ആഗോളവത്കരണം സാദ്ധ്യതകളുടെ കൊടുങ്കാറ്റാണ് കഴിഞ്ഞ മൂന്ന്പതിറ്റാണ്ടുകളിൽ സൃഷ്ടിച്ചത്. എന്നാൽ ആ കൊടുങ്കാറ്റിനെക്കാൾ വേഗത്തിൽ ഒരു വൈറസിന് കേവലം രണ്ടു മാസം കൊണ്ട്, ലോകം മുഴുവൻ വൻ സാമ്പത്തിക -ആരോഗ്യ പ്രതിസന്ധിയും തൊഴിലില്ലായ്മയും സൃഷ്ടിക്കാൻ കഴിഞ്ഞിരിക്കുന്നു. ഇവിടെ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ഡയറക്ടർ ഗൈ റൈഡറുടെ വാക്കുകൾ ശ്രദ്ധേയമാണ് ''ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് വരുമാനം ഇല്ല എന്നതിനർത്ഥം ഇല്ല എന്നാണ്. പകർച്ചവ്യാധിയും പ്രതിസന്ധിയും വ്യാപിക്കുമ്പോൾ ഏറ്റവും ദുർബലമായവരെസംരക്ഷിക്കേണ്ട ആവശ്യകത അടിയന്തരമായി തീരുന്നു"".
ആഗോള തൊഴിലില്ലായ്മ
കൊവിഡിന്റെ മാരകമായ കടന്നുകയറ്റം മൂലം ഇരുനൂറോളം രാജ്യങ്ങളിലും തൊഴിലിടങ്ങൾ അടച്ചിടൽ ഭീഷണി നേരിട്ടപ്പോൾ ആഗോളതലത്തിൽ കടുത്ത തൊഴിലില്ലായ്മയാണ് കഴിഞ്ഞ രണ്ടു മാസങ്ങളിൽ സംഭവിച്ചത്. ഏപ്രിൽ 22വരെയുള്ള കണക്കുകൾ അപഗ്രഥിച്ച് അന്താരാഷ്ട്ര തൊഴിൽസംഘടന ( ILO )കൊവിഡും തൊഴിലും സംബന്ധിച്ച മൂന്നാം പതിപ്പ് ഏപ്രിൽ 29ന് പുറത്തിറക്കുകയുണ്ടായി. റിപ്പോർട്ട് പ്രകാരംലോകത്തെ 81% തൊഴിലുടമകളും 66% സ്വയംതൊഴിൽ സംരംഭങ്ങളും കൊവിഡ് അടച്ചുപൂട്ടൽ സാദ്ധ്യതാ പ്രദേശങ്ങളിലാണ് ഉള്ളത്. ഈ ഭീഷണി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തതായി കണക്കുകൾ നിരത്തി െഎ.എൽ.ഒ റിപ്പോർട്ട് ചെയ്യുന്നുണ്ട്.കൊവിഡ് മൂലം ആഗോളതലത്തിൽ 25 ദശലക്ഷംതൊഴിലാളികൾക്ക് ഭീഷണി ഉണ്ടാകുമത്രേ..!
ഏപ്രിൽ ആദ്യപാദത്തിൽ മാത്രം അഞ്ച് ശതമാനം തൊഴിൽ മണിക്കൂറുകൾനഷ്ടമായി. ഇത് ഏകദേശം 13 കോടി മുഴുവൻ സമയ ജോലിക്ക് തുല്യമാണ്
ഏപ്രിൽ- ജൂൺ കാലയളവിലെ തൊഴിൽ നഷ്ടം 6.7 % ആയിരിക്കും (അതായത് 19. 9 കോടി മുഴുവൻ സമയ ജോലിക്ക് തുല്യം).
ജോലി സമയനഷ്ടം അമേരിക്കയിൽ 12.4 ശതമാനവും യൂറോപ്പിലും മദ്ധ്യേഷ്യയിലും 11.8 ശതമാനവും ആയിരിക്കും.
കൊവിഡിന് മുമ്പ് ഉണ്ടായിരുന്ന 19 കോടി തൊഴിലില്ലായ്മയും കടന്ന് പുതിയ സാഹചര്യം 270 കോടി തൊഴിലാളികളെ ബാധിക്കുമെന്ന് അന്താരാഷ്ട്ര തൊഴിൽസംഘടന വിലയിരുത്തുന്നു. (അതായത് ലോകത്തിലെ അഞ്ച് തൊഴിലാളികളിൽ നാലുപേരെയും)
ആഗോളതലത്തിൽ 37.5% കൈയടക്കിയിരിക്കുന്ന നാല് സുപ്രധാന മേഖലകളിലെ തൊഴിലാളികളും (റീട്ടെയിൽ മൊത്തവ്യാപാരം -48.2 കോടി, ഉത്പാദനം 46.3 കോടി, ബിസിനസ് സേവനങ്ങൾ - 15.7 കോടി, ഹോട്ടൽ,റസ്റ്റോറന്റ് -14.4 കോടി) തൊഴിൽ നഷ്ട ഭീഷണിയിൽ ആയിരിക്കും. ആഗോളതലത്തിലെ 125 കോടി തൊഴിലാളികൾ ജോലി ചെയ്യുന്നതും ഹൈറിസ്ക് മേഖലയിലും അടച്ചുപൂട്ടൽ ഭീഷണി ഉള്ള സ്ഥലങ്ങളിലും ആണ്.
അമേരിക്കയിൽ മാത്രം 3.3 കോടിയോളം ആളുകൾ (കേരളത്തിലെ ആകെ ജനസംഖ്യക്ക് തുല്യം) തൊഴിൽരഹിതരായതും തൊഴിലില്ലായ്മആനുകൂല്യങ്ങൾക്കായി പേര് രജിസ്റ്റർ ചെയ്തതും തൊഴിൽമേഖലയെ കാത്തിരിക്കുന്ന ദുരന്ത ചിത്രം വ്യക്തമാക്കുന്നതാണ്.
തൊഴിൽരഹിതമാകുന്ന ഇന്ത്യ
മുമ്പെങ്ങുമില്ലാത്തവിധത്തിലുള്ള തൊഴിലില്ലായ്മ നിരക്കിലൂടെയാണ് രാജ്യം കടന്നുപോകുന്നത് എന്ന് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (CMIE)വെളിപ്പെടുത്തുന്നത്. ചരിത്രത്തിലെ തന്നെ അതിതീവ്രമായ തൊഴിലില്ലായ്മ നിരക്കാണ് കഴിഞ്ഞ രണ്ടു മാസങ്ങളിൽ രാജ്യത്ത് ഉണ്ടായത്. 2020 ജനുവരി മുതലുള്ള തൊഴിലില്ലായ്മ നിരക്ക് നിരീക്ഷിച്ചാൽ നാലുമാസത്തിനുള്ളിൽ മൂന്നിരട്ടിയോളം പേർ തൊഴിൽരഹിതരായി കഴിഞ്ഞു എന്ന് കാണാം. അടച്ചുപൂട്ടൽ ഭീഷണിയും ലോക്ഡൗൺ മൂലമുള്ള അതിഥി തൊഴിലാളികളുടെ പലായനവും ഇന്ത്യയെ തൊഴിലില്ലായ്മയിലേക്കും അതുവഴി ദാരിദ്ര്യത്തിലേക്കും തള്ളിവിടുമ്പോൾ, മികച്ച പ്രകടനം നടത്തുന്ന സംസ്ഥാനങ്ങളും രാജ്യത്തുണ്ട്. ഏപ്രിൽ മാസത്തെ കണക്കനുസരിച്ച് ഹിമാചൽ പ്രദേശ് (2.2%), പഞ്ചാബ് (2.9 %), സിക്കിം (2.3 %)ഛത്തീസ്ഗഡ് (3.4%) തെലുങ്കാന (6.2 %) എന്നീ സംസ്ഥാനങ്ങൾ മികച്ച പ്രകടനംനടത്തിയപ്പോൾ, കേരളം 17 % തൊഴിലില്ലായ്മ നിരക്കോടെ ദേശീയ ശരാശരിയെക്കാൾ ഏറെ മികച്ച നിലയിലാണ്. എന്നാൽ ദേശീയ ശരാശരിയെക്കാൾ ഏറെ ദൂരത്താണ് പോണ്ടിച്ചേരി (75%) തമിഴ്നാട് (49.8%) ബീഹാർ(46.6%) തുടങ്ങിയ സംസ്ഥാനങ്ങളുടെ സ്ഥിതി.രാജ്യത്തെ അതിരൂക്ഷമായ തൊഴിലില്ലായ്മ രണ്ട് സുപ്രധാന ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനം ലോക്ക് ഡൗൺ സൃഷ്ടിച്ചപ്രതിസന്ധി തന്നെ. തൊഴിലുറപ്പ് പദ്ധതിയുടെ ഒരുദാഹരണം മാത്രം നോക്കാം. 2018ഏപ്രിൽ മാസത്തിൽ 209 ദശലക്ഷവും 2019 ഏപ്രിൽ മാസത്തിൽ 274 ലക്ഷവും തൊഴിൽസൃഷ്ടിക്കപ്പെട്ട ഇന്ത്യയിൽ, 2020 ഏപ്രിൽ മാസത്തിൽ 30.78 ദശലക്ഷം തൊഴിൽ മാത്രമേ തൊഴിലുറപ്പ് പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇതിനു പുറമേ ടൂറിസം (കെ.പി. എം. ജി. യുടെ പഠനത്തിൽ ടൂറിസം മേഖലയിൽ മാത്രം 70 ശതമാനംതൊഴിലാളികളും വെല്ലുവിളി നേരിടുന്നുണ്ട്), ഗതാഗതം, ഹോട്ടൽ വ്യവസായംതുടങ്ങിയ മേഖലകളെല്ലാം ഇന്ത്യയിലെ തൊഴിൽ മേഖലയുടെ റെഡ് സോണിലാണ്.കൂടാതെ അനൗപചാരിക മേഖലയിലെ 90% (40 കോടിയോളം വരും) തൊഴിലാളികളും ദാരിദ്ര്യത്തെ അഭിമുഖീകരിക്കുന്ന വിധത്തിൽ ഭീഷണി നേരിടുന്നുണ്ട്. മറ്റൊരു സുപ്രധാന ഘടകം കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ടതാണ്.ഐക്യരാഷ്ട്രസഭയുടെ 2019 ലെ കണക്കനുസരിച്ച് 271.6 മില്യൺ ആണ് ആഗോളകുടിയേറ്റക്കാർ. ഇതിൽ 18 ദശലക്ഷം പേരുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.
കേരളത്തിലേക്ക്
കേരളവും ചെറുത്തുനിൽപ്പിന്റെപാതയിലാണ് - വൈറസ് നോടും തൊഴിലില്ലായ്മയോടും. എങ്കിലും 2019 ഏപ്രിൽ മാസത്തെ (8.8%) തൊഴിലില്ലായ്മ നിരക്കിനേക്കാൾ ഇരട്ടിയാണ് 2020 ഏപ്രിൽ മാസത്തെ (17 ശതമാനം) നിരക്ക് എന്നത് നാം ആശങ്കയോടെതന്നെ കാണണം. ഇന്ത്യയിലെ ആകെ കുടിയേറ്റക്കാരിൽ 19 ശതമാനം പേരെ സംഭാവനചെയ്യുന്ന, ഒന്നാം സ്ഥാനത്തുള്ള, കേരളത്തെ മറ്റൊരു ഭീഷണി കൂടി കാത്തിരിപ്പുണ്ട്്. ഇതിനോടകം നാട്ടിലേക്ക് തിരിച്ചെത്താൻ രജിസ്റ്റർ ചെയ്തു മടങ്ങി തുടങ്ങിയ ആറ് ലക്ഷത്തോളം മറുനാടൻ മലയാളികളിൽ നല്ലൊരു വിഭാഗം താത്്കാലികമായോ സ്ഥിരമായോ തൊഴിൽ ഭീഷണി നേരിടുന്നവരോ തൊഴിൽ നഷ്ടപ്പെട്ടവരോആണെന്നതും വരുംനാളുകളിൽ സംസ്ഥാനത്തിന് വെല്ലുവിളിയായി മാറിയേക്കാം.
(യൂണിവേഴ്സിറ്റി കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |