SignIn
Kerala Kaumudi Online
Thursday, 01 October 2020 8.42 AM IST

സർക്കാരല്ല ശത്രു, കൊവിഡാണ്

covid-

സൃഷ്ടികർത്താവ് മനുഷ്യന് വിവേചനബുദ്ധി നൽകിയത് സാഹചര്യങ്ങൾ കണ്ടറിഞ്ഞ് വിവേകപൂർവം പെരുമാറാനാണ്. അതു പാടേ മറന്നുകൊണ്ടുള്ള ഇടപെടലുകൾ വ്യക്തികൾക്കു മാത്രമല്ല സമൂഹത്തിനും വലിയ ദോഷം വരുത്തിവയ്ക്കും. ലോകം ഇപ്പോൾ അതിഭീകരമായ ഒരു മഹാമാരിയുടെ പിടിയിൽപ്പെട്ട് നട്ടം തിരിയുകയാണ്. രോഗവ്യാപനത്തിലും രോഗികളുടെ എണ്ണത്തിലും ഇന്ത്യയും അതിവേഗം മുന്നേറുകയാണ്. അൻപതു ദിവസത്തിലേറെയായി തുടരുന്ന ലോക്ക് ഡൗണിനിടയിലും രോഗവ്യാപനത്തിനു ശമനമില്ല. മാത്രമല്ല വ്യാപനം കൂടുതൽ കൂടുതൽ ശക്തവുമാകുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും ഫലപ്രദമായ നടപടികൾ സ്വീകരിച്ച കേരളം ഇതുവരെ ആശ്വാസതീരത്തായിരുന്നുവെങ്കിലും കഴിഞ്ഞ രണ്ടുദിവസമായി ആ നിലയ്ക്ക് മാറ്റം വന്നിരിക്കുകയാണ്. പുറത്തുനിന്ന് കൂടുതൽ പേർ എത്തുന്നതോടെ സ്ഥിതി ഇനിയും മാറാം. രോഗബാധിതരുടെ പൊടുന്നനെയുള്ള വർദ്ധന ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും സർവ്വസജ്ജമായ പോരാട്ടത്തിൽ അശേഷം തളർച്ചയുണ്ടായിട്ടില്ലെന്ന കാര്യം ആശ്വാസം പകരുന്നു. പുറത്തു നിന്നെത്തുന്നവരുടെ സുരക്ഷയിലും അവർക്കു വേണ്ട സൗകര്യം ഒരുക്കുന്നതിലും മാതൃകാപരമായ പ്രവർത്തനങ്ങളാണു നടക്കുന്നത്. ഏത് സാഹചര്യങ്ങളെയും ഫലപ്രദമായി നേരിടാനുറപ്പിച്ചാണ് സംസ്ഥാനത്തെ ആരോഗ്യമേഖല നിൽക്കുന്നത്.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ ജനജീവിതം ഒരളവുവരെ സാധാരണ നിലയിലേക്കു കൊണ്ടുവന്നിട്ടുണ്ട്. പൊതുഗതാഗതത്തിന്റെ അഭാവമാണ് സാധാരണക്കാരെ ഇപ്പോഴും ഏറെ ബുദ്ധിമുട്ടിക്കുന്നത്. പെട്ടെന്നു തീരുമാനമെടുത്ത് നടപ്പിലാക്കാൻ കഴിയുന്ന കാര്യമല്ല പൊതുഗതാഗത സംവിധാനങ്ങളുടെ പുനഃസ്ഥാപനം. കൊവിഡ് പ്രതിരോധ യജ്ഞങ്ങളിൽ സർക്കാരിന് സഹായവും പിന്തുണയുമായി ജനങ്ങൾ ഒപ്പം തന്നെയുണ്ടെന്നതാണ് ഏറ്റവും വലിയ കരുത്ത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുമായി ജനങ്ങൾ സർവാത്മനാ സഹകരിക്കുന്നു. ചെറിയൊരു വിഭാഗം മാത്രമേ വിരുദ്ധ മനോഭാവവുമായി നിയമലംഘനത്തിനു മുതിരാറുള്ളൂ. സർക്കാർ കൈക്കൊള്ളുന്ന ഓരോ നടപടിയും സമൂഹത്തിന്റെ മൊത്തം നന്മ ലക്ഷ്യമിട്ടുള്ളതായതുകൊണ്ടു കൂടിയാണ് കവിഞ്ഞ തോതിൽ അതിനു ജനപിന്തുണ ലഭിക്കുന്നത്.

രാജ്യവും ജനങ്ങളും ഇതുപോലുള്ള ഒരു അപൂർവ മഹാമാരി നേരിടുമ്പോൾ സമചിത്തത വെടിയാതെ സർക്കാരിന്റെ രോഗപ്രതിരോധ യജ്ഞങ്ങളെ തങ്ങളാലാവും വിധം പിന്തുണയ്ക്കാനാണ് പൗരബോധമുള്ളവർ ശ്രമിക്കേണ്ടത്. ഐക്യവും സഹകരണവും ത്യാഗവുമാണ് ഈ പരീക്ഷണകാലത്ത് അവശ്യം മനുഷ്യരിലുണ്ടാകേണ്ട ഗുണങ്ങൾ. പ്രാദേശികവും രാഷ്ട്രീയവും ജാതീയവുമായ താത്‌പര്യങ്ങൾക്ക് ഒരു തരത്തിലും ഇടം നൽകരുത്. നിർഭാഗ്യവശാൽ സംസ്ഥാനത്ത് പ്രതിപക്ഷ കക്ഷികൾ ഈ ദുരന്തവേളയും രാഷ്ട്രീയം കളിക്കാനുള്ള ഒരവസരവും പാഴാക്കുന്നില്ലെന്നത് മനസ്താപത്തോടുകൂടിയേ പറയാനാകുന്നുള്ളൂ. ജനനന്മയും ക്ഷേമവും മാത്രം ഉദ്ദേശിച്ചാണ് ഈ രാഷ്ട്രീയ നീക്കങ്ങളെന്നു അവർ അവകാശപ്പെടുന്നുണ്ടെങ്കിലും സന്ദർഭത്തിനു ചേരാത്തതാണ് ഇതിൽ പലതുമെന്ന് കണ്ടുനിൽക്കുന്നവർക്കൊക്കെ തോന്നാറുണ്ട്. ലോക്ക് ഡൗൺചട്ടം ശിരസ്സാവഹിച്ച് ജനങ്ങൾ മുഴുവൻ വീടുകളിൽ അടച്ചിരുന്ന കാലത്തും പ്ളക്കാർഡും ബാനറുകളുമായി കേന്ദ്ര - സംസ്ഥാന സർക്കാർ ഓഫീസുകൾക്കു മുമ്പിൽ ആചാരം പോലെ സമരം നടത്താൻ ചിലർ മുതിരുന്നു. സർക്കാരിന്റെ വീഴ്ചകളും പോരായ്മകളും ചൂണ്ടിക്കാട്ടി തിരുത്തിക്കാൻ വേറെയും വഴികളുള്ളപ്പോൾ ഇതുപോലുള്ള സമരമുറകളുടെ അർത്ഥശൂന്യത സ്വയം ബോദ്ധ്യപ്പെടേണ്ടതാണ്. സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതും ചെയ്യാൻ പോകുന്നതുമായ കാര്യങ്ങൾക്കായി പ്രതീകാത്മക സമരമോ സത്യാഗ്രഹമോ നടത്തേണ്ട ആവശ്യമൊന്നുമില്ല. കഴിഞ്ഞ ഒന്നൊന്നര മാസത്തിനിടയ്ക്ക് എത്രയെത്ര ധർണകൾക്കും സത്യാഗ്രഹത്തിനുമാണ് സർക്കാർ ഓഫീസ് കവാടങ്ങൾ വേദിയായത്. ഉള്ളിൽ തീയുമായി ജനങ്ങൾ ഭയാശങ്കയുമായി ഒതുങ്ങിക്കഴിയുമ്പോഴാണ് ഇതൊക്കെ നിത്യേനയെന്നോണം ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. രോഗം പിടിപെട്ട കുട്ടിക്ക് മരുന്നു വാങ്ങാനിറങ്ങുന്ന ആൾക്കു പോലും കടമ്പകൾ പലതും മറികടക്കാനുള്ളപ്പോഴാണ് സംസ്ഥാനത്തുടനീളം നടക്കുന്ന രാഷ്ട്രീയ സമരങ്ങൾ. ലോക്ക് ഡൗൺ കാലത്തും പ്രവർത്തകരെ കർമ്മോത്സുകരാക്കാൻ ഇതൊക്കെ ആവശ്യമായേക്കാം. എന്നാൽ രാഷ്ട്രീയത്തിനതീതമായി ഇപ്പോഴത്തെ അവസ്ഥ കാണുന്നവർക്ക് ഉൾക്കൊള്ളാനാവാത്തതാണ് ഇതൊക്കെ.

സമരാവേശം മൂത്ത് വീണ്ടുവിചാരമില്ലാതെ പ്രവർത്തിച്ചാലുണ്ടാകാവുന്ന വിപത്ത് ബോദ്ധ്യപ്പെടുത്തുന്നതാണ് വാളയാർ സംഭവം. ചെന്നൈയിൽ നിന്നെത്തിയ മലയാളികളെ വാളയാർ ചെക്ക് പോസ്റ്റ് കടത്താൻ ഇടപെട്ട കോൺഗ്രസ് ജനപ്രതിനിധികൾ കൊവിഡ് നിരീക്ഷണത്തിൽ കഴിയാൻ നിർബന്ധിതരായിരിക്കുകയാണ്. വന്നവരുടെ കൂട്ടത്തിൽ പാസില്ലാതെ എത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതാണ് ജനപ്രതിനിധികൾ ഉൾപ്പെടെ നൂറിലധികം പേർക്കു വിനയായത്. സർക്കാർ തങ്ങൾക്ക് രാഷ്ട്രീയ ക്വാറന്റൈൻ വിധിച്ചതാണെന്ന ആക്ഷേപവുമായാണ് ജനപ്രതിനിധികൾ ഇത് നേരിട്ടത്. രോഗിയുമായി നേരിയ സമ്പർക്കമുണ്ടായാൽ പോലും നിരീക്ഷണത്തിലാകേണ്ടിവരുമെന്ന് ഏവർക്കുമറിയാവുന്നതാണ്. അതിർത്തിയിലെത്തുന്ന മലയാളികളെ ചട്ടപ്രകാരം ഇപ്പുറത്തേക്കു കൊണ്ടുവരാൻ എം.പിമാരുടെയോ എം.എൽ.എമാരുടെയോ ഇടപെടലൊന്നും വേണ്ട. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതുപോലെ രാഷ്ട്രീയ നാടകം കളിക്കേണ്ട സമയമല്ല ഇത്.വിദേശത്തു നിന്നായാലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായാലും ഇങ്ങോട്ടു വരുന്നതിന് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വ്യക്തമായ നടപടിക്രമങ്ങളുണ്ട്. എൻട്രി പോയിന്റുകളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അല്പം താമസമുണ്ടായേക്കാം. ഇതൊക്കെ മനസിലാക്കാൻ സാമാന്യ ബുദ്ധി മതി. ഉത്തരവാദിത്വബോധം കാണിക്കേണ്ടവർ തന്നെ നിരുത്തരവാദപരമായി പെരുമാറിയാൽ അതിന്റെ ദുരിതം സമൂഹവും അനുഭവിക്കേണ്ടിവരും. മഹാമാരിയുടെ വിപത്ത് അതിഭീഷണമാംവിധം മുന്നിൽത്തന്നെയുള്ളപ്പോൾ കൈയടി പ്രതീക്ഷിച്ചുള്ള സമരമുറകൾക്ക് ഒരുങ്ങാതിരിക്കുകയാവും ഭംഗി. ഇപ്പോൾ മുന്നിലുള്ള ഏറ്റവും വലിയ ശത്രു കൊവിഡാണെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണം.

.....................................................................................................................................................................................................................................

രാജ്യവും ജനങ്ങളും ഇതുപോലുള്ള ഒരു അപൂർവ മഹാമാരി നേരിടുമ്പോൾ സമചിത്തത വെടിയാതെ സർക്കാരിന്റെ രോഗപ്രതിരോധ യജ്ഞങ്ങളെ തങ്ങളാലാവും വിധം പിന്തുണയ്ക്കാനാണ് പൗരബോധമുള്ളവർ ശ്രമിക്കേണ്ടത്. ഐക്യവും സഹകരണവും ത്യാഗവുമാണ് ഈ പരീക്ഷണകാലത്ത് അവശ്യം മനുഷ്യരിലുണ്ടാകേണ്ട ഗുണങ്ങൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.