കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പി.എം കെയേഴ്സ് ഫണ്ട് മാർച്ച് 28ന് രൂപീകരിച്ചത്. CARES എന്നാൽ സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റ്യുവേഷൻസ് എന്നർത്ഥം. ആയിരക്കണക്കിന് കോടി രൂപയാണ് ഈ ഫണ്ടിൽ ഇപ്പോൾ കോർപ്പറേറ്റുകളും വ്യക്തികളും മറ്റും സംഭാവനയായി നൽകിയിരിക്കുന്നത്. സംഭാവനയ്ക്ക് പരിധിയില്ലാതെ നികുതി ഇളവ് ലഭിക്കും. വിദേശ രാജ്യങ്ങൾക്കും ആ രാജ്യങ്ങളിലെ വ്യക്തികൾക്കും സംഭാവന നൽകാം. വിദേശ സംഭാവന (നിയന്ത്രിക്കൽ) നിയമ പ്രകാരം ഇതിന് ഇളവ് ലഭിക്കും. പി.എം കെയേഴ്സ് ഫണ്ടിന്റെ അദ്ധ്യക്ഷൻ പ്രധാനമന്ത്രി തന്നെയാണ്. ട്രസ്റ്റികളുടെ ബോർഡിൽ മൂന്നുപേരെ നോമിനേറ്റ് ചെയ്തിട്ടുണ്ട്. വിവിധ രംഗങ്ങളിലെ പ്രമുഖരാണിവർ.
പി.എം നാഷണൽ റിലീഫ് ഫണ്ട്
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി 1948ലാണ് രൂപീകരിച്ചത്. അഭയാർത്ഥികളുടെ പുനരധിവാസത്തിന് വേണ്ടിയാണ് തുടക്കത്തിൽ ഇതിൽ സംഭാവന സ്വീകരിച്ചിരുന്നത്. പ്രകൃതി ദുരന്തങ്ങളിൽ ജീവഹാനി സംഭവിക്കുന്ന കുടുംബങ്ങൾക്ക് ഈ നിധിയിൽ നിന്നാണ് സഹായധനം ഇപ്പോൾ അനുവദിക്കുന്നത്. വലിയ അപകടങ്ങളിൽ കൂട്ട മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്കും ലഹളയിൽ എല്ലാം നഷ്ടപ്പെടുന്നവർക്കും ഇതേ നിധിയിൽ നിന്ന് സഹായം ലഭിക്കും.
പി.എം.എൻ.ആർ.എഫ് എന്നാണ് ഇതിന്റെ ചുരുക്ക പേര്. 1985 മുതൽ ഈ ഫണ്ടിന്റെ പൂർണ അധികാരി പ്രധാനമന്ത്രി മാത്രമാണ്. പ്രധാനമന്ത്രിക്ക് ഉചിത തീരുമാനമെടുത്ത് സഹായം നൽകാം. ഫണ്ടിന്റെ ഭരണപരമായ ചുമതല പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ജോയിന്റ് സെക്രട്ടറിക്കായിരിക്കാണ്. 2019 ഡിസംബറിലെ കണക്ക് പ്രകാരം 3,800 കോടി രൂപ ഫണ്ടിലുണ്ട്. ഇതേ മാതൃകയിൽ സംസ്ഥാനങ്ങൾക്കും മുഖ്യമന്ത്രിമാരുടെ പ്രത്യേക ദുരിതാശ്വാസ നിധിയുണ്ട്.
പി.എം കെയേഴ്സിൽ എത്ര പണം വന്നു ?
ഈ ഫണ്ട് രൂപീകരിച്ചിട്ട് 50 ദിവസങ്ങൾ കഴിഞ്ഞിട്ടേ ഉള്ളൂ. മാർച്ച് 28ന് ഒരു ട്വീറ്റിലൂടെയാണ് ഈ ഫണ്ട് രൂപീകരിച്ച വിവരം പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചത്. ആദ്യത്തെ അര മണിക്കൂറിൽ തന്നെ കോടികളുടെ സഹായ വാഗ്ദാനം വന്നു. ഹിന്ദി നടൻ അക്ഷയ്കുമാർ 25 കോടി നൽകി. ആദ്യത്തെ ഒരാഴ്ചയ്ക്കുള്ളിൽ 6500 കോടി രൂപ ലഭിച്ചതായാണ് സൂചന. ഇതുവരെ മൊത്തം എത്ര രൂപ വന്നു എന്ന വിവരം സർക്കാർ പുറത്തുവിട്ടില്ല. പ്രതിരോധ മന്ത്രാലയം 500 കോടി നൽകി. ടാറ്റായും റിലയൻസും 500 കോടി വീതം നൽകി. റെയിൽവേ 151 കോടി നൽകി. പി.എം കെയേഴ്സ് വെബ് പേജിൽ പോയാൽ ആരൊക്കെ എത്ര രൂപ സംഭാവന നൽകി എന്ന വിവരം അറിയാൻ കഴിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |