തിരുവനന്തപുരം: ഇരുപതിനായിരം കോടിയുടെ കേന്ദ്ര പാക്കേജ് രാജ്യത്തെ മത്സ്യബന്ധന മേഖലയിൽ സൃഷ്ടിക്കുന്ന ഉണർവ് കേരളത്തിലെ തീരദേശ മേഖലയിലും പ്രതിഫലിക്കും..
രാജ്യത്ത് മത്സ്യബന്ധനം കാര്യമായി നടക്കുന്ന പത്ത് സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടുന്നു. 2000 കോടി രൂപയെങ്കിലും കേരളത്തിന് വിഹിതമായി കിട്ടുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് പതിനൊന്ന് ലക്ഷത്തോളം പേരാണ് മത്സ്യബന്ധന മേഖലയിലുള്ളത്. എന്നാൽ, അനുബന്ധ തൊഴിലാളികളുൾപ്പെടെ മൂന്നര ലക്ഷത്തോളം പേർ മാത്രമാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങൾ.
ഉൾനാടൻ മത്സ്യബന്ധനത്തിന് പതിനൊന്നായിരം കോടിയാണ് കേന്ദ്ര പാക്കേജിൽ വകയിരുത്തിയിട്ടുള്ളത്. കേരളം ഈ മേഖലയിൽ പിറകിലാണെങ്കിലും, കായലുകളിലും തണ്ണീർത്തടങ്ങളിലും മറ്റും ചെമ്മീൻ കൃഷിക്ക് ഉൾപ്പെടെ ഈ ഫണ്ട് പ്രയോജനപ്പെടുത്താനാവും.
മത്സ്യ മേഖലയിലെ പശ്ചാത്തല വികസന പദ്ധതികൾക്കായി ഈപണം ചെലവഴിക്കുമ്പോൾ ഹാർബർ നവീകരണം, ഫിഷ് ലാൻഡിംഗ് സെന്ററുകൾ, മത്സ്യത്തൊഴിലാളികൾക്കുള്ള പാർപ്പിടം,ടോയ് ലറ്റുകൾ എന്നിവയ്ക്കുള്ള സഹായവും ലഭിക്കും.കിസാൻ ക്രെഡിറ്റ് കാർഡ് സൗകര്യം മത്സ്യത്തൊഴിലാളികൾക്ക് കൂടി നൽകുമ്പോൾ ചുരുങ്ങിയ പലിശയ്ക്ക് വായ്പ കിട്ടും. വള്ളം, മെഷിനുകൾ, വല എന്നിവ വാങ്ങാനും ധനസഹായം കിട്ടും. ഭക്ഷ്യസംസ്കരണത്തിന് 10,000 കോടി അനുവദിച്ചതിനാൽ മത്സ്യ സംസ്കരണം, മൂല്യവർദ്ധിത ഉല്പന്നങ്ങൾ , മത്സ്യവളം നിർമ്മാണം എന്നിവയിലും പ്രയോജനപ്പെടുത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |