ഹോച്ചിമിന്റെ ഒരു പഴയ ചിത്രമുണ്ട്. ഉത്തര (സോഷ്യലിസ്റ്റ്) വിയറ്റ്നാമിന്റെ (അന്ന് വിയറ്റ്നാം ഒന്നായിരുന്നില്ല) പ്രസിഡന്റ് ആയിരിക്കേ അദ്ദേഹം നടത്തിയ ഇന്ത്യാ സന്ദർശന വേളയിൽ എടുത്ത ചിത്രമാണത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും , സി പി ഐ ജനറൽ സെക്രട്ടറി അജയ് ഘോഷുമാണ് ആ ചരിത്ര ചിത്രത്തിൽ ഇടം പിടിച്ച മറ്റു രണ്ട് പേർ . അജയ് ഘോഷിന്റെ ചുണ്ടിലെ സിഗരറ്റ് ഒരു ലൈറ്റർ കൊണ്ട് ഹോച്ചിമിൻ കത്തിക്കുന്നതാണ് ആ ചിത്രം. അടുത്തിരിക്കുന്ന നെഹ്റു സാകൂതം അത് നോക്കുന്നു. വ്യത്യസ്തമായ ഒരു കാലഘട്ടത്തിലെ വ്യത്യസ്തമായ രാഷ്ട്രീയ സംസ്കാരത്തിന്റെ ശക്തി സൗന്ദര്യങ്ങളിലേക്ക് നോക്കാൻ ആ ചിത്രം നമ്മോട് ആവശ്യപ്പെടുന്നു. ദേശീയ വിമോചന പോരാട്ടങ്ങൾ ലോകത്തിന്റെ ഗതി നിർണയിച്ച 1950 കളിലെ ചിത്രമാണത്.
ജാപ്പനീസ് ഫ്രഞ്ച് അമേരിക്കൻ സാമ്രാജ്യത്വങ്ങളെ ഒന്നിന്റെ പുറകേ ഒന്നായി ചെറുത്തു തോല്പിച്ച പാരമ്പര്യമാണ് വിയറ്റ്നാമിന്റേത്. തെക്ക് വടക്ക് വിയറ്റ്നാമുകൾ ഒരേ മേൽക്കൂരയ്ക്ക് താഴെ ഒന്നിച്ച് ഏകീകൃത മാതൃഭൂമി യാഥാർത്ഥ്യമാക്കാനായിരുന്നു വിയറ്റ്നാമിലെ കൊച്ചു മനുഷ്യർ ലോകത്തിലെ ഏറ്റവും വലിയ ആയുധശക്തിയോട് ഏറ്റുമുട്ടിയത്. ആ സംഗ്രാമ ഭൂമിയിൽ നിന്നാണ് ഹോച്ചിമിൻ ഉയർന്നു വന്നത്. തീർത്തും എളിയ നിലയിൽ. സ്വന്തം ജനതയുടെ അടിമ സമാനമായ ജീവിതഗതി മാറ്റിക്കുറിച്ച ഒരു യുവ മനസിന്റെ അന്വേഷണമായിരുന്നു ഹോച്ചിമിനെ സൃഷ്ടിച്ചത്. കെആൻ പ്രവിശ്യയിലെ കിം ലയൻ ഗ്രാമത്തിലെ പ്രൈമറി അദ്ധ്യാപകന്റെ മകനായി ജനിച്ച ഹോച്ചിമിന്റെ സ്കൂളിലെ പേര് ന്ഗ്യൂയൻ ടാറ്റ് താൻ എന്നായിരുന്നു. ദേശീയ വിമോചനത്തിന്റെ അർത്ഥവും രാഷ്ട്രീയവും ബന്ധുക്കളും ആരാകണം, എന്താകണം എന്നതായിരുന്നു ആ മനസിന്റെ എപ്പോഴത്തെയും അന്വേഷണ വിഷയം. അതാണ് അദ്ദേഹത്തെ മാർക്സിസത്തിലേക്ക് നയിച്ചത്. പല പല പടികൾ ചവിട്ടിക്കടന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്തോചൈന (പീന്നീട് വർക്കിംഗ് പീപ്പിൾസ് പാർട്ടി ഒഫ് വിയറ്റ്നാം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു ) വരെ നീണ്ടു പോയ വിയറ്റ്നാമിന്റെ രാഷ്ട്രീയ ചരിത്രവും ഹോച്ചിമിന്റെ ജീവചരിത്രവും ഒന്നു തന്നെയാണ്. അതിനിടയിൽ വിയറ്റ്നാമിൽ സ്കൂൾ അദ്ധ്യാപകനായും ഫ്രഞ്ചുകപ്പലുകളിൽ തൊഴിലാളിയായും അദ്ദേഹം പ്രവർത്തിച്ചു. ഫ്രാൻസിനു പുറമേ സ്പെയിൻ, പോർച്ചുഗൽ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളിലെ അനുഭവങ്ങളെ വിയറ്റ്നാമിന്റെ അനുഭവങ്ങളുമായി ബന്ധപ്പെടുത്തി ആ ദേശീയ വിമോചന പോരാളി എഴുതിയ 'ഫ്രഞ്ച് കോളനൈസേഷന്റെ പരാജയം" എന്ന പുസ്തകം വിമോചന പ്രസ്ഥാനങ്ങളിൽ ചർച്ചാ വിഷയമായി. പിന്നീട് ലണ്ടനിൽ യന്ത്ര ചൂളയിലെ തൊഴിലാളിയായും റോഡു തൂപ്പുകാരനായും കാൾട്ടൺ ഹോട്ടലിലെ കുശനിക്കാരന്റെ സഹായിയായും എല്ലാം അദ്ദേഹം പ്രവർത്തിച്ചു. ഫ്രാൻസിൽ ഒരു ഫോട്ടോ സ്റ്റുഡിയോയിലെ സഹായിയായി പ്രവർത്തിക്കവേയാണ് ഹോച്ചിമിൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധം സ്ഥാപിച്ചത്. പാരീസിൽ നിന്ന് വിയറ്റ്നാമിലേക്ക് ഒളിച്ചു കടത്തിയ ഒരു രാഷ്ട്രീയ രേഖയും അക്കാലത്ത് അദ്ദേഹം എഴുതി. ' മർദ്ദിതരും ചൂഷിതരുമായ ജന കോടികളെ തട്ടിയുണർത്തി കൊണ്ട് മഹത്തായ ഒക്ടോബർ വിപ്ലവം പഞ്ച ഭൂഖണ്ഡങ്ങളെയും ജ്വലിപ്പിക്കുന്നു. ആ ജ്വാലയിലാണ് വിയറ്റ്നാമിന് അവളുടെ മോചന വഴിയിലെ ഇരുട്ട് നീക്കേണ്ടത് '. 1942ൽ സ്വീകരിച്ച ഒളിവിലെ പേരായിരുന്നു 'ഹോച്ചിമിൻ'. എന്നത്. ആ നാമം പിന്നീട് ലോകത്തെവിടെയുമുള്ള ജനതയ്ക്ക് ഇഷ്ടപ്പെട്ട പേരായി മാറുകയായിരുന്നു.
'മേരാ നാം തേരാ നാം വിയറ്റ്നാം വിയറ്റ്നാം" എന്ന ഒരു മുദ്രാവാക്യമുണ്ട്, ഇന്ത്യയുടെ ഹൃദയത്തിൽ. എന്റെ പേരും നിന്റെ പേരും വിയറ്റ്നാം എന്നാണെന്ന് ആ മുദ്രാവാക്യം വിളിച്ചു പറഞ്ഞു. ഹോച്ചിമിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഇന്ത്യയിലെമ്പാടും അത് കൊടുങ്കാറ്റുപോലെ ആഞ്ഞുവീശി. യുദ്ധവെറിക്കെതിരെയും സാമ്രാജ്യത്വ ഭീകരതയ്ക്കും എതിരായുള്ള മനുഷ്യ പ്രതിഷേധത്തിന്റെ പ്രതീകമായി ലോകത്തെമ്പാടും വിയറ്റ്നാം മാറിയപ്പോഴാണ് ഇന്ത്യ ആ മുദ്രാവാക്യം നെഞ്ചേറ്റിയത്. ആ വിയറ്റ്നാമിന്റെ നിശ്ചയദാർഢ്യത്തിന്റെ പര്യായ പദമായിരുന്നു ഹോച്ചിമിൻ. ദേശീയ വിമോചന പ്രസ്ഥാനങ്ങളും സോഷ്യലിസവും തമ്മിലുള്ള ബന്ധത്തിന്റെ കണ്ണിയായും അദ്ദേഹം നിലകൊണ്ടു. 1954ൽ ടിയൻ ബിയൻ ഫുവിലെ യുദ്ധ വിജയം വിയറ്റ്നാം ചരിത്രത്തിലെ നാഴികക്കല്ലാണ്. ഇന്തോചീനയിലെ ഫ്രഞ്ച് കോളനി വാഴ്ചയുടെ അന്ത്യം കുറിച്ചു ആ വിജയം. അതിന്റെ തുടർച്ചയായി രണ്ട് കടമകളാണ് ഹോച്ചിമിൻ മുന്നോട്ടുവച്ചത്: വടക്കൻ വിയറ്റ്നാമിൽ സോഷ്യലിസം കെട്ടിപ്പടുക്കുകയും അമേരിക്കൻ പാവ ഭരണത്തിൽ അമർന്ന തെക്കൻ വിയറ്റ്നാമിൽ മോചന സമരം ശക്തിപ്പെടുത്തുകയും.
ആ കടമകൾ കൂട്ടിയിണക്കി മുന്നേറുന്നതിൽ വിയറ്റ്നാമീസ് ജനതക്കു ഹോച്ചിമിൻ നൽകിയ അനുപമ നേതൃത്വം അദ്ദേഹത്തെ ലോക വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാക്കളിൽ ഒരാളാക്കി. ആ സമര ദിനങ്ങളുടെ ഓർമകളോടൊപ്പം ഹോച്ചിമിനും സാമ്രാജ്യത്യവിരുദ്ധ ശക്തികളുടെ ഓർമകളിൽ എന്നും ജീവിച്ചിരിക്കും. മുഖ്യ ശത്രുവിനെ നേരിടാൻ വിപുലമായ സമര സഖ്യം എന്നതാണ് ആ സ്മരണയുടെ ഇന്നത്തെയും കാതൽ.
സിദ്ധാന്തത്തിന്റെ പിൻബലമില്ലാത്ത പ്രവൃത്തി വേരില്ലാത്ത മരമാണെന്നും പ്രവൃത്തിയുമായി കൂട്ടിയിണക്കാത്ത സിദ്ധാന്തം ഫലം കായ്ക്കാത്ത മരമാണെന്നും അദ്ദേഹം പഠിപ്പിക്കുന്നു. ഹാനോയിയിലെ പ്രസിഡന്റിന്റെകൊട്ടാരത്തിൽ താമസിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. തൊട്ടടുത്ത വളപ്പിൽ തടികൊണ്ട് തീർത്ത രണ്ടു മുറി വീട്ടിൽ ജീവിച്ചു കൊണ്ട് ഹോച്ചിമിൻ ലളിതമായ ജീവിതം ഒരാളുടെ ആശയഗരിമയെ ചെറുതാക്കുകയില്ല എന്ന് ലോകത്തോട് പറയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |