സത്യസന്ധമായ നിലപാടുകളും സമഗ്രമായ അവതരണവും കൊണ്ട് 109 വർഷങ്ങളായി മലയാളിയുടെ വാർത്താവായനയെ സമ്പൂർണവും സാർത്ഥകവുമാക്കുന്ന കേരള കൗമുദി ഈ ദീർഘപ്രയാണത്തിൽ വളർച്ചയുടെയും പ്രതിബദ്ധതയുടെയും മറ്റൊരു നാഴികക്കല്ല് കടക്കുകയാണ്. കുതിക്കുന്ന കാലത്തിനും വാർത്താ സങ്കല്പങ്ങൾക്കും സാങ്കേതിക സൗകര്യങ്ങൾക്കുമൊപ്പം മാദ്ധ്യമപ്രവർത്തനത്തിന് പുതിയ കരുത്തും വേഗവും പകർന്ന ദിനപത്രം, മാറുന്ന വാർത്താ ശീലങ്ങൾക്കായി പുതിയൊരു മാദ്ധ്യമം ഇന്ന് ലോക മലയാളികൾക്കായി സമർപ്പിക്കുന്നു: കേരള കൗമുദി എക്സ്‌സ്റ്റൻഡഡ് ഇ- പേപ്പർ.
അച്ചടിയക്ഷരങ്ങൾക്കപ്പുറം ഡിജിറ്റൽ മീഡിയയുടെ അനന്ത സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി, വാർത്തകൾക്ക് ശ്രവ്യരൂപവും ദൃശ്യരൂപവും കൂടി നൽകുന്ന കേരള കൗമുദി എക്സ്‌സ്റ്റൻഡഡ് ഇ- എഡിഷൻ മലയാള മാദ്ധ്യമരംഗത്ത് പുതിയ പരീക്ഷണവും അനുഭവവുമാകും. ലോകത്തെവിടെയുമുള്ള മലയാളികൾക്കായി ഇന്നോളം മറ്റാരും നൽകാത്ത വാർത്താ കവറേജ് സമ്മാനിക്കുന്ന ഈ ഓഡിയോ, വീഡിയോ ഇ പേപ്പർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ എത്തിക്കുന്നത് ദിനപത്രങ്ങൾക്ക് നൽകാനാകാത്ത വിധം വിപുലവും വ്യത്യസ്തവുമായ വാർത്താ പേജുകളാണ്. ഒപ്പം, തിരക്കുകൾക്കിടെ വായനയ്ക്ക് സമയം കണ്ടെത്താനാകാത്തവർക്കായി ദിവസവും ഇരുന്നൂറിലധികം വാർത്തകളുടെ ഓഡിയോ എഡിഷനും!
ജില്ലാ വാർത്തകളുടെ സമഗ്ര കവറേജ് ഉറപ്പാക്കുന്ന എക്‌സ്റ്റൻഡഡ് ഇ- പേപ്പറിൽ ഓരോ ജില്ലയ്ക്കും പ്രത്യേക പേജുകളുണ്ട്. ദിനപത്രങ്ങൾ എക്കാലവും നേരിടുന്ന പത്രസ്ഥല പരിമിതി കാരണം ഓരോ ദിവസവും പ്രസിദ്ധീകരിക്കപ്പെടാതെ പോവുകയും വായനക്കാർ അറിയാതെ പോവുകയും ചെയ്യുന്നത് 35 ശതമാനത്തിലധികം വാർത്തകളാണ്. ഇ പേപ്പറിന്റെ ബ്രോഡ് സ്‌പേസ് ഈ പരിമിതി മറികടക്കുമ്പോൾ വായനക്കാർക്ക് ലഭിക്കുന്നത് വാർത്തകളുടെ സമ്പൂർണ ലോകം. ഇതിനൊപ്പം അച്ചടിപ്പത്രത്തിൽ ദിനവും വായിക്കാനാകാത്ത വിജ്ഞാന, വിനോദ വിഷയങ്ങൾക്കു കൂടി ഇ എഡിഷനിൽ പ്രത്യേകം പേജുകളുണ്ടാകും.
വാർത്താ പേജുകൾക്കൊപ്പം എഡിറ്റോറിയൽ പേജ്, വാർത്താ വിശകലനങ്ങളും വിഭിന്ന മേഖലകളിലെ പ്രമുഖരുടെ പംക്തികളും ഉൾക്കൊള്ളുന്ന ഒപ്പീനിയൻ പേജ്, ഇന്റർനാഷണൽ, സിനിമ, ക്രൈം, വീഡിയോ പേജുകൾ എന്നിവ കൂടാതെ ബിസിനസ്, സ്‌പോർട്സ് എന്നിവയ്ക്കായി ദിവസവും പ്രത്യേക പേജുകളും ആഴ്ചയിൽ ഒന്നിലേറെ ദിവസം ഓരോ വിഷയത്തിലും മൾട്ടിപ്പിൾ പേജുകളും ഇ- പേപ്പറിലുണ്ടാകും. വാർത്തകൾ പത്ര രൂപകല്പനയുടെ അതേ രൂപത്തിലോ ടെക്സ്റ്റ് വ്യൂ മോഡിലോ വായിക്കാനും, ഓരോരുത്തർക്കും വായനയ്ക്കുള്ള സൗകര്യമനുസരിച്ച് അക്ഷരങ്ങളുടെ വലിപ്പം കൂട്ടാനും സൗകര്യമുണ്ട്.
മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന വാർത്തകൾ ഇ പേപ്പറിന്റെ പേജിൽ നിന്നു തന്നെ ഒറ്റ ക്ലിക്കിൽ സെലക്ട് ചെയ്യാനും ഷെയർ ചെയ്യാനും കഴിയുമെന്നതാണ് ഒരു പ്രധാന സവിശേഷത. വെബ് എഡിഷൻ ആയോ കേരള കൗമുദി ഇ പേപ്പർ ആപ്പ് ഡൗൺലോഡ് ചെയ്‌തോ വായിക്കാവുന്ന കേരള കൗമുദി എക്സ്‌സ്റ്റൻഡഡ് ഇ- പേപ്പറിന് ഐ ഫോൺ, ആൻഡ്രോയിഡ് വേർഷനുകളുണ്ട്. വ്യത്യസ്ത പേജുകളിലെ വീഡിയോ റിപ്പോർട്ടുകൾക്കു പുറമെ, വീഡിയോ വാർത്തകൾക്കായി പ്രത്യേക പേജുമുണ്ട്. പേജിലെ ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ നേരിട്ട് വീഡിയോ ഓപ്പൺ ആകുന്ന രീതിയിലാണ് രൂപകല്പന. സെലക്ട് ചെയ്യുന്ന വാർത്തയുടെ മാത്രം ഓഡിയോ രൂപം കേൾക്കാമെന്നതിനു പുറമെ, പത്രത്തിലെ മുഴുവൻ വാർത്തകളും ഒന്നിനു പിറകെ ഒന്നായി തുടർച്ചയായി കേൾക്കാൻ ഓൾ ഓഡിയോ ഓപ്ഷൻ ഉപയോഗിക്കാം.
കേരളകൗമുദിയുടെ എന്നത്തെയും മൂലധനവും ഊർജ്ജവും, സമർപ്പിതമനസ്സോടെ സേവനമനുഷ്‌ഠിക്കുന്ന പ്രിയപ്പെട്ട ജീവനക്കാരാണ്. കേരള കൗമുദി ദിനപത്രം, കൗമുദി ടിവി, കൗമുദി ഓൺലൈൻ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ടീമിന്റെ സമർത്ഥവും ഏകോപിതവുമായ പരിശ്രമമാണ് എക്‌സ്റ്റൻഡഡ് ഇ- പേപ്പറിന്റെ ഓരോ ദിവസത്തെയും രൂപകല്‌പനയ്‌ക്കു പിന്നിൽ. കൊവിഡ് കാലത്തെ മാനസിക സംഘർഷങ്ങൾക്കും പതിവ് ഔദ്യോഗിക കൃത്യങ്ങൾക്കും പുറത്ത്, 24 പേജുകളിൽ എല്ലാ വാർത്തകൾക്കും ഓഡിയോ രൂപം സഹിതം ഇത്തരമൊരു ബൃഹദ്സംരംഭം യാഥാർത്ഥ്യമാക്കിയത് അവരുടെ ആത്മർത്ഥമായ പരിശ്രമം ഒന്നു മാത്രമാണ്. അവരിൽ ഓരോരുത്തരെയും അവർക്കു പിൻതുണയേകുന്ന കുടുംബാംഗങ്ങളെയും ഈ അവസരത്തിൽ ഹൃദയപൂർവം അനുമോദിക്കുന്നു.
ഇപ്പോൾ 24 പേജുകളോടെ സൗജന്യമായി ലഭിക്കുന്ന ഇ- പേപ്പർ ആരോഗ്യം, കാർഷികം, വിദ്യാഭ്യാസം, കരിയർ, ടെക്‌നോളജി, അറിയിപ്പുകൾ, ഡ്രീം ഡ്രൈവ്, കേരള കിച്ചൺ, ക്രൈം ഡയറി, തലസ്ഥാന വാർത്തകൾ എന്നിവയ്ക്കായി പ്രതിദിന പ്രത്യേക പേജുകൾ കൂടി ചേർന്ന് കുറഞ്ഞ ദിവസങ്ങൾക്കകം 35- 40 പേജുകളുമായി കൂടുതൽ സമൃദ്ധമാകും. ഈ അവസരത്തിൽ ചെറിയൊരു വരിസംഖ്യ നൽകി വായനക്കാർക്ക് ഇ- പേപ്പറിന്റെ സ്ഥിരവരിക്കാരാകാം.
നാല് തലമുറകൾ തിളക്കത്തോടെ തുടരുന്ന കേരള കൗമുദിയുടെ പ്രൗഢപാരമ്പര്യവും വിശ്വാസ്യതയിൽ ഉറച്ച പ്രതിബദ്ധതയും പുതിയ കാലത്തിന്റെ ഇ മാദ്ധ്യമത്തിനും പിൻബലമേകുമ്പോൾ പ്രിയപ്പെട്ട വായനക്കാർ ഈ സംരംഭത്തെയും ഹൃദയപൂർവം സ്വീകരിക്കുമെന്ന്. ഞങ്ങൾ പ്രതീക്ഷിക്കുകയാണ്. വായനാ സമൂഹത്തെ വാർത്തകൾകൊണ്ട് കരുത്തരാക്കുകയും, മാറുന്ന വായനാശീലങ്ങളെ സംതൃപ്തമാക്കുകയും ചെയ്യുന്ന ഈ നവീന മാദ്ധ്യമം വിശ്വാസപൂർവം, അഭിമാനപൂർവം മലയാളത്തിന് സമർപ്പിക്കുന്നു.
ദീപു രവി
ചീഫ് എഡിറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |