കേരളം ദൈവത്തിന്റെ നാടെന്ന വിശേഷണത്തിന് അർഹമായതിൽ പ്രകൃതിയുടെ വരദാനമായ സഹ്യാദ്രിസാനുക്കളുടെ പങ്ക് വിലപ്പെട്ടതാണ്. ഇത്രയധികം വൈവിദ്ധ്യങ്ങൾ നിറഞ്ഞ ഒരു പർവതഭൂപ്രദേശംലോകത്തുതന്നെ അപൂർവം. യുനെസ്കോയുടെലോകപൈതൃകപ്പട്ടികയിൽ എന്നേ ഇടം പിടിക്കേണ്ട സൗന്ദര്യകേദാരമാണ് ഈ സാനുക്കൾ. സദാ കണ്ടുംകേട്ടും പറഞ്ഞു അറിഞ്ഞും അനുഭവിച്ചും കഴിയുന്നകേരളീയർക്കുപോലും ഇതിന്റെ മാഹാത്മ്യം ശരിക്കും അറിയില്ലെന്നതാണ് യാഥാർത്ഥ്യം.
നെടുങ്കുന്നം ഗോപാലകൃഷ്ണന്റെ സഹ്യാദ്രിസാനുക്കളിൽ എന്ന പുസ്തകം വായിച്ചു കഴിയുമ്പോൾ നമ്മൾ വിസ്മയിച്ചുപോകും. തൊട്ടടുത്ത് തിൽമുൽക്കാഴ്ചയുമായി നിന്നിട്ടും അറിയാതെപോയതിൽ ലജ്ജിച്ചെന്നുവരും. ഇത്രമാത്രം സൗന്ദര്യം അനുഭൂതികളുടെ കലവറയായിരുന്നോ ഈ പർവതസാനുക്കൾ എന്ന് ചിന്തിച്ചുപോകും.
എട്ട് അദ്ധ്യായങ്ങളിലായാണ് സഹ്യാദ്രിസാനുക്കളുടെ സൗന്ദര്യലഹരി എഴുത്തുകാരനും വാഗ്മിയും പ്രകൃതിസ്നേഹിയും വിദ്യാഭ്യാസ പ്രവർത്തകനുാമയ നെടുങ്കുന്നംഗോപാലകൃഷ്ണൻ പകർത്തിയിരിക്കുന്നത്. കാവ്യാത്മകമായ തലക്കെട്ടുകളാണ് ഓരോ അദ്ധ്യായത്തിനും. നീലക്കുറിഞ്ഞി നീ എത്രധന്യ, കണികാണുംനേരം, നെടുങ്കുന്നം മനോഹരമായ മലയോരഗ്രാമം, വരൂ കാറ്റിന്റെ നാടുകാണാം, അച്ചൻകോവിലിന്റെ ആരണ്യശോഭ, വശ്യമോഹനം പറമ്പിക്കുളം, ആരാധനാമൂർത്തിയായ ഒരുതേക്ക് മരം, സഹ്യാദ്രിസാനുക്കളിൽ എന്നിവയാണ് ഈ സാനുക്കളുടെ കിരീടമായി തിളങ്ങുന്ന തലക്കെട്ടുകൾ.
മൂന്നു കുറിഞ്ഞിപ്പൂക്കാലം കാണാൻ ഭാഗ്യമുണ്ടായതിൽ ഈ സഹ്യപുത്രൻ അഭിമാനിക്കുന്നു. നീലക്കുറിഞ്ഞികൾ പൂക്കുന്നകാലത്ത് ആകാശനീലിമ അണിയുന്നത് കൊണ്ടാണ് നീലഗിരി എന്ന് ആ മലകൾക്ക്പേരുണ്ടായത്. കാറ്രിന്റെ അക്ഷയപാത്രം തുറക്കുന്ന രാമക്കൽമേട്, തന്റെ ജന്മനാടായ നെടുങ്കുന്നം, തൂവൽ മലയുടെ മീനാരങ്ങൾ മാടിവിളിക്കുന്ന അച്ചൻകോവിൽ, കാനനഭംഗിയുടെ സരോവരമെന്ന് വിശേഷിപ്പിക്കാവുന്ന പറമ്പിക്കുളം, ആരാധനാമൂർത്തിയായ തൂണുകടവിന് സമീപത്തെ കന്നിമരത്തേക്കിന്റെ മാഹാത്മ്യം എന്നിവയും ഒരു പ്രകൃതിസ്നേഹിയെപോലെ കവിതാസ്നേഹിയെപ്പോലെ നെടുങ്കുന്നം കാട്ടിത്തരുന്നു. കുമാരനാശാന്റെയടക്കമുള്ള കവിതാശകലങ്ങൾ ചിത്രങ്ങൾ എന്നിവയും സഹ്യാദ്രിസാനുക്കളുടെശോഭവർദ്ധിപ്പിക്കുന്നു. ഈ സാനുക്കളിലൂടെ സഞ്ചരിച്ചാലേ കേരളത്തിൽ പഴമയും സംസ്കാര സമ്പന്നതയും നമുക്ക് മനസിലാക്കാൻ കഴിയൂ. സിതാരബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിന്റെ വില 90 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |