തിന് ആദ്യം ചികിത്സ തുടങ്ങിയ കേന്ദ്രങ്ങളിൽ ഒന്നാണ് എറണാകുളം. സർക്കാർ മെഡിക്കൽ കോളേജിനെ പിന്നീട് സംസ്ഥാനത്തെ ആദ്യത്തെ കൊവിഡ് കെയർ സെന്ററായും ഉയർത്തി. 28 പേരെ ഇതുവരെ ചികിത്സിച്ചു. മൂന്നു പേരുടെ ചികിത്സ തുടരുകയാണ്. ഇവരിൽ എട്ടുപേർ മാത്രമാണ് എറണാകുളം സ്വദേശികൾ. ബ്രിട്ടൻ സ്വദേശികളായ വിനോദ സഞ്ചാരികളും ഇവരിലുണ്ട്. ദുബായിയിൽ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശി യാക്കൂബ് സേട്ട് മാത്രമാണ് മരിച്ചത്.
# പ്രവാസി വിമാനങ്ങൾ ദിവസവും
തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിച്ച് നാടുകളിൽ എത്തിക്കുന്ന ദൗത്യത്തിലാണ് ജില്ലാ ഭരണകൂടവും പൊലീസ് ഉൾപ്പെടെ വിവിധ ഏജൻസികളും. ഗൾഫിൽ നിന്ന് ദിവസവും കൊച്ചിയിൽ വിമാനങ്ങൾ വരുന്നുണ്ട്. ദോഹയിൽ നിന്നാണ് മേയ് ഏഴിന് ആദ്യ വിമാനം എത്തിയത്. വലിയ ആശങ്കയിലാണ് പ്രവാസികളുടെ വിമാനത്തെ ജില്ല കാത്തിരുന്നത്. രോഗം രൂക്ഷമായ സൗദി അറേബ്യയിൽ നിന്ന് വരുന്നവർ വൈറസ് ബാധിതരാണോയെന്നതായിരുന്നു ആശങ്കയുടെ പ്രധാന കാരണം. യുദ്ധസമാനമായ സാഹചര്യത്തിൽ മുന്നൊരുക്കൾ ജില്ലാ ഭരണകൂടം സ്വീകരിച്ചു. കൊച്ചി വിമാനത്താവള കമ്പനി, റവന്യൂ വകുപ്പ്, ആരോഗ്യ വകുപ്പ്, കസ്റ്റംസ്, എമിഗ്രഷൻ, കെ.എസ്.ആർ.ടി.സി തുടങ്ങിയ ഏജൻസികളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനം വിജയകരമായി പൂർത്തിയാക്കി. വിമാനത്തിൽ വന്നിറങ്ങിയ മുഴുവൻ യാത്രക്കാരെയും ആരോഗ്യ പരിശോധനക്ക് വിധേയമാക്കി. ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയ അഞ്ചുപേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാൾക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു.
മേയ് ഏഴിനുശേഷം ദിവസവും വിമാനങ്ങൾ വരുന്നുണ്ട്. ഗൾഫിന് പുറമെ മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നും രണ്ടു വിമാനങ്ങൾ എത്തി. പത്തു ദിവസത്തിനകം 2150 പ്രവാസികൾ തിരിച്ചെത്തും. ഇവരിൽ മറ്റു ജില്ലക്കാരെ അതതു സ്ഥലത്ത് എത്തിക്കും. ജില്ലക്കാർക്കെല്ലാം നിരീക്ഷണത്തിൽ കഴിയാനും സൗകര്യങ്ങൾ ഒരുക്കി. ഹോസ്റ്റലുകളാണ് നിരീക്ഷണ കേന്ദ്രം. പണം നൽകാൻ കഴിയുന്നവർക്ക് ഹോട്ടൽ മുറികളും സജ്ജമാക്കിയിട്ടുണ്ട്.
# കപ്പലിലേറി പ്രവാസികൾ
വിദേശങ്ങളിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച സമുദ്രസേതു ദൗത്യത്തിന്റെ തുടക്കവും കൊച്ചിയിലായിരുന്നു. മാലദ്വീപിൽ നിന്ന് 891 പേരെ രണ്ടു കപ്പലുകളിൽ കൊച്ചിയിൽ എത്തിച്ചു. നാവികസേനയുടെ ജലാശ്വ എന്ന കപ്പലാണ് ആദ്യം എത്തിയത്. 689 ഇന്ത്യക്കാരെയാണ് നാട്ടിലെത്തിച്ചത്. മഗർ എന്ന രണ്ടാം കപ്പലിൽ 202 പേരെയും കൊച്ചിയിലെത്തിച്ചു. മലയാളികൾക്കു പുറമെ, 19 സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും എത്തിച്ചു. നിശ്ചിതസമയം നിരീക്ഷണത്തിൽ പാർപ്പിച്ചശേഷം ഇവരെ നാട്ടിലേക്ക് പോകാൻ അനുവദിക്കും. 900 കിലോമീറ്റർ കടലിലൂടെ സഞ്ചരിച്ച് 36 മണിക്കൂറുകൾ കൊണ്ടാണ് കപ്പലുകൾ കൊച്ചിയിലെത്തിയത്. കൊവിഡ് ഭീഷണി നേരിടുന്ന മാലദ്വീപിന് സഹായവും നൽകിയാണ് മഗർ കപ്പൽ തിരിച്ചെത്തിയത്. ടൺ കണക്കിന് ഗോതമ്പും മറ്റ് അവശ്യവസ്തുക്കളും മാലദ്വീപുകാർക്ക് നൽകിയശേഷമാണ് കപ്പൽ ഇന്ത്യക്കാരുമായി മടങ്ങിയത്. കൊച്ചിയിലെ ദക്ഷിണ നാവികത്താവളമാണ് കടൽ വഴിയുള്ള രക്ഷാദൗത്യം ആസൂത്രണം ചെയ്തതും വിജയകരമായി നടപ്പാക്കിയതും. തിരിച്ചിറങ്ങാൻ വേണ്ട ക്രമീകരണങ്ങളും നടപടിക്രമങ്ങളും തുറമുഖ ട്രസ്റ്റും ജില്ലാ ഭരണകൂടവും നിർവഹിച്ചു.
# വെള്ളക്കെട്ടിൽ മുങ്ങാതിരിക്കാൻ
മഴക്കാലം വരവറിയിച്ചതോടെ നഗരം വെള്ളക്കെട്ടിൽ മുങ്ങുന്നത് ഇക്കുറി തടയാനുള്ള തീവ്രശ്രമത്തിലാണ് ജില്ലാ ഭരണകൂടം. മാസങ്ങൾക്ക് മുമ്പേ ആരംഭിച്ചെങ്കിലും ലോക്ക് ഡൗണിൽ നിലച്ചുപോയ ദൗത്യം കഴിഞ്ഞ ദിവസങ്ങളിൽ പുനരാരംഭിച്ചു.
ഓപ്പറേഷൻ ബ്രേക്ക് ത്രൂ എന്നു പേരിട്ട പദ്ധതിയിൽ നഗരത്തിലെ കനാലുകളിലും കാനകളിലും തോടുകളിലും ഒഴുക്ക് വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ചെളിയും മാലിന്യങ്ങളും കോരി നീക്കിയും തടസങ്ങൾ ഒഴിവാക്കിയും ഒഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. ഒഴുക്കിന് തടസം സൃഷ്ടിക്കുന്ന വിധത്തിൽ നടത്തിയ നിർമ്മാണങ്ങൾ പൊളിച്ചുനീക്കിയും ജൂണിന് മുമ്പ് പണികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
# രണ്ടാംഘട്ടം ഉഷാർ
പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ലോക്ക് ഡൗൺ ഇളവുകാലത്ത് ആരംഭിച്ചത്. കാരണക്കോടം ചങ്ങാടംപോക്ക് കനാലുകളെ തമ്മിൽ ബന്ധിപ്പിക്കൽ, ഇടപ്പള്ളിത്തോട് നവീകരണം, കോയിത്തറ തോട്, തേവര കായൽ മുഖം, ചിലവന്നൂർ കായൽ, ചിലവന്നൂർ ബണ്ട് എന്നിവ ആഴംകൂട്ടി നവീകരിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ വർഷം മഴയിൽ ദിവസങ്ങളോളം നഗരത്തിലെ പ്രധാന റോഡുകൾ മുങ്ങിയിരുന്നു. കലൂരിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ വളപ്പിൽ വെള്ളം കയറിയതുമൂലം മണിക്കൂറുകൾ നഗരത്തിലെ വൈദ്യുതി വിതരണവും നിലച്ചിരുന്നു. ഇക്കുറിയും വെള്ളക്കെട്ട് ഒഴിവാക്കാൻ ജില്ലാ ഭരണകൂടത്തിന് സർക്കാർ ചുമതല നൽകുകയായിരുന്നു. കൊച്ചി നഗരസഭക്കാണ് വെള്ളക്കെട്ട് ഒഴിവാക്കേണ്ട ചുമതലയെങ്കിലും തുടർച്ചയായി പരാജയപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന് ചുമതല നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |