ഭാരതമെന്ന പേരുകേട്ടാൽ അഭിമാനപൂരിതമാകണമെന്നന്തരംഗം കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ. ഇത് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറേയായെങ്കിലും ശരിക്കും ചോര തിളച്ചത് ലോക്ക് ഡൗണിൽ വീടുകളിൽ തളച്ചപ്പോഴാണ്. മന്നവനാട്ടെ മാനവനാട്ടെ വന്നിടുമൊടുവിൽ എന്ന പാട്ട് ശ ് മശാനത്തെയാണ് ഓർമ്മിപ്പിച്ചതെങ്കിൽ അതിനപ്പുറമൊരു മൂകത ലോക്ക് ഡൗൺ സമ്മാനിച്ചു. ഭാരതിയനും കേരളിയനുമൊക്കെ ജീവിതം എന്തെന്ന് തിരിച്ചറിഞ്ഞു. ലോകം മുഴുവൻ വീട്ട് തടങ്കലിലായപ്പോൾ സ്വന്തം വീട് പിടിക്കാനുള്ള പരക്കം പാച്ചിൽ ഒരു വശത്ത്. ലോക്ക് ഡൗൺ ചാടിക്കടക്കാൻ മോഹിക്കുന്നവർ മറുവശത്ത്. വീട് ഒരു സ്വർഗമായും നരകമായും മാറിയ ദിനങ്ങൾ. വീടിൻെറ സുഖവും സുഖമില്ലായ്മയും ഒരുപോലെ മിന്നിയും തെന്നിയും നിൽക്കുന്ന നാളുകൾ. പൂമുഖ വാതിക്കൽ സ്നേഹം വിടർത്തുന്ന പൂംതിങ്കളാകുന്ന ഭാര്യയും മക്കളും പേരക്കിടാങ്ങളും ചുറ്റും കളിക്കുന്ന മുത്തശിയുമാെക്കെ വീടിന് ആനന്ദമായ ദിനങ്ങൾ. ചിലർക്ക് റിവേഴ്സ് ഗിയറിൽ തിരിച്ചും.
ലോക്ക്ഡൗൺ ദൂതുമായി മൊബൈൽ കൊണ്ടു പറന്ന സന്ദേശങ്ങൾ ചില്ലറയൊന്നുമല്ല. അതൊക്കെ വായിച്ച് വായിച്ച് ഹാവൂ എന്താ രസം...!. എന്തൊരു ബുദ്ധിയും ശക്തിയുമാണ് നമ്മുടെ മലയാളികളുടെ നാവിൻതുമ്പിൽ നിന്ന് ചാടി പുറത്ത് വീണത്. നാട്ടിൽ എന്തൊക്കെ കൊച്ചു വർത്തമാനങ്ങളാ കേട്ടത്. അതിൽ കണ്ണ് നീട്ടിയാലോ..
*****
ഒരു പ്രവാസി പറയുകയാണ്. മുറിബീഡി വലിച്ച് ഓസിനു പരിപ്പുവടയും തിന്ന് കട്ടൻചായയും കുടിച്ചു നടന്ന പാർട്ടി നേതാക്കൾ ഇപ്പോൾ കോടീശ്വരൻമാരുടെ കൂടെ ശതകോടികൾ മുടക്കി ബിസിനസ് രാജാക്കൻമാരായി വിലസുന്നുവെന്ന്.... പ്രവാസി പണ്ട് കോൺഗ്രസുകാരനായിരുന്നോ എന്നൊരു സംശയം. അതിൻെറയൊരു രോഷം ആ പറച്ചിലിൻെറ മേളത്തിലുണ്ട്.
*****
നീ കരുതുന്നതുപോലെ മാടമ്പളളിയിലെ ആ രോഗി ചെന്നിത്തലയല്ല, അത് ഇരട്ട ചങ്കൻ ആണ്. ഇതിന് ഞങ്ങൾ ഡ്യൂവൽ പേഴ്സണാലിറ്റി അഥവാ ഇരട്ട വ്യക്തിത്വം എന്ന് പറയും. ആദ്യം സംസാരിച്ചത് വലത്തെ ചങ്ക് ആണ്. രണ്ടാമത് സംസാരിച്ചത് ഇടത്തേ ചങ്കും. അതാണ് നിങ്ങൾക്ക് ഇങ്ങനെ തോന്നാൻ കാരണം. നിലപാട് എന്നും സഖാവിനൊപ്പം ലാൽ സലാം..വൈകുന്നേരത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കാണുന്ന ഒരു മലയാളിയുടെ വാട്സാപ്പ് കുറിപ്പ്.
*****
എല്ലാ മലയാളികളോടും ഒരു എളിയ അഭ്യർത്ഥന. എങ്ങനെയെങ്കിലും നന്നായി സഹകരിച്ച് നമുക്ക് എല്ലാം ഗ്രീൻ സോണാക്കാം. നിർബന്ധമായും മാസ്ക്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക. കേരളം നമ്പർ വൺ ആണെന്ന് തെളിയിക്കാനായി ജാതിമത രാഷട്രീയ ഭേദമന്യേ ഒരുമിച്ച് നിൽക്കണം. എന്നാൽ മാത്രമേ ബിവറേജ് തുറക്കൂ. മദ്യത്തിൻെറ രുചിയൊക്കെ മറന്നു തുടങ്ങിയിരിക്കുന്നു. സഹകരിക്കണം. പ്ളീസ്... ഒരു മദ്യപൻെറവിലാപം..
*****
എന്തൊക്കെയായിരുന്നു തിരിയുന്ന കസേര, മലർന്നു കിടക്കുന്ന കസേര, എ.സി,. പാട്ട്, ഫേസ് ക്രീം, മസാജിംഗ് ക്രീം.... ഇതൊന്നുമില്ലാത്ത പാവപ്പെട്ടവൻെറ ബാർബർ ഷോപ്പിലേക്ക് മലയാളി തിരിഞ്ഞു നോക്കില്ലായിരുന്നു. ഇപ്പോ ഒണക്ക മടലായാലും മതിയത്രേ. മനുഷ്യനെ നിലയ്ക്ക് നിറുത്താൻ ഇത്തിരി കുഞ്ഞനായ കൊവിഡ് തന്നെ വേണ്ടി വന്നു. അമർഷം തിളയ്ക്കുന്ന ഒരു വയോധികൻെറ ഹൃദയത്തുടിപ്പ്.
*****
രാവിലെ എഴുന്നേറ്റ് ടോയ്ലറ്റിൽ ഇരുന്ന് മുകളിലോട്ട് നോക്കിയപ്പോൾ നോർത്ത് ഇന്ത്യാക്കാരൻെറ ഫിലിപ്സ് ബൾബ്. താഴോട്ട് നോക്കിയപ്പോൾ നോർത്ത് ഇന്ത്യാക്കാരൻെറ ക്ളോസറ്റ്, ബ്രഷ് ചെയ്യാൻ നോക്കുമ്പോൾ നോർത്ത് ഇന്ത്യാക്കാരൻെറ പേസ്റ്റും ബ്രഷും. കുളിക്കാൻ നോർത്തുകാരുടെ സോപ്പ്, തോർത്ത് തമിഴ്നാട്ടിൽ നിന്ന്. കുളി കഴിഞ്ഞ് വിളക്ക് കത്തിക്കാൻ നോക്കിയപ്പോൾ വിളക്കുതിരി, ചന്ദനത്തിരി, കർപ്പൂരം എല്ലാം തമിഴൻെറ. കാപ്പികുടിക്കാനിരുന്നപ്പോൾ ആന്ധ്രാക്കാരൻെറ പച്ചരി ദോശ, തമിഴൻെറ പച്ചക്കറിയിൽ സാമ്പാർ. ചായ പൊടി ആന്ധയിൽ നിന്ന്. പിന്നെ ഗുജറാത്തിലോ, ഹരിയാനയിലോ ഉണ്ടാക്കിയ ബൈക്കിലൊരു യാത്ര. എങ്ങനെയുണ്ട് നമ്മൾ മലയാളികൾ. ഹായ് സൂപ്പറല്ലേ. ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾ തൻ പിൻമുറക്കാർ എന്ന് പാടിയ കവിയുടെ പുത്തൻ ചിന്തകൻ.
*****
ലോക്ക് ഡൗണിൽ ശരിക്കും വലയുന്നത് ആരെന്നറിയാമോ. ചോദ്യം നാടിനെ സ്നേഹിക്കുന്ന നാട്ടുകാരൻേറത്. ഉത്തരവും ഇഷ്ടൻ തന്നെ വിളമ്പുകയാണ്. തെരുവ് പട്ടികൾ! വേസ്റ്റ് ആരും റോഡുകളിലേക്ക് വലിച്ചെറിയാതായപ്പോൾ പട്ടികൾക്ക് പട്ടിണിയുടെ ലോക്ക് ഡൗൺ. നാട്ടുസ്നേഹിയുടെ മുഖത്ത് ചിരിയുടെ അൺലോക്ക്. ചിന്തകൾ പോകുന്ന വഴിയേ.
*****
രാഘവേട്ടാ ആ പൊടിചക്കയടുത്തോട്ടെ. ങാ അടത്തോടാ. തങ്കപ്പനും മക്കളും കേട്ടപാതി കേൾക്കാത്ത പാതി കരിമ്പിൻ തോട്ടത്തിൽ ആന കയറിയതുപോലെ പ്ളാവിൽ കയറിയങ്ങ് മേഞ്ഞു. ഒരു പൊടിചക്ക ബാക്കി വയ്ക്കാതെ സകലതും അടുത്തുചാക്കിലാക്കി കൊണ്ടുപോയി.. പ്ളാവിൻെറ കൊമ്പുകൾ വരെ അടിച്ചൊടിച്ചായിരുന്നു പരാക്രമം. പ്ളാവിൻെറ അവസ്ഥ കണ്ട് രാഘവേട്ടൻെറ കണ്ണ് തള്ളി. ലോക്ക് ഡൗൺ കാലത്തെ സഹായത്തിന് കിട്ടിയ സമ്മാനമോ? സംഭവത്തിൻെറ ക്ളൈമാക്സ് ഇനിയാണ്. ഒരാഴ്ച കഴിഞ്ഞപ്പോൾ പ്ളാവ് രസം വച്ചതുപോലെ കരിഞ്ഞുണങ്ങിപ്പോയി. എന്തത്ഭുതം. കൊവിഡ് ബാധിച്ചതോ രാഘവേട്ടൻ വേദനയോടെ നിന്നപ്പോൾ അയൽവാസി പറഞ്ഞു കൊവിഡല്ല രാഘവാ, അതിനേക്കാൾ വലിയ വൈറസാണ് തങ്കപ്പണ്ണൻെറ കണ്ണ്. ഒന്ന് നോക്കിയാൽ മതി കരിഞ്ഞുപോകും.അത് രാഘവൻെറ ചങ്കിനേറ്റ ഇടിയായി. രാഘവൻ പ്ളാവിനെ നോക്കി വിങ്ങിപ്പൊട്ടി.... ആ പ്ളാവ് ക്വാറൻൈനില്ലാത്ത രക്തസാക്ഷിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |