കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ് കോഴ്‌സിന് ഫീസ് നിർണയ സമിതി നിശ്ചയിച്ച ഫീസ് ഘടന ഹൈക്കോടതി റദ്ദാക്കി. കോളേജ് മാനേജ്‌മെന്റുകളുടെ ഭാഗം കേട്ടശേഷം ഫീസ് നിരക്ക് പുനർനിർണയിക്കാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
2017–18, 18 –19,19–20 അദ്ധ്യയന വർഷങ്ങളിലേക്ക് നിശ്ചയിച്ച ഫീസ് കുറവാണെന്ന് ചൂണ്ടിക്കാട്ടി സ്വാശ്രയ കോളേജുകൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. വസ്തുതകൾ വിലയിരുത്തി ഫീസ് നിർണയിക്കുന്നതിൽ സമിതി പരാജയപ്പെട്ടെന്നും, നിയമ വ്യവസ്ഥകൾ പാലിച്ചില്ലെന്നും കഴിഞ്ഞ ജനുവരിയിൽ കേസ് പരിഗണിച്ചപ്പോൾ കോടതി കണ്ടെത്തിയിരുന്നു. സമിതി നിശ്ചയിച്ച ഫീസ് ഘടന മാനേജ്‌മെന്റുകൾ സമർപ്പിച്ച ആദ്യ ഹർജിയിൽ റദ്ദാക്കിയ ഹൈക്കോടതി, വീണ്ടും പരിഗണിക്കാൻ നിർദേശിച്ചിരുന്നു. സമിതി പഴയ ഫീസ് തന്നെ വീണ്ടും നിശ്ചയിച്ചെന്ന് ചൂണ്ടിക്കാട്ടി മാനേജ്‌മെന്റുകൾ അപ്പീൽ നൽകുകയായിരുന്നു.
കോളേജ് സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും വില, അടിസ്ഥാന സൗകര്യങ്ങൾ, ഉപകരണങ്ങളുടെ പട്ടികയും വിലയും, അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും ശമ്പളവും അലവൻസും, നടത്തിപ്പ് ചെലവ്, ഭാവി വികസനത്തിനുള്ള അധിക തുക തുടങ്ങിയ വിശദാംശങ്ങൾ സമർപ്പിക്കാൻ മാനേജ്‌മെന്റുകളോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, ഹൈക്കോടതി തീർപ്പാക്കാൻ നിർദ്ദേശിച്ച് സുപ്രീംകോടതി തിരിച്ചയച്ചു. തുടർന്നാണ്, ഹൈക്കോടതി വീണ്ടും ഹർജി പരിഗണിച്ചത്.
സർക്കാർ വാദം അംഗീകരിച്ചില്ല
മെഡിക്കൽ, സാമ്പത്തിക, സാങ്കേതിക മേഖലകളിൽ പരിചയസമ്പന്നരായ വിദഗ്ദ്ധരാണ് ഫീസ് നിർണയ സമിതിയംഗങ്ങളെന്നും ഫീസ് ഘടനയിൽ ഇടപെടാൻ കോടതിക്ക് കഴിയില്ലെന്നും സർക്കാർ വാദിച്ചു. സമിതി ചെലവ് സംബന്ധമായ എല്ലാ വശങ്ങളും പരിഗണിച്ചാണ് ഫീസ് നിർണയിച്ചിട്ടുള്ളതെന്നും വാദിച്ചെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |