'വർക്ക് ഫ്രം ഹോം" ഐ.ടി സ്ഥാപനങ്ങൾക്ക് മാത്രമല്ല സർക്കാർ ഓഫീസുകൾക്കും സ്ഥിരം രീതിയായി മാറും. ഇതിനായുള്ള മാർഗനിർദ്ദേശങ്ങളുടെ കരട് രൂപത്തിന് കേന്ദ്ര പേഴ്സണൽ മന്ത്രാലയം ഇതിനകം രൂപം നൽകിക്കഴിഞ്ഞു.
സർക്കാർ ജീവനക്കാർക്കായി തുടക്കത്തിൽ സാമ്പിൾ ഓപ്ഷൻ നൽകും. വർഷത്തിൽ 15 ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നുള്ള അവസരം സ്വീകരിക്കുന്നവരെ അതിന് അനുവദിക്കുകയും ഫലപ്രദമെന്ന് കണ്ടാൽ കൂടുതൽ ദിനങ്ങൾ നൽകുകയും ചെയ്യും. കേന്ദ്ര സർക്കാരിൽ 48.34 ലക്ഷം ജീവനക്കാരാണ് ഉള്ളത്.
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സാമൂഹ്യവ്യാപനം തടയുന്നതിന് ഡൽഹിയിലെ എല്ലാ മന്ത്രാലയങ്ങൾക്കും 'വർക്ക് ഫ്രം ഹോം" സ്വീകരിക്കേണ്ടിവന്നു.
നാഷണൽ ഇൻഫോർമാറ്റിക്സ്സെന്റർ (എൻ.ഐ.സി) പ്രദാനം ചെയ്ത ഇ - ഓഫീസ്, വീഡിയോ കോൺഫറൻസ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ചില ജീവനക്കാർ വളരെ മികച്ച പ്രകടനമാണ് കൊറോണക്കാലത്ത് കാഴ്ചവച്ചത്. ഇതാണ് തുടർന്നും ഇത് തുടരാൻ അധികാരികളെ പ്രേരിപ്പിച്ചത്.
സർക്കാർ ഫയലുകളുടെ രഹസ്യ സ്വഭാവവും സുരക്ഷയും ഉറപ്പാക്കിക്കൊണ്ടാവും ഇതൊക്കെ നടപ്പാക്കുക. ഇതിന്റെ ഭാഗമായി ഒരു പുതിയ പ്രവർത്തന രേഖയ്ക്ക് (സ്റ്റാൻഡേർഡ്ഓപ്പറേറ്ററിംഗ് പ്രൊസീഡ്യുയർ) പേഴ്സണൽ മന്ത്രാലയം അന്തിമ രൂപം നൽകിവരികയാണ്.
ജീവനക്കാർക്ക് അവശ്യം വേണ്ടിവരുന്ന ലാപ്ടോപ് / ഡെസ്ക് ടോപ്തുടങ്ങിയവ അതാത് മന്ത്രാലയങ്ങൾ പ്രദാനം ചെയ്യുന്നതായിരിക്കും. ഇന്റർനെറ്റിന് ചെലവാകുന്ന പണം സർക്കാർ മടക്കി നൽകും.
ഇതുവരെ ഇ ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ടില്ലാത്ത വകുപ്പുകൾ അതിനായി വേണ്ട ഒരുക്കങ്ങൾ തുടങ്ങേണ്ടതുണ്ടെന്നും നിർദ്ദേശത്തിൽ പറയുന്നു. ഇത് സമയബന്ധിതമായി പൂർത്തിയാക്കുകയും വേണം.
ഇപ്പോൾ തന്നെ ഏതാണ്ട് 75 കേന്ദ്ര സർക്കാർ വകുപ്പുകൾ ഇ - ഓഫീസ് വിജയകരമായി പ്രവർത്തിപ്പിക്കുന്നുണ്ട്. ഓഫീസ് പ്രവർത്തനം മുഴുവൻ കമ്പ്യൂട്ടറിലൂടെ നടത്തുന്ന ഓഫീസുകളെയാണ്ഇ- ഓഫീസുകളായി ഗണിക്കുന്നത്.
ജീവനക്കാർക്ക് നൽകുന്ന ലാപ്ടോപ്പിൽ മാത്രമേ സർക്കാർ ജോലികൾ ചെയ്യാവൂ എന്ന നിബന്ധന ഉണ്ടായിരിക്കും. ഫയലുകളുടെ സുരക്ഷിതത്വം കരുതിയായിരിക്കുമിത്. ഈ ലാപ്ടോപ്പുകൾ വിവരം ചോരാതിരിക്കാനുള്ള സംവിധാനങ്ങൾ ഉള്ളതായിരിക്കും. ഹാക്കർമാർക്ക് പ്രവേശിക്കാനുള്ള പഴുതുകൾ അടച്ചുള്ള സംവിധാനങ്ങൾക്ക് എൻ.ഐ.സി രൂപം നൽകിവരികയാണ്. ഗൃഹങ്ങളിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാർ ഫോണിലും അതേസമയം ലഭ്യമായിരിക്കണം. അതായത് ഫോൺ ഓഫാക്കി വച്ച് ജോലിചെയ്യാൻ പാടില്ലെന്നർത്ഥം.
പ്രധാനപ്പെട്ട മീറ്റിംഗുകൾ നടത്താൻ വേണ്ടി വീഡിയോ കോൺഫറൻസ് സംവിധാനം ഉപയോഗിക്കാം. അനാവശ്യ യാത്രകളും ട്രാഫിക്കിലെ സമയനഷ്ടവും ഇതിലൂടെ ഒഴിവാക്കാം. പേഴ്സണൽ മന്ത്രാലയം തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങളുടെ കരട് രൂപം എല്ലാ വകുപ്പ് മേധാവികൾക്കും അയച്ചിരിക്കുകയാണ്. മേയ് 31 നകം പ്രതികരിക്കാത്തവർ നിർദ്ദേശങ്ങൾ പാലിക്കാൻ സമ്മതിച്ചതായി സർക്കാർ കണക്കാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |