തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ തുടർച്ചയായും വിശ്രമരഹിതമായും ജോലിയെടുക്കുന്ന ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും വാർഡ്തല വോളണ്ടിയർമാർക്കും വിശ്രമം ഉറപ്പാക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിരീക്ഷണത്തിലും, റിവേഴ്സ് ക്വാറന്റൈനിലുമുള്ളവരുമായി നിരന്തരം ബന്ധപ്പെടുന്നതിൽ വാർഡ്തല സമിതികൾക്ക് പ്രധാന പങ്കുണ്ട്. തുടർച്ചയായ ജോലിയിൽ മടുപ്പോ പ്രയാസമോ ഉണ്ടാകുമ്പോൾ അടുത്ത ടീമിനെ നിയോഗിക്കണം. വാർഡ് തലസമിതി സ്ഥിരം സംവിധാനമാണ്. അതിന്റെ ഭാഗമായ വോളണ്ടിയർമാരാണ് വീടുകളിലെത്തുന്നതും ക്വാറന്റൈനിലുള്ളവരെയും റിവേഴ്സ് ക്വാറന്റൈനിലുള്ള പ്രായമായവരെയും രോഗബാധിതരെയും ബന്ധപ്പെടുന്നതും..
പുറത്തുനിന്ന് വരുന്നവരെ സ്വീകരിക്കുമ്പോൾ ജാഗ്രത പുലർത്തിയില്ലെങ്കിൽ സംവിധാനത്തെയാകെ ബാധിക്കും. സർക്കാർ സംവിധാനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ ആരെങ്കിലുമെത്തിയാൽ നാട്ടുകാരറിയാതിരിക്കില്ല. അങ്ങനെ കണ്ടെത്തുന്നവരെ വാർഡുതലസമിതികൾ ഇടപെട്ട് ക്വാറന്റൈൻ ചെയ്യണം.
ബാർബർ ഷാപ്പ്
വൃത്തിയാക്കാം
ബ്യൂട്ടി പാർലറുകളും ബാർബർ ഷോപ്പുകളും ശുചിയാക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി അനുമതി നൽകിയ ചെങ്കൽ ക്വാറികളിൽ പണിയെടുക്കാനുള്ളവരെ കർണാടകയിൽ നിന്ന് ഊടുവഴികളിലൂടെ എത്തിക്കുന്നുവെന്ന പരാതിയുണ്ട്. അത്തരമാളുകളിൽ ആരെങ്കിലും രോഗവാഹകരായാൽ അപകടമാകും. ഇക്കാര്യത്തിൽ ക്വാറി ഉടമകൾക്ക് കർശനനിർദ്ദേശം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |