കേന്ദ്ര സർക്കാരിന്റെ കൊവിഡ് ഉത്തേജന പാക്കേജ് പൂർണമായും ചുരുൾ നിർവന്നതോടെ അതേച്ചൊല്ലിയുള്ള തർക്കവിതർക്കങ്ങളിലാണ് മുഖ്യ രാഷ്ട്രീയ വൃത്തങ്ങൾ. പ്രതിപക്ഷം ഒന്നടങ്കവും അവരോടു ചായ്‌വുള്ള വിദഗ്ദ്ധന്മാരുമൊക്കെ പ്രധാനമായും ചൂണ്ടിക്കാട്ടിയ ഒരു പോരായ്മ പാക്കേജിൽ ജനങ്ങൾക്കു നേരിട്ട് ആശ്വാസം പകരുന്ന ധനസഹായമൊന്നുമില്ലെന്നതാണ്. നിലവിലെ സാഹചര്യത്തിൽ അത്തരത്തിലൊരു സഹായം എല്ലാവരും പ്രതീക്ഷിച്ചതാണ്. എന്നാൽ നേരിട്ട് പണം നൽകുന്നതിനു പകരം സാമ്പത്തിക മേഖലയെ നാനാവിധത്തിലും ഉത്തേജിപ്പിച്ച് രാജ്യത്ത് തൊഴിൽ അവസരങ്ങൾ പരമാവധി വർദ്ധിപ്പിക്കുന്ന പരിപാടികൾക്കാണ് കേന്ദ്രം മുൻതൂക്കം നൽകിയതെന്ന് പാക്കേജ് സൂക്ഷ്മമായി പരിശോധിച്ചാൽ മനസിലാകും.
മഹാമാരിയുടെ കനത്ത ആഘാതത്തിൽ സമ്പദ് രംഗം ഒന്നാകെ തകർന്നു തരിപ്പണമായിട്ടുണ്ട്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും വരുമാന മാർഗങ്ങളിൽ ഒട്ടുമുക്കാലും പൊടുന്നനെ അടഞ്ഞ നിലയിലാണ്. സംഘടിത മേഖലകളിൽ പോലും തൊഴിലില്ലായ്മ വൻ യാഥാർത്ഥ്യമായിക്കഴിഞ്ഞു. അസംഘടിത മേഖലയിലെ തൊഴിലാളികൾ തൊഴിലിനായല്ല, സ്വന്തം ജീവൻ നിലനിറുത്താനായുള്ള പരക്കം പാച്ചിലിലാണിപ്പോൾ. മഹാമാരിക്കെതിരെ യുദ്ധ സമാന പോരാട്ടത്തിൽ ഏർപ്പെടുമ്പോൾത്തന്നെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കേണ്ട വൻബാദ്ധ്യതയാണ് ഭരണകൂടങ്ങൾക്കു മേൽ വന്നുചേർന്നിരിക്കുന്നത്.
സമ്പദ് വ്യവസ്ഥയുടെ പ്രധാനപ്പെട്ട എല്ലാ മേഖലകളെയും സ്പർശിച്ചുകൊണ്ടുള്ള പരിഷ്കാര നടപടികളാണ് അഞ്ചുദിവസമായി ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യത്തിനു മുമ്പാകെ അനാവരണം ചെയ്തത്. സ്വാഭാവികമായും സാമ്പത്തിക പാക്കേജിനെക്കുറിച്ച് അതൃപ്തിയും വിമർശനവുമൊക്കെ ഉണ്ടാകാം.
പ്രതിസന്ധി നേരിടാൻ സംസ്ഥാനങ്ങളെ നേരിട്ടു സഹായിക്കേണ്ടതിനു പകരം വ്യവസായ കാർഷിക മേഖലകൾക്ക് വൻതോതിൽ വായ്പ നൽകാൻ ബാങ്കുകളെ ചുമതലപ്പെടുത്തി കൈകഴുകുകയാണ് കേന്ദ്രം ചെയ്തതെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. ധനമന്ത്രി പ്രഖ്യാപിച്ച ഉദാര വായ്പകളുടെ ആനുകൂല്യം സർവ മേഖലകൾക്കും അവകാശപ്പെട്ടതാണ്. ഓരോ സംസ്ഥാനവും അത് എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചാകും അവയുടെ സാമ്പത്തിക വളർച്ചയും ഉന്നമനവും. സാധാരണക്കാരന്റെ കീശ ശൂന്യമായിരിക്കെ വ്യാവസായിക ഉത്‌പന്നങ്ങളുടെ വർദ്ധിച്ച ഉത‌്‌പാദനം കൊണ്ട് എന്തു നേട്ടമെന്ന് ചോദിക്കുന്നവരുണ്ട്. കാർഷിക സമൃദ്ധി കൈവരിച്ചാലും ഉത്‌പന്നങ്ങൾ വാങ്ങാൻ പണമെവിടെ എന്നു ആശങ്കപ്പെടുന്നവർക്കും കുറവില്ല. നേരിട്ടുള്ള പണം വിതരണമെന്ന ആവശ്യം ഉന്നയിക്കുന്നതിനു പിന്നിലെ യുക്തിയും ഇതാണ്. വാദം ശരിയാണെങ്കിലും മഹാമാരി സൃഷ്ടിക്കുന്ന അതിഭീകരമായ സാമ്പത്തികത്തകർച്ചയ്ക്കുള്ള പരിഹാര നടപടി തലയെണ്ണി ഏതാനും ആയിരം നൽകുന്നതു മാത്രമല്ല. മഹാമാരി എന്തായാലും വരുതിയിൽ വരുമെന്ന കാര്യത്തിൽ തർക്കമില്ല. കൊവിഡാനന്തര കാലത്തും തൊഴിലും കൃഷിയും മറ്റു സേവന മേഖലകളുമൊക്കെ പുഷ്ടിപ്പെട്ടാലേ സാധാരണക്കാരന്റെയും നില മെച്ചപ്പെടുകയുള്ളൂ. വ്യാവസായിക - കാർഷിക മേഖലയ്ക്ക് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ഉത്തേജന പാക്കേജിന്റെ മുഖ്യ ലക്ഷ്യവും അതാണെന്നു വേണം കരുതാൻ.പൊതുമേഖലയോടുള്ള അതിരുകടന്ന വിധേയത്വവും ഇന്നത്തെ കാലത്തു പഴഞ്ചരക്കാണ്.
ധനമന്ത്രി നിർമ്മല സീതാരാമൻ ഞായറാഴ്ച അഞ്ചാം ഘട്ടമായി പ്രഖ്യാപിച്ച പാക്കേജിലാണ് തൊഴിലുറപ്പു പദ്ധതിക്ക് പുതുതായി 40000 കോടി രൂപ കൂടി അനുവദിച്ച കാര്യം ഉൾപ്പെടുന്നത്. മറ്റൊരു സുപ്രധാന പ്രഖ്യാപനം സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി നിലവിലെ മൂന്നു ശതമാനത്തിൽ നിന്ന്
അഞ്ചു ശതമാനമായി ഉയർത്തിക്കൊണ്ടുള്ളതായിരുന്നു. ഏറെക്കാലമായി സംസ്ഥാനങ്ങൾ ഇതേ ആവശ്യം ഉന്നയിച്ചുവരികയായിരുന്നു. നിലവിൽ മൂന്നു ശതമാനമാണ് സംസ്ഥാനങ്ങളുടെ പൊതു വായ്പാപരിധി. പ്രത്യേക നിബന്ധനകളോടെയാണ് പരിധി അഞ്ചു ശതമാനമായി ഉയർത്താനുള്ള അനുമതി. കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ ഈ ഉപാധികൾക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ പാലിക്കാൻ വയ്യാത്ത കഠിന വ്യവസ്ഥകളൊന്നും കേന്ദ്രം മുന്നോട്ടു വച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. രാജ്യമെങ്ങും ഉപയോഗിക്കാവുന്ന സ്മാർട്ട് റേഷൻ കാർഡ്, തടസങ്ങളില്ലാതെ വ്യവസായങ്ങൾ തുടങ്ങാനുള്ള നടപടിക്രമം, വൈദ്യുതി വിതരണ രംഗത്തെ പരിഷ്കാരങ്ങൾ തുടങ്ങിയവയാണ് വായ്പാ പരിധി ഉയർത്താനുള്ള നിബന്ധനകളിൽ പെടുന്നത്. വലിയ പ്രയാസമില്ലാതെ നടപ്പാക്കാൻ കഴിയുന്ന വ്യവസ്ഥകളുടെ പേരിൽ വിമർശനമുയർത്തുന്നത് നിരർത്ഥകമാണെന്നു പറയേണ്ടിയിരിക്കുന്നു.
തൊഴിലുറപ്പു പദ്ധതിക്ക് അധികം ലഭിക്കുന്ന നാല്പതിനായിരം കോടി രൂപയിൽ അർഹമായ വിഹിതം പ്രയോജനപ്പെടുത്താനും സംസ്ഥാനം മുന്നോട്ടു വരണം. ലോക്ക് ഡൗൺ സൃഷ്ടിച്ച തൊഴിലില്ലായ്മയുടെ വെളിച്ചത്തിൽ ഇനി വളരെയധികം പേർ തൊഴിലുറപ്പു പദ്ധതി പ്രയോജനപ്പെടുത്താനായി എത്തുമെന്നു തീർച്ചയാണ്. ഇപ്പോൾ 36 ലക്ഷത്തിൽപ്പരം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും 21 ലക്ഷത്തോളം പേരേ സ്ഥിരമായി ജോലിക്ക് എത്താറുള്ളൂ. പദ്ധതിയുടെ മാനദണ്ഡങ്ങളിൽ ചിലത് സംസ്ഥാനത്തിനു യോജിച്ചവയല്ല. കാർഷിക - മത്സ്യമേഖലകളിലെ ഉപാധികൾ സംസ്ഥാനത്തിന് പ്രതികൂലമാണ്. അവ നീക്കാൻ സർക്കാർ സമ്മർദ്ദം ചെലുത്തേണ്ടതുണ്ട്. സ്വകാര്യ ഭൂമിയിൽ കൂടി ജോലി ചെയ്യാനുള്ള അനുമതി ലഭിച്ചാലേ പദ്ധതിയുടെ പൂർണ പ്രയോജനം മലയാളികൾക്കു ലഭിക്കുകയുള്ളൂ.
പാപ്പരത്ത നിയമത്തിൽ ധനമന്ത്രി പ്രഖ്യാപിച്ച സുപ്രധാന ഇളവുകൾ ചെറുകിട - സൂക്ഷ്മ വ്യവസായ യൂണിറ്റുകൾക്കുള്ള പ്രാണവായു കൂടിയായി കരുതാം. ഒരുലക്ഷം രൂപ കുടിശിക വരുത്തുന്ന യൂണിറ്റുകളെ വരെ പാപ്പരായി പ്രഖ്യാപിച്ച് നടപടിയെടുക്കുന്ന നിലവിലെ വ്യവസ്ഥയ്ക്കാണ് മാറ്റം.
കൊവിഡ് പ്രതിരോധ നടപടികൾക്കായി 15,000 കോടി രൂപ, ഇ - ലേണിംഗിനായി 12 പ്രത്യേക ടിവി ചാനലുകൾ, ഇ - ലൈബ്രറികൾ തുടങ്ങി ആരോഗ്യ - വിദ്യാഭ്യാസ മേഖലകളിലും പുതിയ പദ്ധതികൾ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ നയം മാറ്റങ്ങളും ആനുകൂല്യങ്ങളും ഓരോ മേഖലയും എങ്ങനെ പ്രയോജനപ്പെടുത്തുമെന്നതിനെ ആശ്രയിച്ചാകും ഉത്തേജന പാക്കേജിന്റെ വിജയം. കൊവിഡ് കാലത്തു എല്ലാം വിറ്റു തുലയ്ക്കുന്നുവെന്ന പ്രതിപക്ഷ ആക്ഷേപത്തിന്റെ മുനയൊടിക്കാൻ കേന്ദ്രം കിണഞ്ഞു ശ്രമിച്ചേ മതിയാകൂ. പദ്ധതികൾ പ്രയോഗതലത്തിലെത്തിക്കാൻ സർക്കാർ സദാ ഒപ്പമുണ്ടാവുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |